Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിരിയാണി വിറ്റ് മാസം ഒരു ലക്ഷം വരുമാനം!!

x-default

ബിസിനസിലെ പുതുമ അതിന്റെ വിജയത്തിൽ പ്രധാന ഘടകമാണ്. പാലക്കാട് വണ്ടാഴിക്കടുത്ത് പുതുക്കുളംപറമ്പ് എസ്സാർ ഫുഡ് പ്രോഡക്ട്സിന്റെയും സംരംഭകരായ സാറാബിയുടെയും സുബിന്റെയും വിജയം ഉദാഹരണമായി പറയാം. ഈ ക്വിക് ബിരിയാണി പായ്ക്കറ്റിനു ഏറെ പ്രത്യേകതകളുണ്ട്. പത്തു മിനിറ്റ് കൊണ്ട് ബിരിയാണി ഉണ്ടാക്കാമെന്നതു തന്നെ പ്രധാനം. അരിയിൽ തുടങ്ങി അൻപതോളം വ്യഞ്ജനങ്ങൾ ഈ പായ്ക്കറ്റിൽ അടങ്ങിയിരിക്കുന്നത് മറ്റൊരു വിശേഷം. ഇന്ത്യയിൽ പരക്കെ അറിയപ്പെടുന്ന ഫുഡ് സയന്റിസ്റ്റ് പ്രഫ. അലി എന്ന അലീസ് ഖന്നയുടെ ഫോർമുലയാണ് പായ്ക്കറ്റിൽ ഉപയോഗിക്കുന്നത്. ഈ ഫോർമുലയിൽ രണ്ടു വർഷത്തോളം പരീക്ഷണങ്ങൾ നടത്തി. അതിനു ഫലവുമുണ്ടായി. സുഗന്ധവ്യഞ്ജനങ്ങളും പച്ചക്കറികളും ഉണക്കിപ്പൊടിച്ചും അരച്ചുമാണ് ചേർത്തിരിക്കുന്നത്. രുചിക്കൂട്ട് മുൻകൂട്ടി തീരുമാനിച്ച പ്രകാരമായിരിക്കും. 

ഉണക്കിയ പഴത്തിൽ തുടക്കം

ഉണക്കിയ പഴങ്ങൾ എന്ന ആശയത്തിൽ നിന്നുമാണ് ക്വിക് ബിരിയാണിയിലേക്ക് എത്തുന്നത്. തുടക്കം ഡ്രൈഫ്രൂട്സ് അഥവാ ഉണക്കിയ പഴങ്ങളിൽ നിന്നായിരുന്നു. അതിന്റെ കച്ചവടത്തിനൊപ്പം ക്വിക് ബിരിയാണി പായ്ക്കറ്റുകൾ വിതരണം ചെയ്തപ്പോൾ മികച്ച പ്രതികരണം ലഭിച്ചു. അങ്ങനെയാണ് ഈ രംഗത്തു കൂടുതൽ നിക്ഷേപമിറക്കി സംരംഭം വിപുലപ്പെടുത്തിയത്.

x-default

നിർമാണരീതി

∙ റൈസ്മില്ലിൽനിന്നു നേരിട്ട് ജീരകശാല, ബസുമതി അരികൾ മാത്രം വാങ്ങുന്നു.

∙ പച്ചക്കറികൾ, മല്ലിയില, പുതിന, ഇഞ്ചി, തക്കാളി, സവാള, കറിവേപ്പില തുടങ്ങി അൻപതോളം ഇനങ്ങൾ ഉണക്കിപ്പൊടിച്ച് മസാല തയാറാക്കുന്നു.

∙ ഉണക്കുന്നതിനു ഡ്രയറും പൊടിക്കുന്നതിനു ഗ്രൈൻഡറും ഉപയോഗിക്കുന്നു.

∙ അരിയും മസാലപ്പൊടിയും പ്രത്യേകം പ്രത്യേകം പായ്ക്ക് ചെയ്യുന്നു.

∙ ആകർഷകമായി തൂക്കിപ്പിടിക്കാവുന്ന പേപ്പർ പായ്ക്കറ്റിലാണ് മാർക്കറ്റിൽ എത്തിക്കുന്നത്.

മേന്മകൾ

∙ പത്തു മിനിറ്റ് കൊണ്ടു ബിരിയാണി ഉണ്ടാക്കാം.

∙ 12 രുചിഭേദങ്ങളിൽ ബിരിയാണി തയാറാക്കാം.

∙ ഒരു പായ്ക്കറ്റ് കൊണ്ട് ബിരിയാണി തയാറാക്കിയാൽ എട്ടു പേർക്കു വരെ വിളമ്പാം.

∙ ഡാൽഡയോ നെയ്യോ ചേർക്കുന്നില്ല.

∙ നോൺവെജ് വേണമെങ്കിൽ മാംസം മാത്രം ചേർത്താൽ മതി.

∙ മൂന്നു മാസം വരെ കേടു കൂടാതിരിക്കും.

∙ ഫുഡ് സയന്റിസ്റ്റിന്റെ ഫോർമുലയും പായ്ക്കിങ്ങും ഉപയോഗിക്കുന്നു.

∙ സാധാരണ ബിരിയാണി കിറ്റിൽ പച്ചക്കറികളോ മസാലക്കൂട്ടിന്റെ പൊടിയോ ഉണ്ടാകില്ല. ക്വിക് ബിരിയാണിയിൽ ഇതു രണ്ടുമുണ്ട്.

നേരിട്ടുള്ള വിൽപനകൾ

മിക്കവാറും വിൽപന നേരിട്ടു തന്നെയാണ്. സൂപ്പർ മാർക്കറ്റ്, സ്റ്റേഷനറി കടകൾ, പലചരക്കു കടകൾ, ബേക്കറികൾ എന്നിവിടങ്ങളിലെല്ലാം വിറ്റുപോകുന്നു.

ഓർഡർ എടുത്തശേഷം സപ്ലൈ പതിവായി ഉപയോഗിക്കുന്ന ഉപഭോക്താക്കൾ ധാരാളമുണ്ട്. വടക്കഞ്ചേരിയിൽ സ്വന്തം ഷോപ്പും തുറന്നിട്ടുണ്ട്. പാലക്കാട്, മലപ്പുറം ജില്ലകളിൽ ഏജന്റ് വഴിയാണ് വിൽപന. കേരള അഗ്രോ ഇൻഡസ്ട്രീസ് എന്ന സർക്കാർ സ്ഥാപനവുമായി കരാറിലേർപ്പെടുക വഴി കേരളം മുഴുവനും ഇവരുടെ ഔട് ലെറ്റുകൾ വഴി ക്വിക് ബിരിയാണി വിതരണം സാധ്യമാകും.

കാഷ് & ക്യാരി അടിസ്ഥാനത്തിലാണു വിൽപന. അപൂർവമായി സൂപ്പർ മാർക്കറ്റുകളിൽ ക്രെഡിറ്റ് നൽകേണ്ടി വരാറുണ്ട്. കിടമത്സരം നിലനിൽക്കുന്ന വിപണിയാണിത്. എന്നാൽ പൊടിച്ചും അരച്ചും വ്യഞ്ജനങ്ങൾ ചേർത്തിരിക്കുന്ന ബിരിയാണി മിക്സ് വിപണിയിൽ വേറെയില്ലെന്നു സംരംഭകർ അവകാശപ്പെടുന്നു. 

പ്രതിമാസം 1200ൽ പരം പായ്ക്കറ്റുകൾ ഏജൻസികൾ വഴിയും 1000 പായ്ക്കറ്റുകൾ നേരിട്ടും വിൽക്കുന്നു.ഒരു പായ്ക്കറ്റിന് 230 രൂപ വരെയാണു വില. ശരാശരി അഞ്ചു ലക്ഷം രൂപയുടെ വിൽപനയാണ് പ്രതിമാസം ഉള്ളത്. 20 ശതമാനം അറ്റാദായം ലഭിക്കുന്നു.

മൂന്നു ലക്ഷം രൂപയുടെ നിക്ഷേപം

ഡ്രയർ, ഗ്രൈൻഡർ, ഹീറ്റർ, പായ്ക്കിങ് എന്നിങ്ങനെ മെഷിനറികൾ ഉപയോഗിക്കുന്നു. ഇതിനായി ഏകദേശം  മൂന്നു ലക്ഷം രൂപയുടെ നിക്ഷേപം വേണ്ടിവന്നു. സ്ഥാപനത്തിൽ രണ്ടു ജോലിക്കാർ മാത്രമാണുള്ളത്. പുതിയ ഷോപ്പുകൾ, തൽ‌സമയ കുക്കിങ് ഷോകൾ, കയറ്റുമതി സാധ്യതകൾ, പ്രതിമാസം 20 ലക്ഷം ടാർജറ്റ് (വിൽപന), പത്തു പേർക്കു കൂടി തൊഴിൽ... അങ്ങനെ പോകുന്നു ഇവരുടെ പ്രതീക്ഷകൾ!

പുതുസംരംഭകർക്ക്

ഇടത്തരം മുതൽമുടക്കിൽ ആരംഭിക്കാവുന്ന ലഘുസംരംഭം. തുടക്കത്തിൽ മെഷിനറി സംവിധാനങ്ങൾ പുറമേ നിന്നു ഉപയോഗപ്പെടുത്തി സ്ഥിരനിക്ഷേപം കൂടാതെ തന്നെ ആരംഭിക്കാം. വീട്ടമ്മമാർക്ക് പാർട്ട്ടൈം ആയി ചെയ്യാവുന്നതാണ്. തുടക്കത്തിൽ രണ്ടു ലക്ഷം രൂപയുടെ പ്രതിമാസ കച്ചവടം നേടിയാൽ പോലും 40,000 രൂപ അറ്റാദായം ഉറപ്പിക്കാം.

വിലാസം:

എസ്സാർ ഫുഡ് പ്രോഡക്ട്സ്

പുതുക്കുളം പറമ്പ്, വണ്ടാഴി,

പാലക്കാട്

(പാലക്കാട് ജില്ലാ വ്യവസായകേന്ദ്രത്തിലെ മാനേജറാണ് ലേഖകൻ)

Read more: Lifestyle Malayalam MagazineBeauty Tips in Malayalam