Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'ആ മുറിവ് ഇന്നും ഉണങ്ങിയിട്ടില്ല ' - ശൈലജ ടീച്ചർ

ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ

സെക്രട്ടേറിയറ്റിൽ ആരോഗ്യ മന്ത്രി കെ.കെ. ശൈലജയുടെ ഓഫിസിനു മുന്‍പിൽ വലിയ ആൾക്കൂട്ടമുണ്ട്. മന്ത്രിയെത്തിയപ്പോൾ ഓഫിസ് മുറിയിലെ കസേരകൾ നിമിഷങ്ങൾക്കുള്ളിൽ നിറഞ്ഞു. ആവശ്യക്കാരും ആവലാതിക്കാരും. ഡോക്ടർമാരും രോഗികളുമുണ്ട്, ആ കൂട്ടത്തിൽ. ഓരോരുത്തരായി ആവശ്യം പറയുന്നു. മന്ത്രിയുടെ മറുപടി എല്ലാവർക്കും കേൾക്കാം. രഹസ്യങ്ങൾ യാതൊന്നുമില്ല. ഗ്രാമപ്രദേശത്തെവിടെയോ കിട്ടിയ നിയമനം മാറ്റാനെത്തിയ യുവഡോക്ടറോടു പഴയ അധ്യാപികയുടെ വാൽസല്യത്തോടെ മന്ത്രി കെ.കെ. ശൈലജ പറഞ്ഞു  നിങ്ങളൊക്കെ ചെറുപ്പക്കാരല്ലേ? ഈ പ്രായത്തിലല്ലേ ഓടിനടന്നു ജോലി ചെയ്യണ്ടത്? കുറച്ചു ദൂരെയൊക്കെ പോയി ഗ്രാമപ്രദേശത്തുള്ളവർക്കു വേണ്ടിയും ജോലി ചെയ്യണ്ടേ? തിരക്കൊഴിഞ്ഞപ്പോൾ എന്നാൽ നമുക്കിനി സംസാരിക്കാം എന്നായി. ടീച്ചറുടെ ഫോണിന്റെ റിങ് ടോൺ മുഹമ്മദ് റഫിയുടെ ‘സുഹാനി രാത് ഘർ ചുക്കേ...’ എന്ന പാട്ടാണ്. "പാട്ടും കവിതയുമാണ് എന്റെ ഏറ്റവും വലിയ സന്തോഷങ്ങൾ. ചിലപ്പോൾ വീട്ടിൽ ഞങ്ങളെല്ലാവരുമുള്ളപ്പോൾ രാത്രിഭക്ഷണം കഴിഞ്ഞു കവിത ചൊല്ലലും പാട്ടുപാടലും പതിവാണ്. സുഹാനി രാത് എന്റെ ഏറ്റവും ഇഷ്ടപ്പെട്ട പാട്ടാണ്. ഇതു തേടി നടക്കുകയായിരുന്നു. അപ്പോഴാണ് ഒരു ദിവസം ബിനോയ് വിശ്വത്തെ വിളിക്കാനിടയായത്. അദ്ദേഹത്തിന്റെ റിങ് ടോൺ ഇതായിരുന്നു. ഈ ഗാനം കോപ്പി ചെയ്യാൻ സ്റ്റാർ അമർത്തി നമ്പർ ഞെക്കുക എന്ന അറിയിപ്പുണ്ടല്ലോ? ഞാൻ അപ്പോൾത്തന്നെ അതു മോഷ്ടിച്ചു. ഇപ്പോൾ ഒരു പ്രശ്നമേയുള്ളൂ. എന്നെ വിളിക്കുന്നവർക്കെല്ലാം പാട്ടു കേൾക്കാം. എനിക്കു മാത്രം കേൾക്കാൻ സാധിക്കുന്നില്ല.. " ഉറച്ച നിലപാടുകളും ശക്തമായ അഭിപ്രായങ്ങളും. ആരോഗ്യവകുപ്പിൽ ഒട്ടേറെ പരിഷ്കാരങ്ങൾ വരുത്തിക്കഴിഞ്ഞു. വളരെക്കാലത്തിനു ശേഷം ആരോഗ്യവകുപ്പ് ഒന്നുണർന്നു പ്രവർത്തിക്കുകയായി. ശൈലജ ടീച്ചറുമായുള്ള സംഭാഷണത്തിൽനിന്ന് :

നാട്, കുടുംബം

കണ്ണൂർ ജില്ലയിൽ ഇരിട്ടിക്കു സമീപം മാടത്തിൽ എന്ന ചെറിയ ഗ്രാമത്തിലാണു ഞാൻ ജനിച്ചത്. അമ്മമ്മയുടെ ജൻമസ്ഥലം കണ്ണൂരിൽത്തന്നെയുള്ള കല്യാശേരിയായിരുന്നു. പിൽക്കാല ത്ത് അമ്മമ്മയുടെ അച്ഛൻ മാടത്തിൽ എന്ന സ്ഥലത്ത് സ്ഥ ലം വാങ്ങി വീടുവച്ചു താമസം മാറുകയാണുണ്ടായത്. അമ്മമ്മയുടെ അച്ഛന്റെ പേരു രാമൻ മേസ്തിരി. മാടത്തിൽനിന്നു പതിനഞ്ചു കിലോമീറ്ററോളം ദൂരെയുള്ള മാങ്കൂട്ടം എന്ന സ്ഥലത്തു ബ്രിട്ടിഷുകാരുടെ തോട്ടത്തിൽ സൂപ്പർവൈസർ ആയിരുന്നു അദ്ദേഹം. സൂപ്പർവൈസർ എന്ന നിലയിലാണു പേരിൽ മേസ്തിരി വന്നത്. അപ്പാപ്പൻ വളരെ അറിയപ്പെട്ടിരുന്ന ആളായിരുന്നു. സാമാന്യം സാമ്പത്തികശേഷിയും നാട്ടിൽ സ്വീകാര്യതയുമുണ്ടായിരുന്നു. അപ്പാപ്പൻ 1930കളിൽ തന്നെ മാടത്തിലേക്കു താമസം മാറ്റി. ചുരുക്കം വീടുകളേ അവിടെയുണ്ടായിരുന്നുള്ളൂ. കാടുപിടിച്ചു കിടക്കുന്ന സ്ഥലമായിരുന്നു. അമ്മയുടെ അമ്മയ്ക്കു പെൺമക്കളായി അമ്മമാത്രം.  എം.കെ. രാമുണ്ണി, എം.കെ. കൃഷ്ണൻ, എം.കെ. ദാമോദരൻ. ഇവർ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തു ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. എം. കെ. രാമുണ്ണി പൊലീസിന്റെ മർദനമേറ്റ് ക്ഷയരോഗം ബാധിച്ചാ ണു മരിച്ചത്. സേലം വെടിവയ്പിൽ തലയ്ക്കേറ്റ പരുക്കുകളോടെയാണ് എം.കെ. കൃഷ്ണൻ ജീവിച്ചത്. മൂന്നാമത്തെ വല്യമ്മാവനായ എം. കെ. ദാമോദരൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ സജീവ പ്രവർത്തകനായി. അമ്മാമ്മയുടെ മൂത്ത മകളാണ് എന്റെ അമ്മ ശാന്ത. 

shylaja-family ഇളയ മകൻ ലസിത്,മരുമകൾ മേഘ, മന്ത്രി കെ.കെ ശൈലജ,ഭർത്താവ് ഭാസ്കരൻ മാഷ്,മരുമകൾ സിൻജു, മൂത്ത മകൻ ശോഭിത്.

അമ്മാമ്മയും ഞാനും

ഞാനൊരു രാഷ്ട്രീയ പ്രവർത്തകയാകാൻ കാരണം അമ്മാമ്മ എം. കെ. കല്യാണി ആയിരുന്നു. അമ്മാമ്മ നാട്ടിൽ വളരെ ബഹുമാനിക്കപ്പെട്ടിരുന്നു. നാട്ടിലെ പ്രശ്നങ്ങളിൽ അമ്മാമ്മ സജീവമായി ഇടപെട്ടു.  അയിത്തോച്ചാടനത്തിനു വേണ്ടി വലിയ രീതിയിൽ പോരാട്ടം നടത്തി. കമ്യൂണിസ്റ്റ് പാർട്ടിയുടെ പഠന ക്ലാസുകളിൽ പങ്കെടുത്തു. ഇ.എം.എസിന്റെ പഠന ക്ലാസിൽ ഇരുന്നതിനെക്കുറിച്ച് അമ്മാമ്മ പറഞ്ഞിട്ടുണ്ട്. അമ്മാമ്മയുടെ കുട്ടിക്കാലത്ത് ശ്രീനാരായണ ഗുരുവും ചട്ടമ്പി സ്വാമികളും കല്യാശ്ശേരിയും പരിസരവും സന്ദർശിക്കുകയും പ്രഭാഷണം നടത്തുകയും ചെയ്തിരുന്നു. അവരെ കാണാൻ പോയ കഥകളൊക്കെ അമ്മാമ്മയുടെ ഏറ്റവും വിലപ്പെട്ട ഓർമകളായിരുന്നു. 

മറ്റുള്ളവരെ സഹായിക്കുക എന്നത് അമ്മാമ്മയുടെ ജീവിതദൗത്യമായിരുന്നു. അനാഥരായവരെ വീട്ടിൽ കൊണ്ടുവന്നു താമസിപ്പിക്കുക, റോഡിലൂടെ അലഞ്ഞു തിരിയുന്നവരെ വിളിച്ചുകൊണ്ടു വരിക എന്നിവയൊക്കെ അമ്മാമ്മയുടെ നിത്യജീവിതത്തിന്റെ ഭാഗമായിത്തീർന്നു. അമ്മാമ്മ ഒരിക്കലും വീട്ടിലുണ്ടായിരുന്നില്ല. എപ്പോഴും പുറത്തെവിടെയെങ്കിലുമായിരിക്കും. ഒരിക്കൽ വഴിയിൽ വീണു കിടന്ന ഒരാളെ വീട്ടിലേക്ക് എടുത്തുകൊണ്ടു വരാൻ കഴിയാതെ അയാൾ കിടക്കുന്നതിനു മുകളിൽ ഷെഡ് കെട്ടിയത് എനിക്കിപ്പോഴും ഓർമയുണ്ട്.  വീട്ടിൽനിന്നു ചോറരച്ചു കൊണ്ടുപോയി ആ മനുഷ്യനു സ്പൂണിൽ കോരികൊടുക്കുന്നതും ഓർമയിൽ തെളിഞ്ഞു നിൽക്കുന്നു. എടുത്തു നീക്കാൻ കഴിയാത്തത്ര അവശനായിരുന്നു ആ മനുഷ്യൻ അപ്പോൾ. ആരോഗ്യം മെച്ചപ്പെട്ടപ്പോൾ അദ്ദേഹത്തെയും  വീട്ടിൽ കൊണ്ടുവന്നു. 

വസൂരി രോഗം ബാധിച്ചാൽ ആരും അടുക്കാത്ത കാലമായിരുന്നു അത്. പക്ഷേ, അമ്മാമ്മയ്ക്കു വസൂരി രോഗികളെ ശുശ്രൂഷിക്കാൻ ഭയമുണ്ടായിരുന്നില്ല. നാട്ടിൽ ഭാര്യാഭർത്താക്കൻമാർ കലഹിക്കുമ്പോൾ കൗൺസലിങ്ങിന് എത്തിയിരുന്നതും അമ്മാമ്മയുടെ അടുത്തായിരുന്നു. സാധാരണ നാട്ടിൽ ‘മുഖ്യസ്ഥൻമാർ’ ഉണ്ടാകും. പക്ഷേ, ആ സ്ഥാനത്തു സ്ത്രീകൾ ഉണ്ടാകുക പതിവില്ല. പക്ഷേ, അമ്മാമ്മ ഒരു മുഖ്യസ്ഥയായിരുന്നു.  ആ പ്രഭാവത്തിലാണു ഞാൻ വളർന്നത്. പക്ഷേ, അദ്ഭുതമെന്നു പറയാം, അമ്മാമ്മയുടെ പെൺമക്കളാരും രാഷ്ട്രീയ പ്രവർത്തകരായില്ല. എന്റെ അമ്മാവൻ കെ.കെ. സഹദേവൻ സജീവ രാഷ്ട്രീയ പ്രവർത്തകനായി. പേരക്കുട്ടികളിൽ ആദ്യമായി  പൊതുരംഗത്തേക്കു വന്നതു ഞാനാണ്. 

മൂന്ന് അമ്മമാർ

പത്തുപതിനാറ് അംഗങ്ങളുള്ള കുടുംബമായിരുന്നു ഞങ്ങളുടേത്. അമ്മാവൻമാരും അവരുടെ ഭാര്യമാരും മക്കളും ഒക്കെ ചേർന്ന വലിയ കുടുംബം. അമ്മയ്ക്കു രണ്ട് അനിയത്തിമാരുണ്ടായിരുന്നു. അതിൽ മൂത്ത ഇളയമ്മയ്ക്ക് ഒരു മകളുണ്ടായിരുന്നു. എന്നെക്കാൾ മൂന്നു വ യസ്സു വ്യത്യാസമേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ, മൂന്നാം വയസ്സിൽ അവൾ കോളറപിടിച്ചു മരിച്ചു. ആ സമയത്ത് ഇളയമ്മ ഭർത്താവിന്റെ വീട്ടിലായിരുന്നു. കുഞ്ഞിനെ ആശുപത്രിയിൽ കൊണ്ടുപോകണമെന്നു പറഞ്ഞിട്ടു ബന്ധുക്കൾ കേട്ടില്ല. കുഞ്ഞു മരിച്ചു. ഹൃദയം തകർന്ന  ഇളയമ്മ പിന്നീടു ഭർത്താവിന്റെ വീട്ടിൽ പോകാൻ തയാറായില്ല.  

രണ്ടാമത്തെ ഇളയമ്മയ്ക്കും വിവാഹം കഴിഞ്ഞു പത്തു വർഷത്തിനു ശേഷമാണു കുട്ടിയുണ്ടായത്. അതുകൊണ്ടു വളരെ വർഷങ്ങളോളം വീട്ടിലെ ഏക സന്തതി ഞാനായി. ആവശ്യത്തിലേറെ വാൽസല്യം അനുഭവിച്ചു വഷളായ കുട്ടിയായിരുന്നു ഞാൻ. അമ്മാമ്മ പുറത്തു പോകുമ്പോഴൊക്കെ എന്നെയും കൊണ്ടുപോകും. അങ്ങനെ കുട്ടിക്കാലം മുതൽ ഞാൻ അമ്മാമ്മയോടൊപ്പം  യോഗങ്ങളിൽ പങ്കെടുക്കുകയും പ്രസംഗങ്ങൾ കേൾക്കുകയും ചെയ്തിരുന്നു. രണ്ടാമത്തെ ഇളയമ്മ ചന്ദ്രികയെ വിവാഹം കഴിച്ചയച്ചതു  മദ്രാസിലേക്കാണ്. അിവടെയായിരുന്നു ഇളയച്ഛനു ജോലി. അവരുടെ വീട്ടിൽ പോയി ഞാൻ ഇടയ്ക്കിടെ താമസിച്ചിരുന്നു. അവർ താമസിച്ചിരുന്നതിന്റെ നേരെ എതിരേയുള്ള കെട്ടിടത്തിൽ താമസിച്ചിരുന്നത് ഒരു  പണിക്കരു ചേട്ടനാണ്. അദ്ദേഹത്തിനു പോസ്റ്റ് ഓഫിസിൽ ആയിരുന്നു ജോലി. നല്ല അടുപ്പമായിരുന്നു. പണിക്കരു ചേട്ടനു ഗീത എന്ന മകൾ ജനിച്ചു. ഇളയമ്മയ്ക്കു കുട്ടികളില്ലായിരുന്നു. ഗീത എപ്പോഴും ഇളയമ്മയുടെ കൂടെയായിരുന്നു. ഗീതയെ ഇളയമ്മ മകളായി വളർത്തുകയായിരുന്നു എന്നു പറയാം. അതു പണിക്കരു ചേട്ടന്റെ ഭാര്യ ശാന്തേച്ചിക്കു വലിയ സൗകര്യമായിരുന്നു. ഗീതയുടെ പലതരത്തിലുള്ള ഫോട്ടോകൾ ഇന്നും ഇളയമ്മയുടെ ആൽബത്തിലുണ്ട്. എനിക്കും പണിക്കരു ചേട്ടനെയും ശാന്തച്ചേച്ചിയെയും അറിയാം. പിന്നീടു കടമ്മനിട്ട രാമകൃഷ്ണൻ എന്ന കവിയെക്കുറിച്ചു കേൾക്കുകയും അദ്ദേഹത്തിന്റെ കുറത്തി തുടങ്ങിയ കവിതകൾ കേരളത്തിൽ തരംഗമായി ആഞ്ഞടിക്കുകയും അദ്ദേഹത്തിന്റെ ഫോട്ടോകൾ പത്രങ്ങളിൽ വരികയും ചെയ്തപ്പോഴാണ് ഇളയമ്മ ഞെട്ടിയത്  അയ്യോ നമ്മുടെ പണിക്കരു ചേട്ടൻ! 

കടമ്മനിട്ട എംഎൽഎ ആയപ്പോൾ ഞാൻ ഇളയമ്മയെക്കുറിച്ചു ചോദിച്ചു. അദ്ദേഹം വലിയ സന്തോഷത്തോടെയാണു പ്രതികരിച്ചത്. 

ഞാൻ ചെറിയ കുട്ടിയായിക്കേ ഇരിട്ടിയിൽ ഫാ. വടക്കനും എ.കെ.ജിയും കൂടി ജാഥ നടത്തിയപ്പോൾ എ.കെ.ജിയെ ഹാരമണിയിച്ചത് എന്നെക്കൊണ്ടാണ്. അതെനിക്കിപ്പോഴും നല്ല ഓർമയുണ്ട്. ഭൂസമരമായിരുന്നു അത്. എന്റെ ഓർമയിൽ അദ്ദേഹം ഇപ്പോഴുമുണ്ട്. ഒരു വലിയ മനുഷ്യൻ.  നല്ല വെള്ള ഷർട്ട് ആണു ധരിച്ചിരുന്നത് . ചെമ്പരത്തിപ്പൂകൊണ്ടുള്ള മാലയാണ് ഇട്ടത്. വെള്ള വസ്ത്രത്തിൽ ആ മാലയിടുമ്പോൾ കറ പറ്റും. പക്ഷേ, യാതൊരു മുഷിച്ചിലും കാണിക്കാതെ അദ്ദേഹം മാല സ്വീകരിച്ച്, പിന്നീട് അതൂരി കൊടുത്തു. എല്ലാവർക്കും മനസ്സിലാകുന്ന ഭാഷയിലായിരുന്നു പ്രസംഗം. 

പാർട്ടിയിലേക്ക്

അടിയന്തരാവസ്ഥയ്ക്കു ശേഷമാണു ഞാൻ പാർട്ടിയിൽ അംഗമായത്. മട്ടന്നൂർ എൻഎസ്എസ് കോളജിലായിരുന്നു ഡിഗ്രി പഠനം. അക്കാലത്തൊക്കെ ഞാൻ വളരെ അന്തർമുഖിയായിരുന്നു. ബിഎസ്‌സി കെമിസ്ട്രിക്കു പഠിക്കുമ്പോൾ എസ്എഫ്ഐയുടെ കമ്മിറ്റികളിലൊക്കെ പോയിരുന്നെങ്കിലും ഡിഗ്രിക്കു ശേഷമാണു ഞാൻ സജീവ രാഷ്ട്രീയത്തിലേക്കു വന്നത്. എൺപതിൽ ഞാൻ ബിഎഡ് പാസ്സായി. എൺപത്തിയൊന്നിൽ കല്യാണം. പാർട്ടിയിൽ അംഗത്വമെടുത്തതിനുശേഷം പടിപടിയായി ഓരോ ചുമതലയായി തേടിവരികയായിരുന്നു.. ഒടുവിൽ ജനാധിപത്യ മഹിളാ അസോസിയേഷന്റെ സംസ്ഥാന സെക്രട്ടറിയായി.  അമ്മാമ്മ കഴിഞ്ഞാൽ പിന്നെ എന്റെ ജീവിതത്തെ കരുപ്പിടിപ്പിച്ചത് ഭാസ്കരൻ മാഷ് ആണ്  എന്റെ ഭർത്താവ്. (ഇപ്പോൾ  മട്ടന്നൂർ നഗര സഭാ ചെയർമാൻ) ഭാസ്കരൻ മാഷ് ഡിവൈഎഫ്ഐ നേതാവായിരുന്നെങ്കിലും ഡിഗ്രിക്കു പഠിക്കുന്ന കാലത്ത് എനിക്കു പരിചയമുണ്ടായിരുന്നില്ല. പിന്നീടു ഞാൻ ഡിവൈഎഫ്ഐയുടെ ജില്ലാ കമ്മിറ്റിയിൽ വന്നപ്പോഴാണ് അടുത്തു പരിചയപ്പെട്ടത്.  ഞാൻ ഇരിട്ടിയിൽ നിന്നും മാഷ് മട്ടന്നൂരിൽനിന്നുമാണു കമ്മിറ്റിയിൽ വന്നത്. ഗോവിന്ദൻ മാഷും ശ്രീമതി ടീച്ചറും സി.കെ.പി. പത്മനാഭനും ഒക്കെ ആ ജില്ലാ കമ്മിറ്റിയിൽ ഭാരവാഹികളായിരുന്നു. അതൊരു നല്ല ടീമായിരുന്നു. ഞങ്ങൾ തമ്മിൽ അന്നുണ്ടായിരുന്ന അടുപ്പം ഇപ്പോഴും നിലനിൽക്കുന്നു. 

വിവാഹം 

ബിഎഡിനു പഠിച്ചത് കർണാടകയിലെ വിരാജ്പേട്ടിലാണ്. കാരണം, ഞങ്ങളുടെ അടുത്ത ബിഎഡ് കോളജ് അതായിരുന്നു. രാവിലെ പുറപ്പെട്ടാൽ കോളജിൽ സമയത്തെത്താം. കുറെ മാസങ്ങൾ അങ്ങനെ പോയി. പിന്നെ ബുദ്ധിമുട്ടായപ്പോൾ ഹോസ്റ്റലിൽ നിന്നു. ബിഎഡ് കഴിഞ്ഞപ്പോഴായിരുന്നു വിവാഹം. വിവാഹം കഴിഞ്ഞയുടനെ ഭാസ്കരേട്ടന്റെ വീടിനടുത്തുള്ള ശിവപുരത്തു സ്കൂളിൽ അധ്യാപികയായി.  രണ്ടായിരത്തിനാലിൽ സ്വമേധയാ വിരമിച്ചു. 1996 മുതൽ 2001 വരെ സർവീസിൽ ഒരു ഇടവേളയുണ്ടായി. ആ സമയത്തു ഞാൻ കൂത്തുപറമ്പ് എംഎൽഎ. ആയിരുന്നു. പിന്നെ തിരിച്ചുവന്നു വീണ്ടും അധ്യാപക ജോലി തുടർന്നു.  പിന്നീടു പാർട്ടി എന്നോടു മുഴുവൻ സമയ പ്രവർത്തകയാകാൻ ആവശ്യപ്പെട്ടതുകൊണ്ടു ജോലിയിൽനിന്നു വിരമിച്ചു.  എനിക്കു രണ്ടു മക്കളാണ്. ശോഭിത്തും ലസിത്തും.  രണ്ടു പേരുടെയും വിവാഹം കഴിഞ്ഞു. ശോഭിത്  ദുബായിലാണ്. സിൻജുവാണു ഭാര്യ. ലസിത് ടികെഎം എൻജിനീയറിങ് കോളജിൽനിന്നു ബിടെക് കഴിഞ്ഞു. രാജഗിരിയിൽ എംടെക് പഠിച്ചു. അവൻ വിവാഹം കഴിച്ചതു കാരായി രാജന്റെ മകൾ മേഘയെയാണ്. ആ കുട്ടി കിൻഫ്രയിൽ അപ്രന്റീസ് ആയി ജോലി ചെയ്യുകയായിരുന്നു. ആരോ പറഞ്ഞു രാജന്റെ മകളെ ആലോചിച്ചാലോ എന്ന്. അപ്പോഴാണു രാജന് ഇത്രയും വലിയ മകളുണ്ടെന്ന് അറിഞ്ഞത്. എങ്കിൽ ആലോചിക്കാമെന്നു തോന്നി. മോനും അതു സമ്മതമായിരുന്നു. നല്ല കുട്ടിയാണ്, നിനക്കു കാണണ്ടേ എന്നു ചോദിച്ചു. അവൻ പറഞ്ഞു, ഓ, അതൊന്നും വേണ്ട, അമ്മ പോയി കണ്ടാൽ മതി. പിന്നെ അവൻ പോയി മോളെ കണ്ടു. അവർക്കു പരസ്പരം ഇഷ്ടമായി.

ആരോഗ്യ മന്ത്രി കെ.കെ. ശൈലജ മന്ത്രി കെ.കെ ശൈലജ

വിട്ടുപോയ അച്ഛൻ

ഞാൻ പുറത്തു കാണിക്കാൻ ഇഷ്ടപ്പെടാത്ത ഒരു മുറിവുണ്ട്, മനസ്സിൽ. എനിക്ക് അഞ്ചു വയസ്സുള്ളപ്പോൾ എന്റെ അച്ഛൻ ഞങ്ങളെ പിരിഞ്ഞു. കുടുംബത്തിൽ എല്ലാവരും ലാളിച്ചു വളർത്തിയതു കൊണ്ട് ആ കുറവു ഞാൻ അറിഞ്ഞിട്ടില്ല. സഹദേവൻ അമ്മാവന്റെ സംരക്ഷണയിലാണു ഞാൻ വളർന്നത്. എങ്കിലും ഇന്ന് അച്ഛനെക്കുറിച്ചു ചിന്തിക്കുമ്പോൾ വേദന തോന്നാറുണ്ട്. 

ഞങ്ങളുടെ വീട്ടിൽനിന്ന് അഞ്ചാറു കിലോമീറ്റർ അകലെയായിരുന്നു അച്ഛൻ താമസിച്ചിരുന്നത്. അച്ഛൻ ഞങ്ങളുടെ നാട്ടിൽ വന്നു ഭൂമിയൊക്കെ വാങ്ങി താമസമുറപ്പിച്ചയാളാണ്. അവിടെയെത്തും മുന്‍പ് അച്ഛൻ നിയമാനുസൃതമല്ലാതെ ഒരു വിവാഹം കഴിച്ചിരുന്നു. അതിൽ ഒരു മകളുമുണ്ടായിരുന്നു. അച്ഛന്റെയും അമ്മയുടെയും വിവാഹം അമ്മയുടെ അമ്മാവൻമാരാണു നിശ്ചയിച്ചത്. അക്കാലത്ത് അമ്മാവൻമാർ പറയുന്നതിനപ്പുറം മറ്റൊരു തീരുമാനവും കുടുംബത്തിലെ പെൺകുട്ടികൾക്ക് ഉണ്ടായിരുന്നില്ല. ശാന്തയുടെ വിവാഹം ഉറപ്പിച്ചു എന്ന് അമ്മാവൻമാർ പറഞ്ഞു; വിവാഹം നടന്നു. അച്ഛനും അമ്മയും തമ്മിൽ ഇരുപതു വയസ്സിന്റെ വ്യത്യാസമുണ്ടായിരുന്നു. നേരത്തേ വിവാഹിതനാണെന്ന് അമ്മാമ്മയോടോ അമ്മാവൻമാരോടോ അച്ഛൻ തുറന്നു പറഞ്ഞില്ല.  വിവാഹം കഴിഞ്ഞു, ഞാൻ ജനിച്ചു. എനിക്ക് അഞ്ചു വയസ്സുള്ളപ്പോൾ ഒരു വലിയ പെൺകുട്ടി ‘അച്ഛാ’ എന്നു വിളിച്ചുകൊണ്ടു വീട്ടിൽ കയറിവന്നു. വീട്ടിലെല്ലാവരും സ്തംഭിച്ചു പോയി. അച്ഛൻ ആ സമയത്തും സത്യം പറഞ്ഞില്ല. എനിക്കറിഞ്ഞുകൂടാ എന്നു പറഞ്ഞു കുട്ടിയെ തിരിച്ചയയ്ക്കാനാണ് അച്ഛൻ ശ്രമിച്ചത്.  പക്ഷേ, അമ്മാമ്മ പറഞ്ഞു, അങ്ങനെ ഒരു കുട്ടി ഒരു കാരണവുമില്ലാതെ അച്ഛാ എന്നു വിളിച്ചു വീട്ടിൽ കയറി വരികയില്ല. അതിലെന്തോ കാര്യമുണ്ട്. ഇയാളുടെ മകളാണെങ്കിൽ നമ്മൾ സംരക്ഷിക്കും എന്ന് അമ്മാമ്മ പ്രഖ്യാപിച്ചു. അന്വേഷണത്തിൽ അതു സത്യമാണെന്നു തെളിഞ്ഞു. അമ്മാമ്മ ആ കുട്ടിയെ ഏറ്റെടുക്കുകയും ചെയ്തു.  പക്ഷേ, അമ്മയുടെ മനസ്സ് ആരും മനസ്സിലാക്കിയിരുന്നില്ല. പിന്നീട് അച്ഛന്റെ കൂടെ ജീവിക്കാൻ അമ്മ തയാറായില്ല. അച്ഛൻ മാപ്പുചോദിച്ചെങ്കിലും  അമ്മയ്ക്കു ക്ഷമിക്കാൻ സാധിച്ചില്ല. 

ജാനകി എന്നായിരുന്നു ആ ഏട്ടത്തിയുടെ പേര്. ജാനകിയേട്ടത്തിയുടെ വീടു കൂത്തുപറമ്പിലായിരുന്നു. അച്ഛൻ ഞങ്ങളുമായി പിരിഞ്ഞെങ്കിലും ഏട്ടത്തി നിരന്തരം ഞങ്ങളുടെ വീട്ടിൽ വന്നു താമസിക്കുകയും ഞങ്ങളുമായി നല്ല ബന്ധം പുലർത്തുകയും ചെയ്തിരുന്നു. എൺപതിലാണ് അച്ഛൻ മരിച്ചത്. അതിനു മുന്‍പ് എന്നെയൊന്നു കാണണമെന്നു പറഞ്ഞു. ഞാൻ മുന്‍പും വഴിയിൽ വച്ചു കണ്ടിട്ടുണ്ടായിരുന്നു. പക്ഷേ, അച്ഛൻ എന്ന വികാരമൊന്നും എനിക്കു തോന്നിയിരുന്നില്ല. കാരണം, അഞ്ചു വയസ്സിൽ പിരിഞ്ഞുപോയതാണല്ലോ. മാത്രമല്ല, എനിക്കു വീട്ടിൽ വലിയ സ്നേഹവും വാൽസല്യവും കിട്ടിയിരുന്നതുകൊണ്ട് അച്ഛന്റെ  സ്നേഹം ആവശ്യം വന്നില്ല. അച്ഛൻ ആശുപത്രിയിൽ കിടക്കുമ്പോഴാണു ഞാൻ പോയി കണ്ടത്. എന്നോടു കുറെ മാപ്പു ചോദിച്ചു. ചവിട്ടിയ പടവുകൾ കയറാൻ പറ്റിയില്ല എന്നു പറഞ്ഞു. അതേക്കുറിച്ചൊന്നും ഇനി ആലോചിക്കണ്ട എന്നു ഞാനും കുറെ തത്വശാസ്ത്രമൊക്കെ പറഞ്ഞു. ആ കൂടിക്കാഴ്ചയുടെ ഗൗരവം എനിക്ക് അന്നു മനസ്സിലായില്ല. ഞാൻ ചെറുപ്പമായിരുന്നല്ലോ. പക്ഷേ, ഇന്ന് അതാലോചിക്കുമ്പോൾ ഒരു നഷ്ടബോധം തോന്നുന്നു. 

അച്ഛൻ മരിച്ചപ്പോൾ മുഴുവൻ സ്വത്തും എനിക്കാണു നിയമപ്രകാരം കിട്ടിയത്. പക്ഷേ, അമ്മാമ്മ അതിന്റെ പകുതി ഏട്ടത്തിക്കു കൊടുത്തു.  ഇന്ന് ഏട്ടത്തിയും ജീവിച്ചിരിപ്പില്ല. അവരുടെ മക്കളുണ്ട്. അവരുമായി അടുപ്പം എന്നുമുണ്ട്. 

ആരോഗ്യരംഗത്തു നടപ്പാക്കുന്ന കാര്യങ്ങൾ

പുതിയ ഗവൺമെന്റ് അധികാരത്തിൽ വന്നശേഷം 252 പുതിയ ഡോക്ടർമാർക്കു നിയമനം നൽകി. അംഗപരിമിതരായ 84 പേർക്കു സ്ഥിരനിയമനം നൽകി. ആരോഗ്യരംഗത്തു പുതിയ തസ്തികകൾ സൃഷ്ടിച്ചു നിയമനം നടത്താനുള്ള നടപടികൾ എടുത്തു. താലൂക്ക് ആശുപത്രികളും ജീല്ലാ ആശുപത്രികളും സൂപ്പർ സ്പെഷ്യൽറ്റി ഹോസ്പിറ്റലാക്കി മാറ്റാനുള്ള പ്രവർത്തനങ്ങൾക്കു തുടക്കംകുറിച്ചു. സാമൂഹ്യ സാമ്പത്തിക പാരിസ്ഥിതിക മേഖലയിലെ സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ ഏറ്റവും പ്രാധാന്യം നൽകിയിരിക്കുന്ന മേഖലകളിൽ ഒന്നാണ് ആരോഗ്യമേഖല. കേരളത്തിന്റെ ആരോഗ്യമേഖലയിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികൾ യുഎൻഒയുടെ നേതൃത്വത്തിൽ ലോകരാഷ്ട്രങ്ങൾ അംഗീകരിച്ച സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി സമന്വയിപ്പിക്കും. 2015 മുതൽ ലോകത്തുള്ള എല്ലാ ആരോഗ്യനയങ്ങളും ഈ ലക്ഷ്യങ്ങളുടെ ചുവടുപിടിച്ചാണു രൂപീകരിക്കുന്നത്. മാതൃമരണം, ശിശുമരണം, എയ്ഡ്സ്, ടി.ബി, മലേറിയ, ജലജന്യ രോഗങ്ങൾ, മറ്റു സാംക്രമിക രോഗങ്ങൾ എന്നിവയെ നേരിടുക. ജീവിതശൈലീ രോഗങ്ങളിൽനിന്നുള്ള മരണം മൂന്നിലൊന്നായി കുറയ്ക്കുക, മയക്കുമരുന്ന്, മദ്യം എന്നിവയുടെ ഉപയോഗം നിയന്ത്രിക്കൽ, റോഡ്, ട്രാഫിക് അപകടങ്ങളിൽ നിന്നുള്ള മരണം കുറയ്ക്കൽ, യൂണിവേഴ്സൽ ഹെൽത്ത് കവറേജ്, സുരക്ഷിതവും ഗുണമേന്മയും ചെലവുകുറഞ്ഞതുമായ ചികിത്സ ലഭ്യമാക്കൽ, എല്ലാവർക്കും ആവശ്യമായ മരുന്നു ലഭ്യത ഉറപ്പുവരുത്തുക, അന്തരീക്ഷ – ജല മലിനീകരണത്തിൽനിന്നുള്ള മരണങ്ങളും രോഗങ്ങളും കുറയ്ക്കുക എന്നിങ്ങനെ ഒൻപത് ഉപ ലക്ഷ്യങ്ങൾ ഈ വികസന പദ്ധതിക്കു ഉണ്ട്.

മന്ത്രി കെ.കെ. ശൈലജയുടെ വകുപ്പുകൾ

ആരോഗ്യം, കുടുംബക്ഷേമം, ആരോഗ്യ വിദ്യാഭ്യാസം, ഒൗഷധ 

നിയന്ത്രണം, മലിനീകരണ നിയന്ത്രണം, സാമൂഹ്യ നീതി. 

വിലാസം: റൂം നമ്പർ 216,നേർത്ത് സാൻവിച്ച് ഗവ. സെക്രട്ടേറിയറ്റ്, 

തിരുവനന്തപുരം. ഫോൺ: 0471 2327876, 2327976, ഫാക്സ്: 0471  2332133

Your Rating: