ദുഷ്ടതകൾക്കെതിരെ മഹിഷാസുരമർദിനി

സ്ത്രീശക്തിയെക്കുറിച്ച് ഒട്ടും മതിപ്പില്ലാത്ത മഹിഷാസുരൻ പണ്ടു ബ്രഹ്മാവിൽ നിന്നൊരു വരം നേടിയെടുത്തു. ദേവന്മാരോ മനുഷ്യന്മാരോ അസുരന്മാരോ ആയ ആണുങ്ങൾക്ക് ആർക്കും തന്നെ കൊല്ലാൻ കഴിയരുത് എന്ന വരമാണു മഹിഷാസുരൻ നേടിയെടുത്തത്. 

പെണ്ണുങ്ങൾക്ക് ആർക്കും തന്നെ കൊല്ലാൻ കഴിയില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് ഇങ്ങനെയൊരു വരം ചോദിച്ചതും നേടിയെടുത്തതും.

“അബലാ ഹന്ത മാം ഹന്തും കഥം ശക്താ ഭവിഷ്യതി.....” എന്നാണു മഹിഷാസുരൻ ബ്രഹ്മാവിനോടു പറഞ്ഞതെന്നു ദേവീഭാഗവതം. 

'സ്വതവേ അബലകളായ സ്ത്രീകൾക്കുണ്ടോ മഹാശക്തനായ തന്നെ കൊല്ലാൻ കഴിയുന്നു' എന്നർ‌ഥം. 

ദുഷ്ടതയുടെ മൂർത്തീരൂപമായ മഹിഷാസുരൻ വരം കൂടി കിട്ടിയതോടെ പരാക്രമം തുടങ്ങി. 

മൂന്നു ലോകവും നശിപ്പിച്ചുകൊണ്ടിരുന്ന മഹിഷാസുരനെ അവസാനിപ്പിക്കാൻ ഒടുവിൽ, ഈശ്വരചൈതന്യത്തിന്റെ ശക്തി തന്നെ മഹിഷാസുരമർദിനിയായി അവതരിച്ചു. 

സ്ത്രീകൾക്ക് ഒന്നിനും കഴിയില്ലെന്നു പ്രഖ്യാപിച്ച് ലോകപീഡനത്തിനിറങ്ങുന്ന ദുഷ്ടതയുടെ പ്രതിരൂപങ്ങളായ മഹിഷാസുരന്മാർക്കുള്ള മുന്നറിയിപ്പാണ് ആദിപരാശക്തിയുടെ അവതാരം.