Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇവളെന്തിന് ശരീരം കറുപ്പിൽ മുക്കിയെടുത്തു

Jaya ജയ

കൊച്ചിയിലെ നഗരമധ്യത്തിൽ ഒരു പെൺകുട്ടി ശരീരം മുഴുവന്‍ കറുത്ത ചായം പൂശി നടക്കുകയാണ്. ചിലരൊക്കെ ഇവൾക്കു വട്ടാണോയെന്ന ഭാവത്തോടെ നോക്കി നടന്നുനീങ്ങി, മറ്റു ചിലർ പരസ്യമായിത്തന്നെ കളിയാക്കി യാതൊരു കുറ്റബോധവുമില്ലാതെ പോകുന്നു... എന്നാൽ ഈ തുറിച്ചു നോട്ടങ്ങളോ കുറ്റപ്പെ‌ടുത്തലുകളോ പുച്ഛമോ പരിഹാസമോ ഒന്നും ഒരു പ്രശ്നമല്ല. കാരണം അവൾക്കൊരു ലക്ഷ്യമുണ്ട്.. ഈ നാട്ടിലെ ജാതി-വർണ വ്യവസ്ഥകൾക്കെെതിരെ തന്റേതായ രീതിയിൽ പ്രതികരിക്കുക എന്ന വലിയ ലക്ഷ്യം. വെളുപ്പു നന്മയുടെയും സവർണരുടെയും കറുപ്പു തിന്മയുടെയും അവർണരുടെയും പ്രതീകമായി നിലനിൽക്കുന്ന പരമ്പരാഗത കാഴ്ചപ്പാടുകൾക്കെതിരെ ഇതിനേക്കാൾ നല്ലൊരു പ്രതിഷേധമില്ലല്ലോ.

ഇത് ജയ പി എസ് എന്ന കലാകാരിയുടെ ഒറ്റയാൾ സമരത്തിന്റെ കഥയാണ്‌.ഹൈദരാബാദ് സർവകലാശാലയിലെ വിദ്യാർഥി രോഹിത് വെമുലയുടെ മരണത്തോടെയാണ് ജയ ശരീരം കറുപ്പു ചായം പൂശിയുള്ള നൂറുദിന പ്രതിഷേധ പരിപാടിയ്ക്കു തുടക്കമിടുന്നത്. നാൾക്കുനാൾ ദളിത് സമൂഹത്തിനെതിരെയുണ്ടാകുന്ന വേട്ടയാടലുകളാണ് ജയയെ ഇത്തരമൊരു ആശയത്തിലേക്കു നയിച്ചത്. കലാകക്ഷിയിലെ കലാകാരിയും ചിത്രകലാധ്യാപികയുമായ ജയ തന്റെ പ്രതിഷേധത്തെക്കുറിച്ചു മനോരമ ഓൺലൈനുമായി പങ്കുവെക്കുകയാണ്.

Jaya ജയ

എന്തായിരുന്നു ഇങ്ങനെയൊരു ആശയത്തിനു പിന്നിൽ?

ഏതൊരു കാര്യം നാം ചെയ്യുന്നതിനു പിന്നിലും നമ്മെ സ്വാധീനിക്കുന്ന എന്തെങ്കിലും കാര്യങ്ങൾ കാണും. എന്റെ കാര്യത്തിൽ അതു ഹൈദരാബാദ് സർവകലാശാലയിലെ വിദ്യാർഥിയായിരുന്ന രോഹിത് വെമുലയുടെ മരണമായിരുന്നു. എന്റെ ജനനം തന്നെയാണ് എന്റെ അപകടം എന്ന രോഹിത്തിന്റെ വാക്കുകളൊക്കെ എന്നെ വല്ലാതെ വേട്ടയാടി. രോഹിത്തിന് ​ എന്റെ പ്രായമായിരുന്നു. ഇരുണ്ട നിറമുള്ളവർ താഴേക്കിടയിൽ നിന്നുള്ളവരാണെന്നാണ് സമൂഹത്തിന്റെ പൊതുവായ ധാരണ. ഒരു ദളിതനായി ജനിച്ചതുകൊണ്ടാണല്ലോ രോഹിത്തിന് അങ്ങനെയൊക്കെ പറയേണ്ടി വന്നത്. രോഹിത് വെമുലയുടെ മരണത്തോടെ കഴിഞ്ഞ ജനുവരി 26നാണു കറുത്ത ചായം പൂശി പുറത്തിറങ്ങാൻ തീരുമാനിക്കുനന്ത്. വരുന്ന മെയ് അഞ്ചു വരെ നീണ്ടുനില്‍ക്കുന്ന പ്രതിഷേധം കറുത്ത നിറത്തിൽ തന്നെ അവതരിപ്പിക്കുന്ന ഭരതനാട്യത്തോടെ അവസാനിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.

ഇന്നത്തെ സാഹചര്യത്തിൽ ദളിതനായി ജീവിക്കുക എന്നത് വളരെ അപകടം പിടിച്ച കാര്യമാണ്. ദളിതർക്കെതിരെയുള്ള അതിക്രമങ്ങൾ ദിനംപ്രതി വർധിച്ചു കൊണ്ടിരിക്കുകയാണ്. അവർക്കു വേണ്ടി സംസാരിക്കുന്നവർ പോലും അടിച്ചമർത്തപ്പെടുന്ന കാലമാണിത്. ചരിത്രത്തിൽ ജാതീയതയുടെ വളരെ ഭീകരമായ അവസ്ഥ നാം കണ്ടിട്ടുണ്ട്. പിന്നീടു ജനാധിപത്യമൊക്കെ വന്നപ്പോൾ നാം കരുതി ഇനി മനുഷ്യൻ എന്ന വിഭാഗം മാത്രമേ കാണൂയെന്ന്. എന്നാൽ ചരിത്രം വീണ്ടും ആവർത്തിക്കപ്പെടുക തന്നെയാണിപ്പോൾ. ഇത്തരത്തിലുള്ള ജാതിവ്യവസ്ഥ, വർണവെറി എന്നിവയ്ക്കെതിരെ ഏതുരീതിയിൽ പ്രതികരിക്കണമെന്ന ആലോചനയിൽ നിന്നാണ് കറുത്ത നിറത്തിൽ ചായം പൂശിയൊരു പ്രതിഷേധത്തിനു തീരുമാനിക്കുന്നത്. ‌‌

Jaya ജയ

നിറമാണു സൗന്ദര്യത്തിന്റെ അളവുകോൽ എന്ന സമൂഹത്തിന്റെ ധാരണയോട് എന്തു തോന്നുന്നു?

സത്യമാണത്. നിറമാണ് സൗന്ദര്യത്തിന്റെ അളവുകോൽ എന്നു മാത്രമല്ല നിറത്തെ അടിസ്ഥാനപ്പെടുത്തി മനുഷ്യർ സ്വയം ധാരണയുണ്ടാക്കുകയാണ് ഇവൻ താഴ്ന്ന ജാതിക്കാരനാണ് ഇവൻ ഉയർന്ന ജാതിക്കാരനാണ് എന്നൊക്കെ. കറുത്ത നിറത്തിലുള്ളയാൾ താഴ്ന്ന ജാതിക്കാരനും വെളുത്ത നിറമുള്ളയാൾ ഉയർന്ന ജാതിക്കാരനും ആകുന്നതെങ്ങനെയാണ്? നിറംജാതി എന്നിവയുടെ അടിസ്ഥാനത്തിൽ കഴിവുള്ളവർ പലരും സമൂഹത്തിന്റെ പുരോഗമന സ്ഥലങ്ങളിൽ നിന്നും പിന്തള്ളപ്പെടേണ്ടി വരുന്നുണ്ട്.

സമൂഹം ഇത്രയൊക്കെ പുരോഗമിച്ചിട്ടും ജാതിയുടെയും മതത്തിന്റെയും കാര്യം വരുമ്പോൾ ഇപ്പോഴും പഴഞ്ചൻ ചിന്താഗതിയാണ്?

വിദ്യാഭ്യാസപരമായും സാമ്പത്തികപരമായുമൊക്കെ പല പുരോഗമനവും സമൂഹത്തിനു കൈവന്നിട്ടുണ്ടെങ്കിലും ജാതിമതംലിംഗം എന്നിവയുടെ അടിസ്ഥാനത്തിൽ പണ്ടത്തേക്കാൾ ഇന്നത്തെ സമൂഹം വിഭജിക്കപ്പെടുന്ന കാഴ്ചയാണു കാണുന്നത്. തൊഴിലിടങ്ങളിൽ പോലും ഇത്തരം വ്യത്യാസങ്ങളുടെ അടിസ്ഥാനത്തിൽ വേര്‍തിരിവുകളുണ്ട‌്. ഇതിനെതിരെ പ്രതികരിച്ചു വരുന്നവർ ഇല്ലെന്നല്ല പക്ഷേ ഇതിനെയെല്ലാം അംഗീകരിച്ചു വരുന്ന വലിയൊരു സമൂഹവും ഇവിടെയുണ്ട്. ആ സാഹചര്യത്തിനു മാറ്റം വരേണ്ടതാണ്. നിരന്തര പ്രതിഷേധത്തിലൂടെ മാത്രമേ ഇവയെല്ലാം ഇല്ലാതാക്കാനാവൂ.

ഭരതനാട്യം എന്നു പറയുമ്പോൾ തന്നെ അവിടെയും നിറം വരുന്നുണ്ട്. നിറം കുറഞ്ഞവർ പോലും വെളുപ്പിച്ചു മാത്രമേ വേദിയിൽ അവതരിക്കൂ?

സത്യമാണത്. ഭരതനാട്യത്തിൽ കുറച്ചു നിറം കുറവുള്ളവരെപ്പോലും വെളുപ്പിച്ചു മാത്രമേ കാണാനാകൂ. കഥകളി പോലുള്ള കലാരൂപങ്ങളിൽ കറുത്ത നിറം നൽകുന്നതു നെഗറ്റീവ് കഥാപാത്രങ്ങൾക്കാണ്. ഭരതനാട്യത്തിലാണെങ്കിൽ കറുപ്പ് എന്ന നിറത്തിനു സ്ഥാനമേയില്ല. വെളുപ്പു നന്മയുടെയും കറുപ്പ് തിന്മയുടെയും നിറമാണെന്നു പറയാതെ പറയുകയാണു പലരും. അതുകൊണ്ടു തന്നെയാണ് കറുത്ത ചായം പൂശി ഭരതനാട്യം അവതരിപ്പിക്കാൻ തീരുമാനിച്ചത്. ഏതെങ്കിലും പൊതുമധ്യത്തിലായിരിക്കും നൃത്തം അവതരിപ്പിക്കുക.

Jaya ജയ

ഇത്തരം ഒരു പ്രതിഷേധം സമൂഹത്തിൽ എന്തു മാറ്റം വരുത്തുമെന്നാണു കരുതുന്നത്?

എന്റെ ഈ പ്രതിഷേധത്തിലൂടെ സമൂഹം ഇന്നുമുതൽ മാറുമെന്നു യാതൊരു പ്രതീക്ഷയുമില്ല. പക്ഷേ ഇന്നത്തെ തലമുറ ജീവിക്കുന്നത് നമ്മുടെ മുൻതലമുറക്കാര്‍ നൽകിയ ഊർജത്തിൽ നിന്നല്ലേ. നമുക്കൊപ്പം ജീവിക്കുന്നവർക്കും ഇനി വരാനിരിക്കുന്നവർക്കുമെല്ലാം ഇതിലൂടെ എന്തെങ്കിലും സന്ദേശമോ ഊര്‍ജമോ നൽകാൻ കഴിയുമെന്നു തന്നെയാണ് എന്റെ വിശ്വാസം. ഭൂരിഭാഗം പേർക്കും സ്വീകാര്യമല്ലാത്ത ഒരു വസ്തുതയ്ക്കെതിരെ പ്രതികരിക്കുക എന്നതാണ് പ്രധാനം. അത് എത്രത്തോളം പേർ സ്വീകരിക്കും എന്നത് രണ്ടാമതു വരുന്ന കാര്യമാണ്.

കറുപ്പു പൂശി പുറത്തു പോകുമ്പോൾ സമൂഹത്തിന്റെ പ്രതികരണം എങ്ങനെയായിരുന്നു?‌

പനമ്പള്ളി നഗറിലുള്ള ഒരു കലാസ്ഥാപനത്തിൽ ചിത്രകലാധ്യാപികയാണു ഞാൻ. അതുകൊണ്ട് ചായം പൂശി പോകുമ്പോൾ അവിടെയുള്ള വിദ്യാർഥികൾക്ക് ഇത്തരം വ്യവസ്ഥകളെക്കുറിച്ച് ഒരു ധാരണ നൽകുവാൻ കഴിയുന്നുണ്ട്. കാണുന്നവരിൽ പലരും ഇതെന്താണ് ഇങ്ങനെ നടക്കുന്നതെന്നു ചോദിച്ചു വന്നിട്ടുണ്ട്. നല്ല തീരുമാനമെന്നു പറഞ്ഞു പിന്തുണക്കുന്നവർക്കൊപ്പം മറുഭാഗത്ത് പുച്ഛവും പരിഹാസവുമായി നടക്കുന്നവരുമുണ്ട്. യാത്രക്കിടയിൽ ഒരാൾ പൂതനെയെപ്പോലെ വേഷം കെട്ടി നടക്കുന്നതെന്തിനാണെന്നു ചോദിച്ചിട്ടുണ്ട്. ചിലരൊക്കെ എനിക്കെന്തോ അപകടം പറ്റിയതാണെന്ന് ആദ്യം കരുതിയിരുന്നത്. കാര്യം വിശദീകരിക്കുമ്പോൾ നിറത്തിന്റെ അടിസ്ഥാനത്തിൽ തങ്ങള്‍ നേരിട്ട വിവേചനങ്ങളെക്കുറിച്ചു തുറന്നു പറഞ്ഞവരുമുണ്ട്. ആദ്യദിവസങ്ങളിലൊക്കെ പൊതുനിരത്തിൽ ചായംപൂശി നടക്കുമ്പോൾ ആളുകളെ അഭിമുഖീകരിക്കാൻ ബുദ്ധിമുട്ടു തോന്നിയിരുന്നു. പിന്നെ അതു ശീലമായി.

Jaya ജയ സഹോദരി ജലജയ്ക്കൊപ്പം

വീട്ടുകാരുടെ പിന്തുണ?

എനിക്കൊരു സഹോദരനും സഹോദരിയും അമ്മയുമാണുള്ളത്. ഞാനിപ്പോൾ താമസിക്കുന്നത് തൃപ്പുണിത്തുറയിൽ ചേച്ചിക്കൊപ്പമാണ്. ചേച്ചിയും കലാപരമായ പശ്ചാത്തലമുള്ളയാളായതുകൊണ്ട് ഇതിന്റെ പുറകിലുള്ള രാഷ്ട്രീയത്തെ നന്നായി മനസിലാക്കുന്നുണ്ട്. കലാകാരന്മാർ അംഗമായിട്ടുള്ള കലാകക്ഷി എന്ന സംഘടനയിലെ അംഗമാണു ഞാൻ. നേരത്തെ രോഹിത് വെമുലയുടെ മരണത്തിൽ പ്രതിഷേധിച്ച് കലാകക്ഷി പ്രവർത്തകരെല്ലാം അവരവരുടെ മേഖലയുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങൾ നടത്തിയിരുന്നു. പിന്നെ അമ്മയൊക്കെ കുറച്ചു പ്രായമുള്ള ആളായതുകൊണ്ട് ഞാൻ ചെയ്യുന്ന കാര്യത്തെ, അതിന്റെ ഗൗരവത്തെ എത്രത്തോളം മനസിലാക്കുന്നുണ്ടെന്ന് അറിയില്ല. എന്നാലും ഇതുവരെ നെഗറ്റീവ് ആയി ഒന്നും പറഞ്ഞിട്ടില്ല.

സോഷ്യൽ മീഡിയ എത്രത്തോളം സഹായിച്ചു?

സോഷ്യൽ മീഡിയയുടെ പങ്കും ചില്ലറയല്ല. കാരണം ഞാൻ പ്രതിഷേധത്തിനു തുടക്കം കുറിച്ച ദിവസം മുതൽ ചായം പൂശി നടക്കുന്ന ചിത്രങ്ങളും മറ്റും സുഹൃത്തുക്കൾ ഫേസ്ബുക്ക് വഴിയും മറ്റും പങ്കുവച്ച് ഈ രാഷ്ട്രീയത്തെ പിന്തുണയ്ക്കുന്നുണ്ട്.

Jaya ജയ

യുവതലമുറയിലേറെയും ജാതിമതത്തിന് അതീതമായി ചിന്തിക്കുന്നവരാണ്?

തീർച്ചയായും. കഴിഞ്ഞ ദിവസം സംഘടിപ്പിച്ച മനുഷ്യ സംഗമത്തിൽ പങ്കെടുത്തവരിലേറെയും യുവജനങ്ങളായിരുന്നു. ജാതിയുടെയോ മതത്തിന്റെയോ പിന്‍ബലമില്ലാതെ ഒരേ ആശയവുമായി കടന്നുവന്നവർ. ജെഎൻയു, ഹൈദരാബാദ് സർവകലാശാല തുടങ്ങിയവയിലെ പ്രശ്നങ്ങളിലെല്ലാം യുവാക്കൾ കാര്യമായ ഇടപെടലുകൾ നടത്തുന്നുണ്ട്.

വനിതാ ദിനത്തിനു എൽഇഡി ബൾബ് വച്ചു ന‌ടത്തിയ പ്രതിഷേധത്തെക്കുറിച്ച്?

വനിതാ ദിനത്തിന്റെയന്ന് ശരീരം മുഴുവൻ എൽഇഡി ബൾബു വച്ചു പ്രകാശിപ്പിച്ചാണ് ഞാൻ നടന്നത്. സഞ്ചാര സ്വാതന്ത്രം സ്ത്രീകൾ നേരിടുന്ന പ്രധാന പ്രശ്നമാണ്. വൈകീട്ട് ഇത്ര സമയം കഴിഞ്ഞാൽ സ്ത്രീകൾ പുറത്തിറങ്ങരുതെന്ന് ഒരു നിയമവ്യവസ്ഥയും ആവശ്യപ്പെടുന്നില്ല. പക്ഷേ നമ്മുടെ സമൂഹം സ്വയം ഉണ്ടാക്കിയെടുത്ത ശീലങ്ങളാണതൊക്കെ. സ്ത്രീയുടെ സ്വാതന്ത്രത്തിനു പരിധി വയ്ക്കേണ്ടത് സമൂഹമല്ല എന്നതൊക്കെ തെളിയിക്കുകയായിരുന്നു ആ പ്രതിഷേധത്തിലൂടെ ലക്ഷ്യമിട്ടത്.

തന്റെ നൂറു ദിവസ പ്രതിഷേധം കഴിഞ്ഞാലുടൻ ഈ അനുഭവങ്ങളെല്ലാം കൂട്ടിച്ചേർത്ത് ഒരു പുസ്തകം പുറത്തിറക്കാനും ദളിതരുടെ ചിത്രങ്ങൾ വച്ച് ഒരു കലണ്ടർ തയാറാക്കുവാനും ജയയ്ക്കു പദ്ധതിയുണ്ട്. അഭിനന്ദിക്കാം ജാതിവർണ വ്യവസ്ഥകൾക്കെതിരെയുള്ള ഈ കലാകാരിയുടെ ഒറ്റയാൾ പോരാട്ടത്തെ.

Your Rating: