Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഞാനും ഒരമ്മ, ആ കണ്ണുനീർ കാണാതിരിക്കാനാവില്ല: വൃക്കദാനത്തെക്കുറിച്ച് പൊന്നമ്മ ബാബു

ഞാനും ഒരമ്മ, ആ കണ്ണുനീർ കാണാതിരിക്കാനാവില്ല; പൊന്നമ്മ ബാബു മനസ്സ് തുറക്കുന്നു

വൃക്ക തകരാറിലായി ചികിൽസയിലുള്ള തന്റെ മകൻ കിഷോറിനെ സഹായിക്കണം എന്ന അഭ്യർഥനയുമായി അഭിനേത്രി സേതുലക്ഷ്മി സമൂഹമാധ്യമങ്ങളിൽ കണ്ണീരണിഞ്ഞതു മലയാളികളുടെ മനസ്സിൽ നോവായിരുന്നു. ഇതേത്തുടർന്നു നിരവധി സുമനസ്സുകൾ ഈ അമ്മയ്ക്കു സഹായവാഗ്ദാനങ്ങളുമായി രംഗത്തെത്തി. ഇതിനു പിന്നാലെ കിഷോറിനു വൃക്ക നൽകാൻ തയാറാണെന്ന് അറിയിച്ചു സിനിമ–സീരിയൽ താരം പൊന്നമ്മ ബാബു വിളിച്ചതാണ് സേതുലക്ഷ്മിയുടെ മനസ്സു നിറച്ചത്. ഇക്കാര്യം ഡോക്ടറോടു സംസാരിക്കാനും പൊന്നമ്മ ബാബു സേതുലക്ഷ്മിയോട് ആവശ്യപ്പെട്ടു. നന്മനിറഞ്ഞ ഈ വാർത്ത മലയാളികൾ ഹൃദയം കേട്ടത്. ഈ തീരുമാനത്തിലേക്ക് എത്തിയതിനെക്കുറിച്ച് പൊന്നമ്മ ബാബു മനസ്സ് തുറക്കുന്നു.

രാവിലെ എഴുന്നേറ്റപ്പോൾ ആ വാർത്ത

ഒരു ദിവസം രാവിലെ ഉറങ്ങി എഴുന്നേറ്റു മൊബൈൽ എടുത്ത് മെസേജുകളും മറ്റും പരിശോധിക്കുന്നതിനിടക്കാണ് സേതുലക്ഷ്മി ചേച്ചിയുടെ ആ വിഡിയോ കാണുന്നത്. മകന് ആരോഗ്യപ്രശനങ്ങൾ ഉണ്ടെന്ന് അറിയാമായിരുന്നു. എന്നാൽ സ്ഥിതി ഇത്ര ഗുരുതരമാണ് എന്നറിഞ്ഞില്ല. ചേച്ചി കരഞ്ഞു കൈകൾ കൂപ്പി തന്റെ മകന്റെ ജീവനുവേണ്ടി അപേക്ഷിച്ചപ്പോൾ കണ്ടു നിൽക്കാനായില്ല. ഏതൊരമ്മക്കും തന്റെ മകൻ എത്ര പ്രിയപ്പെട്ടതാണ് എന്ന് എനിക്കറിയാം. അവന്റെ ജീവൻ രക്ഷിക്കാൻ ആദ്യം വേണ്ടത് അവനു ചേരുന്ന കിഡ്നിയാണ്. ഒരു കിഡ്നികൊണ്ടും ജീവിക്കാനാകും എന്നു ഞാൻ കേട്ടിട്ടുണ്ട്. ആ ഉറപ്പിലാണ് ഞാൻ എന്റെ കിഡ്‌നികളിൽ ഒരെണ്ണം അവനു ദാനം ചെയ്യാം എന്നു പറഞ്ഞത്. 

പെട്ടെന്നെടുത്ത തീരുമാനം 

ഞാൻ ഒരുപാട് ആലോചിച്ച് എടുത്ത തീരുമാനമല്ല അത്. ആ വിഡിയോ കണ്ടു കഴിഞ്ഞപ്പോൾ അങ്ങനെ തോന്നി. ഉടനെ ചേച്ചിയെ വിളിച്ചു പറഞ്ഞു. എന്റെ വൃക്ക അവനു ചേരുമോ എന്നൊന്നും അറിയില്ല. എനിക്ക് പ്രമേഹവും പ്രഷറുമുണ്ട്. അതും ഞാൻ ചേച്ചിയോടു പറഞ്ഞു. അതും എന്റെ പ്രായവും പ്രശ്‌നമല്ല എങ്കിൽ കിഷോറിനു വൃക്ക ദാനം ചെയ്യുന്നതിൽ എനിക്ക് സന്തോഷം മാത്രമേയുള്ളൂ.

ആ കണ്ണുനീര്‍ കാണാതിരിക്കാനാവുമോ

ഒരു അമ്മയക്കു മകന്റെ ജീവൻ തന്റെ ജീവനേക്കാൾ പ്രിയപ്പെട്ടതാണ്. അതിനാൽ സേതുലക്ഷ്മി ചേച്ചിയുടെ അവസ്ഥ എനിക്കു മനസിലാക്കാനാവും. നമ്മൾ ഇത്രയൊക്കെ കാലം സന്തോഷത്തോടെ ജീവിച്ചു. കിഷോർ ചെറുപ്പമാണ്. ജീവിതം തുടങ്ങിയിട്ടേയുള്ളൂ. അവനൊരു ഭാര്യയും കുഞ്ഞുമുണ്ട്. അവൻ ജീവിതത്തിലേക്കു മടങ്ങി വരേണ്ടത് ആവശ്യമാണ്. എന്റെ മകന് ഒരു ആപത്ത് വരാൻ ഞാൻ സമ്മതിക്കുമോ ? അതുപോലെ തന്നെയാണ് കിഷോറിന്റെ കാര്യവും 

മക്കൾക്ക് പൂർണസമ്മതം 

ആരോടും ആലോചിക്കാതെയാണ് എന്റെ തീരുമാനം സേതുലക്ഷ്മി ചേച്ചിയോടു പറഞ്ഞത്. ചേച്ചി അതു മാധ്യമങ്ങളോടു പറഞ്ഞു. അങ്ങനെ വാർത്ത പുറത്തു വന്നപ്പോഴാണ് എന്റെ വീട്ടിൽ കാര്യങ്ങൾ അറിയുന്നത്. എന്റെ മക്കൾ എല്ലാവരും വിദേശത്താണ്. അവർ വിളിച്ചു പൂർണ പിന്തുണയറിയിച്ചു. അമ്മ ആരോഗ്യകാര്യങ്ങൾ ഡോക്ടറോടു വിശദമായി പറഞ്ഞു കിഡ്‌നി ദാനം ചെയ്യാൻ സമ്മതം വാങ്ങണം എന്നാണ് മകൻ പറഞ്ഞത്. ഇത് നന്മയുള്ള ഒരു പ്രവൃത്തിയാണ് എന്നാണ് എല്ലാവരും പറയുന്നത് 

സേതു ചേച്ചിക്കു വിശ്വസിക്കാനായില്ല

ഞാൻ വൃക്ക ദാനം ചെയ്യാൻ സമ്മതം അറിയിച്ചപ്പോൾ, അക്കാര്യം ആദ്യം വിശ്വസിക്കാൻ കഴിഞ്ഞില്ല. വേറെ ആളുകളും സന്നദ്ധത അറിയിച്ചിട്ടുണ്ട് എന്നാൽ ഓപ്പറേഷൻ ഒന്നും ശരിയായിട്ടില്ല എന്നു ചേച്ചി പറഞ്ഞു. സന്നദ്ധരായവരുടെ കൂട്ടത്തിൽ എന്നെയും കൂട്ടി ഏറ്റവും യോജിച്ച കിഡ്‌നി കിഷോറിനു ലഭ്യമാക്കണം എന്നും എല്ലാത്തിനും കൂടെയുണ്ടെന്നും ചേച്ചിയോടു പറഞ്ഞു. 

സമ്മിശ്ര പ്രതികരണം 

കിഷോറിനു കിഡ്‌നി ദാനം ചെയ്യാൻ സന്നദ്ധയാണെന്നു വാർത്ത പുറത്തു വന്നതോടെ നിരവധി ആളുകൾ എന്നെ വിളിച്ചു. എന്നെ ഇത്രമാത്രം ആളുകൾ സ്നേഹിക്കുന്നുണ്ടെന്നു തിരച്ചറിഞ്ഞ സന്ദർഭമായിരുന്നു അത്. നല്ല തീരുമാനമാണ് എന്നു പറഞ്ഞു ചിലർ അഭിനന്ദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. എന്നാൽ ചിലർ എന്റെ ആരോഗ്യം മോശമാകുമോ എന്ന ആശങ്ക പങ്കുവെച്ചു.  

ഞാനും  O+ve 

എന്റെയും കിഷോറിന്റെയും ബ്ലഡ് ഗ്രൂപ് O+ve ആണ്. അതിനാൽ പ്രാഥമികമായ ചേർച്ചയുണ്ട്. എന്നാൽ മറ്റു കാര്യങ്ങൾ പരിശോധകൾക്കു ശേഷമേ പറയാനാകൂ.

സേതു ചേച്ചിയെ നേരിട്ടു കാണണം

വൃക്ക ദാനവുമായ ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളൊന്നും സേതുലക്ഷ്മി ചേച്ചിയിൽ നിന്നു ലഭിച്ചിട്ടില്ല. ചിലപ്പോൾ വൈദ്യ പരിശോദനയ്ക്കും മറ്റുമായി സമയം എടുക്കുമായിരിക്കും. ഞാൻ വിദേശത്തു നിന്ന് അടുത്തിടെ മടങ്ങി എത്തിയതേയുള്ളൂ, നാളെയോ മറ്റന്നാളോ തിരുവനന്തപുരത്ത് പോയി ചേച്ചിയെ നേരിട്ടുകണ്ടു സംസാരിക്കം എന്നു കരുതുന്നു.