പണിയില്ലാതെ നടന്ന ബിടെക്കുകാരന് ഇപ്പോൾ മാസവരുമാനം ഒന്നര ലക്ഷം രൂപ!

ബിടെക് പാസായി ജോലി തേടി നടന്ന സമയത്തായിരുന്നു സാമ്പത്തിക മാന്ദ്യം ഇടിത്തീയായി വീണത്. ഒരിടത്തും രക്ഷയില്ല. ആദ്യം ആറു മാസം ജോലി ചെയ്യ്, എന്നിട്ടാലോചിക്കാം ശമ്പളം എന്ന ലൈനിലായിരുന്നു തൊഴിൽദാതാക്കൾ. കാശു മുടക്കി പഠിച്ചിട്ട് കറിവേപ്പിലയാകുന്ന അവസ്ഥ. അപ്പോഴാണ് സ്വന്തമായിട്ട് എന്തെങ്കിലും തുടങ്ങിയാലോ എന്നാലോചിച്ചത്.

രാവിലെ മുതൽ വൈകിട്ടു വരെ ഇന്റർനെറ്റിലും സോഷ്യൽമീഡിയയിലുമെല്ലാം കേറിനിരങ്ങുന്നതുകൊണ്ട് ആ വഴി തന്നെ പിടിച്ചു. അതെന്തായാലും മോശമായില്ല. ഇപ്പോൾ മറ്റൊരാളുടെ കീഴിൽ ഒരിടത്തും പോയിരുന്ന് ജോലി ചെയ്യാതെ സ്വന്തമായി, സ്വന്തം വീട്ടിലിരുന്ന് ബിസിനസ് ചെയ്യുകയാണ് ബിബിൻ മോഹൻ.

ഡിജിറ്റൽ മാർക്കറ്റിങ്. അൽപം കൂടി വിശദമാക്കിയാൽ സോഷ്യൽ മീഡിയ പ്രമോഷനും റെപ്യൂട്ടേഷൻ മാനേജ്മെന്റും. ഒരു വ്യക്തിയെക്കുറിച്ചോ ബിസിനസ് സ്ഥാപനത്തെക്കുറിച്ചോ നാലാളെ അറിയിക്കാനായി ഇന്റർനെറ്റിന്റെയും സോഷ്യൽ മീഡിയയുടെയും സമസ്ത സാധ്യതകളും പ്രയോഗിക്കുന്ന മാർക്കറ്റിങ് തന്ത്രം.

പ്രതിമാസം 5,000 രൂപ മുതലുള്ള പാക്കേജുകളിലാണ് ഇത്തരം ജോലികൾ ഏറ്റെടുക്കുന്നത്. വലിയ തുകയാണെങ്കിൽ വിശദാംശങ്ങൾ രേഖപ്പെടുത്തിയ എഗ്രിമെന്റും ഉണ്ടാകും. ഏതു തരത്തിലാണ് പേജുകളും മറ്റും തയാറാക്കേണ്ടതെന്നു ക്ലയന്റുമായി കൂടിയാലോചിച്ച് കൃത്യമായ സ്ട്രാറ്റജിയും പേജ് പ്ലാനുമെല്ലാം തയാറാക്കുന്നു.

കൂടുതൽ ആളുകൾ സോഷ്യൽ മീഡിയയിലെത്തുന്ന സമയം നോക്കി പോസ്റ്റിങ് നടത്താനും സംവിധാനമുണ്ട്. ശരാശരി ഒന്നര ലക്ഷം രൂപ വരെയാണ് ബിബിന്റെ മാസവരുമാനം.

''നിരന്തരമായ നിരീക്ഷണവും മാറ്റങ്ങൾ പ്രാവർത്തികമാക്കാനുള്ള മിടുക്കും കൂടിയേ തീരൂ. ഗൂഗിൾ ഒരു വർഷത്തിൽ നൂറുകണക്കിനു മാറ്റങ്ങളും അപ്ഡേറ്റ്സും വരുത്താറുണ്ട്. അതൊക്കെ മനസിലാക്കുകയും മാർക്കറ്റിങ് സ്ട്രാറ്റജിയിൽ വ്യത്യാസം വരുത്തുകയും വേണം." ബിബിൻ പറയുന്നു. 'ഗീവ് മീ എ കംപ്യൂട്ടർ വിത് ഇന്റർനെറ്റ്, ഐ വിൽ ഷോ യു ഹൗ ടു മേക്ക് മണി.' തന്റെ ഫെയ്സ്ബുക്ക് പേജിൽ ബിബിൻ കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്.

ബിബിൻ മോഹൻ

സിഇഒ

ക്വാഡ്റീഗൽ ഇൻഫോടെക്, 

ആലങ്ങോട്, ആലുവ