Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുറ്റപ്പെടുത്തലുകളുടെ പരാതിപെട്ടി തുറക്കുമ്പോള്‍ നമുക്ക് സംഭവിക്കുന്ന അഞ്ച് അബദ്ധങ്ങൾ‍!!

Complaint

കഴിഞ്ഞ ഒരാഴ്ചയായി നിങ്ങള്‍ പങ്കുവച്ച പരാതികള്‍ ഏതൊക്കെയാണ്? അതൊരു പക്ഷെ നിങ്ങള്‍ വാങ്ങിയ ഒരു സാധനത്തെക്കുറിച്ചാവാം. അല്ലെങ്കില്‍ നിങ്ങള്‍ക്കിഷ്ടപ്പെടാത്ത കാര്യം ചെയ്ത ഒരു രാഷ്ട്രീയക്കാരനെക്കുറിച്ചാവാം.നിങ്ങളെ അലോസരപ്പെടുത്തിയ സുഹൃത്തിനെ കുറിച്ചോ അല്ലെങ്കില്‍ വേദനിപ്പിച്ച ബന്ധുവിനെ കുറിച്ചോ ആവാം. അപ്രതീക്ഷിതമായി മാറിയ കാലാവസ്ഥയോ ഒനുമല്ലെങ്കില്‍ തീയറ്ററില്‍ പോയി കണ്ടപ്പോള്‍ നിങ്ങളെ നിരാശപ്പെടുത്തിയ ഒരു സിനിമയോ പോലും ആകാം. ശരാശരി പലരുടെയും ലിസ്റ്റില്‍ പതിനഞ്ചോ അതില്‍ കൂടുതലോ പരാതികള്‍ ഉണ്ടാവാറുണ്ട്.

ഇനിയാണ് പ്രധാനപ്പെട്ട ചോദ്യം വരുന്നത്: ഇതില്‍ എത്ര പരാതികള്‍ അല്ലെങ്കില്‍ കുറ്റപ്പെടുത്തലുകള്‍ കൊണ്ട് പ്രയോജനം ഉണ്ട്? അതായത് എന്തെങ്കിലും ഗുണപരമായ ഫലം ലഭിക്കുന്ന എത്ര പരാതികള്‍ നിങ്ങളുടെ ലിസ്റ്റില്‍ ഉണ്ട്? ഒരു ഉദാഹരണം പറയാം – പ്രിയസുഹൃത്ത് നിങ്ങളെ വേദനിപ്പിച്ചതിലുള്ള ദുഃഖം നിങ്ങള്‍ പങ്കുവച്ചാല്‍ ഒരു പക്ഷെ ഇനി ആ സുഹൃത്ത്‌ അത് ആവര്‍ത്തിക്കാതിരിക്കും. എന്നാല്‍ കാലാവസ്ഥ അപ്രതീക്ഷിതമായി മാറിയതില്‍ നിങ്ങള്‍ എത്ര പരാതി പറഞ്ഞിട്ടും ഒരു പ്രയോജനവും ഇല്ല. മാത്രമല്ല മാറ്റമില്ലാത്ത കാര്യങ്ങളില്‍ പരാതി പറയുന്ന പ്രവണത കൂടുതല്‍ നെഗറ്റിവിറ്റി നിങ്ങളില്‍ ഉണ്ടാക്കും. 

Arguments മാറ്റമില്ലാത്ത കാര്യങ്ങളില്‍ പരാതി പറയുന്ന പ്രവണത കൂടുതല്‍ നെഗറ്റിവിറ്റി നിങ്ങളില്‍ ഉണ്ടാക്കും!

ഇങ്ങനെയൊക്കെ നമ്മളില്‍ പലരും ലിസ്റ്റില്‍ സൂക്ഷിക്കുന്ന പരാതികളില്‍ തൊണ്ണൂറുശതമാനവും നമുക്കോ നമ്മള്‍ കുറ്റപ്പെടുത്തുന്ന സാഹചര്യത്തിനോ അല്ലെങ്കില്‍ നമ്മള്‍ ,വ്യക്തിക്കോ ഒരു ഗുണവും ഉണ്ടാക്കാത്ത വെറും കുറ്റപ്പെടുത്തലുകള്‍ മാത്രമാണ് എന്ന് മനോരോഗവിദഗ്ദര്‍ സാക്ഷ്യപ്പെടുത്തുന്നു. കുറ്റപ്പെടുത്തലുകളുടെ പരാതിപെട്ടി മറ്റുള്ളവര്‍ക്ക് മുന്നേ തുറക്കുമ്പോള്‍ നാം വരുത്തുന്ന അഞ്ചു അബദ്ധങ്ങള്‍ :-

1. ദേഷ്യം വില്ലനാകുമ്പോള്‍

പലപ്പോഴും നിരാശ, വേദന, അസ്വസ്ഥത എന്നിവ നമുക്ക് അനുഭവപ്പെടുമ്പോഴാണ് നാം പരാതിപ്പെടാന്‍ തുനിയുന്നത് തന്നെ.ഇതൊക്കെ കാരണം ദേഷ്യപ്പെട്ടുകൊണ്ടാവും നമ്മള്‍ പരാതിപ്പെടുന്നത്. ഇങ്ങനെ ദേഷ്യം വില്ലനാകുമ്പോള്‍ സംഭവിക്കുന്നത്‌ എന്താണ്? പലപ്പോഴും ഈ വില്ലന്‍റെ അട്ടഹാസത്തില്‍ നമ്മള്‍ പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്ന വിഷയത്തിന്‍റെ പ്രസക്തി നഷ്ടപ്പെട്ടുപോകും. ഇതിനുള്ള ഏക പോംവഴി നിങ്ങളുടെ ദേഷ്യം ആശയവിനിമയത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കാത്ത വിധം കൈകാര്യം ചെയ്യുക, അതിനു കഴിഞ്ഞില്ലെങ്കില്‍ ദേഷ്യം തണുത്തതിനു ശേഷം മാത്രം പ്രശ്നങ്ങള്‍ അവതരിപ്പിക്കുക

2. ഒന്നിൽ നിന്ന് തെന്നി തെന്നി ...

പലരും വരുത്തുന്ന അബദ്ധം ആണിത്. ഒരു പ്രശ്നം  പങ്കുവയ്ക്കാന്‍ തുടങ്ങുമ്പോള്‍, പതുക്കെ ഒന്നില്‍ നിന്ന് മറ്റൊരു കുറ്റം പറയാന്‍ തുടങ്ങും.മൂന്നു കുറ്റങ്ങള്‍ ഒരുമിച്ചു പറഞ്ഞു ഒരാളെ പ്രതിരോധത്തില്‍ ആക്കുന്നതിലും നല്ലതാണ് ഒരു പ്രശ്നം ചൂണ്ടികാട്ടി അത് ശരിയാക്കി എടുക്കുന്നതിനായി പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുന്നത്. കാരണം ഒരു പ്രശ്നം  ചൂണ്ടി കാണിക്കുമ്പോള്‍, ആ പ്രശ്നത്തിലേക്ക് ശ്രദ്ധിക്കാന്‍ ഒരാള്‍ക്ക് കഴിയും. എന്നാല്‍ ഒന്നിലേറെ കുറ്റം ചൂണ്ടി കാണിക്കുമ്പോള്‍ അതൊരുപക്ഷെ വൈകാരികമായി അവരെ വേദനിപ്പിക്കാം. ഒപ്പം വ്യക്തിപരമായി നമ്മള്‍ അവരെ അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നതായി അവര്‍ക്ക് തോന്നുകയും ചെയ്യാം. പ്രശ്നകേന്ദ്രികൃതമായി സംസാരിക്കുക. അത് വ്യക്തി കേന്ദ്രീകൃതമാക്കാതിരിക്കുക  

3. ലക്ഷ്യമില്ലാത്ത അമ്പുകള്‍ 

ഒരാളെ കുറ്റപ്പെടുത്തുമ്പോള്‍, അല്ലെങ്കില്‍ ഒരു സാഹചര്യത്തെ കുറിച്ച് നമ്മള്‍ പരാതിപറയുമ്പോള്‍ അതുകൊണ്ട് ഒരു നല്ല ഫലം ഉണ്ടാകണം എന്നാണ് നമ്മള്‍ പ്രതീക്ഷിക്കുന്നത്. അതുകൊണ്ട് തന്നെ ലക്ഷ്യബോധമില്ലാതെ മനസ്സില്‍ വരുന്നതെന്തും പറയരുത്. നിങ്ങള്‍ എന്തിനെകുറിച്ച് പരാതിപ്പെടുന്നുവോ, ആ സാഹചര്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന വാക്കുകളും ആശയങ്ങളും മാത്രം പങ്കുവയ്ക്കുക.

4. പറയേണ്ട ആളോട് മിണ്ടാട്ടമില്ലാതെ

ചിലരുണ്ട്, പറയേണ്ട ആളോട് ഒഴിച്ച് ആ പ്രശ്നങ്ങള്‍ ബാക്കിയെല്ലാവരോടും പറയും. ഉദാഹരണത്തിന്, സുഹൃത്തിനെ കുറിച്ചുള്ള പരാതി ജീവിതപങ്കാളിയോട് പറയും . ജീവിതപങ്കാളിയെകുറിച്ചുള്ള പരിഭവങ്ങള്‍ സുഹൃത്തുക്കളോടും. എന്തിനേറെ പറയുന്നു, കസ്റ്റമര്‍ സര്‍വീസില്‍ വിളിച്ചു പറഞ്ഞു പരിഹരിക്കേണ്ട പ്രശ്നം , ഫോണ്‍ ചെയ്‌താല്‍ കിട്ടാന്‍ താമസം ആണെന്ന ന്യായം പറഞ്ഞു, നമ്മള്‍ കൂട്ടുകാരോട് മുഴുവന്‍ പരാതി പറഞ്ഞു നടക്കും.ഇതുകൊണ്ട് നമുക്കും മറ്റുള്ളവര്‍ക്കും മനസ്സമാധാനക്കേടുണ്ടാക്കാം എന്നല്ലാതെ വേറൊരു പ്രയോജനവും ഉണ്ടാവില്ല. 

5. പഞ്ചിംഗ്ബാഗ്‌ മെക്കാനിസം

ബോക്സര്‍മാര്‍ പഞ്ചിംഗ്ബാഗില്‍ ഇടിക്കുന്നത് കണ്ടിട്ടില്ലേ, അതുപോലെയാണ് ചിലര്‍ നിരന്തരം പരാതിപറയുന്നത്. അഗ്നിപര്‍വതം പോലെ എപ്പോഴും പുകയുന്ന മനസ്സാണ് ഇതിന്‍റെ ഫലം. ഒരു ഫലവുമില്ലാതെ വെറുതെയിങ്ങനെ പരാതി പറഞ്ഞുകൊണ്ടിരിക്കുന്നത് നമ്മുടെ മാനസ്സികാരോഗ്യത്തെ തന്നെ ബാധിക്കും. അതുകൊണ്ട് ഒരിക്കലും ആളുകളെയും സാഹചര്യങ്ങളെയും കുറ്റപ്പെടുത്തുന്നത് നിങ്ങളുടെ നിത്യജീവിതത്തിന്‍റെഭാഗമാക്കാതിരിക്കുക. പങ്കു വയ്ക്കുന്ന പരാതികള്‍ ആത്മസംയമനത്തോടെ ഫലവത്തായ രീതിയില്‍ അവതരിപ്പിക്കുക.

Read More on Lifestyle Magazine