Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നൂറോളം പേർ പീഡിപ്പിച്ചു, പരാതി നൽകിയ മോഡലിനെ കാണ്മാനില്ല!

Bombay High Court

പൊലീസ് ഓഫിസർമാർ ഉൾപ്പെടെ നൂറിലധികം ആളുകൾ മാനഭംഗപ്പെടുത്തിയെന്ന് ആരോപണമുന്നയിച്ചശേഷം അപ്രത്യക്ഷരായ ഡൽഹി സ്വദേശിയായ മോഡലിനെയും പതിനാറുവയസുകാരിയായ നേപ്പാളി യുവതിയെയും കണ്ടെത്താൻ ബോംബെ ഹൈക്കോടതി പുണെ പൊലീസിന് നിർദേശം നൽകി. വേശ്യാവൃത്തി സ്വീകരിക്കാൻ ബാഹ്യസമ്മർദ്ദമുണ്ടായതായും ഇരുവരും ആരോപണം ഉന്നയിച്ചിരുന്നു.

ഇരുവരും ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾ ഗുരുതരമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. അതുകൊണ്ടുതന്നെ അവർ എവിടെയാണെന്ന് കണ്ടെത്തേണ്ടതുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട ഹർജി പരിഗണിച്ച ജസ്റ്റിസ് രഞ്ജിത് മോറെ, ജസ്റ്റിസ് രേവതി ദേരെ എന്നിവർ ഉൾപ്പെടെട ബെഞ്ച് വ്യക്തമാക്കി. ആറുമാസമായി ഇരുവരുടെയും യാതൊരു വിവരമില്ലെന്നും കേസ് സിബിഐയ്ക്ക് കൈമാറണമെന്നും ആവശ്യപ്പെട്ട് ഡൽഹിയിൽനിന്നുള്ള അഭിഭാഷകയായ അനൂജ കപൂറാണ് ഹൈക്കോടതിയെ സമീപിച്ചത്. പൊലീസുകാർ ഉൾപ്പെടെ അധികാരസ്ഥാനങ്ങളിൽ സ്വാധീനമുള്ളവരും കേസിൽ പ്രതികളാണെന്നതിനാൽ, ഇരുവരും കൊല്ലപ്പെട്ടിരിക്കാമെന്നും ഹർജിക്കാരി ആശങ്ക പ്രകടിപ്പിച്ചിരുന്നു.

അതേസമയം, കേസിൽ ആരോപണവിധേയരായ പൊലീസ് ഉദ്യോഗസ്ഥരും പ്രോസിക്യൂട്ടറുടെ സഹായികളായി കോടതിയിൽ ഹാജരായതിനെ ഡിവിഷൻ ബെ‍ഞ്ച് നിശിതമായി വിമർശിച്ചു. കേസ് അന്വേഷിക്കുന്ന മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനാകട്ടെ, ഹർജി പരിഗണിക്കുമ്പോൾ കോടതിയിൽ ഹാജരായിരുന്നതുമില്ല.

2016 മാർച്ചിൽ പൊള്ളലേറ്റതിനെ തുടർന്ന് ഇരുപത്തിനാലുകാരിയായ മോഡലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് മാനഭംഗ വിവരം പുറത്തറിഞ്ഞത്. സിനിമയിൽ അവസരം വാഗ്ദാനം നൽകി രോഹിത് ഭണ്ഡാരി എന്നയാളാണ് തന്നെ പുണെയിലേക്ക് വിളിച്ചുവരുത്തിയതെന്നായിരുന്നു യുവതിയുടെ ആരോപണം. ഇയാളുടെ മോശമായ പെരുമാറ്റം എതിർത്തതിനെ തുടർന്ന് സിഗരറ്റുകൊണ്ട് പൊള്ളിക്കുകയും കൂട്ടമാനഭംഗത്തിന് ഇരയാക്കുകയും ചെയ്തുവെന്നാണ് പരാതി.

പുണെയിലെ രോഹിതിന്റെ ഫ്ലാറ്റിൽവച്ചാണ് മറ്റൊരു പരാതിക്കാരിയായ നേപ്പാൾ സ്വദേശിനിയെ പരിചയപ്പെട്ടതെന്നും യുവതി വ്യക്തമാക്കിയിരുന്നു. രണ്ടു വർഷത്തോളം വിവിധ നഗരങ്ങളിൽ ഇവർ പീഡനത്തിന് ഇരയായിരുന്നുവത്രെ. പിന്നീട് ഇരുവരും ഡൽഹിയിലേക്ക് രക്ഷപ്പെടുകയായിരുന്നു. തുടർന്ന് അഭിഭാഷകയായ അനൂജ കപൂറിന്റെ സഹായത്തോടെ ഇരുവരും കോടതിയിൽ കേസ് ഫയൽ ചെയ്തു. പിന്നീട് ഇതുവരെ ഇരുവരുടെയും യാതൊരു വിവരവുമില്ലെന്നാണ് അഭിഭാഷകയുടെ ഭാഷ്യം.