Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ ബിസിനസിന് ഇത്രയേറെ സാധ്യതകളോ? ആരെയും അമ്പരപ്പിക്കും ഈ വിജയകഥ

personal-finance-success-story-of-tasleem

ഇത്തരം ഒരു ബിസിനസിന് ഇത്രയേറെ സാധ്യതകൾ ഉണ്ടോ. തസ് ലിമിന്റെ വിജയകഥ കേൾക്കുന്ന ആരും ഒന്നമ്പരന്നു പോകും. കണ്ണൂർ ജില്ലയിലെ തലശ്ശേരിക്കടുത്ത് എടയന്നൂരിൽ വിവിധതരം ചിപ്സുകൾ ഉണ്ടാക്കുന്ന ഒരു ലഘുസംരംഭം നടത്തുകയാണ് ഇദ്ദേഹം. എംപികെ ഫുഡ്സ് എന്നാണ് സ്ഥാപനത്തിന്റെ േപര്.ഫ്രൈഡ് ഫുഡ് ഐറ്റംസ്, ചിപ്സ്, ശർക്കര വരട്ടി, മിക്സ്ചർ, മധുരസേവകൾ, മസാലസേവകൾ, പട്ടാണി മിക്സ്ചർ, പയ്യോളി മിക്സ്ചർ തുടങ്ങി 25ൽപരം ഇനങ്ങൾ ഇവിടെ ഉണ്ടാക്കി വിൽക്കുന്നു.വിപണി ആവശ്യപ്പെട്ടതനുസരിച്ച് ഓരോ ഇനങ്ങൾ ചേർത്തുചേർത്തുവന്നാണ് ഉൽപന്ന നിര വിപുലമായത്.

എന്തുകൊണ്ട് ഈ ബിസിനസ്?

നേരത്തേ എലൈറ്റ് ബ്രഡിന്റെ ഏജൻസി എടുത്ത് വിതരണം നടത്തുകയായിരുന്നു. അതിനായി ഒരു വാഹനം വാങ്ങി. ഇടവിട്ട ദിവസങ്ങളിലായിരുന്നു ബ്രഡിന്റെ വിതരണം. ബാക്കി ദിവസങ്ങളിൽ ഫ്രീയാണ്. ഫ്രീയായ സമയം വിനിയോഗിച്ച് വരുമാനമുണ്ടാക്കണമെന്ന ചിന്തയിൽ നിന്നാണ് ഇത്തരമൊരു ആശയം ഉയർന്നു വന്നത്. 

ലളിതമായ തുടക്കം 

േവശാല എന്ന സ്ഥലത്തെ സ്വന്തം വീടിനോടു ചേർന്ന് ഏതാനുംതരം മിക്സ്ചറുകൾ ഉണ്ടാക്കിക്കൊണ്ടായിരുന്നു തുടക്കം. വിറകടുപ്പിൽ കൈകൊണ്ടായിരുന്നു നിർമാണം. സഹായത്തിനു ഒരാളെയും കൂട്ടി. പ്രാദേശിക വിൽപനകൾ മാത്രമായിരുന്നു ആദ്യഘട്ടത്തിൽ നോക്കിയത്. അപ്പോൾ ശരാശരി 50,000 രൂപയുടെ കച്ചവടമുണ്ടായിരുന്നു.  വിപണി വികസിച്ചതനുസരിച്ച് ഉൽപാദനവും വർധിപ്പിച്ചു. ഇപ്പോൾ ഏകദേശം 1500 ചതുരശ്രയടി കെട്ടിടം വാടകയ്ക്ക് എടുത്തിരിക്കുന്നു. പത്തു ലക്ഷം രൂപയുടെ പുതിയ മെഷിനറികൾ സ്ഥാപിച്ചിരിക്കുന്നു. നിർമാണവും പായ്ക്കിങ്ങും നിർവഹിക്കാനുള്ള ഒൻപതു തൊഴിലാളികളെ കൂടാതെ വിതരണത്തിനും ആളെ ഏർപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ ഒരു മാസം ശരാശരി പത്തു ലക്ഷം രൂപയുടെ വിറ്റുവരവാണുള്ളത്.

tasleem

അസംസ്കൃത വസ്തുക്കൾ‌ പ്രാദേശികമായിത്തന്നെ

വാങ്ങലുകളെല്ലാം കോഴിക്കോട്ടെ സ്വകാര്യകച്ചവടക്കാരിൽനിന്നുമാണ്. അരിപ്പൊടി, കടലപ്പൊടി, നിലക്കടല, ഏത്തക്കായ, എണ്ണ, മുളക്, സുഗന്ധവ്യഞ്ജനങ്ങൾ, ധാന്യങ്ങൾ, ഉപ്പ്, പഞ്ചസാര, പായ്ക്കിങ് സാമഗ്രികൾ, അങ്ങനെ എല്ലാം രണ്ട് ഏജൻസികളിൽനിന്നായി വാങ്ങുന്നു. ഇവ സുലഭമായി കിട്ടുന്നുവെന്നു മാത്രമല്ല ക്രെഡിറ്റും ലഭിക്കുന്നുണ്ട്. 

കർണാടകയിലും വിൽപന

കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിലും കർണാടകത്തിലും വിൽപനയുണ്ട്. സപ്ലൈകോയിൽ സ്ഥിരമായി നൽകുന്നു. കണ്ണൂർ ജില്ലയിെല സൂപ്പർ മാർക്കറ്റുകളിൽ മാത്രമാണ് നേരിട്ടു വിൽപന. ബാക്കി എല്ലായിടത്തും വിതരണക്കാർ വഴിയാണ്. വിപണിയിൽ കിടമത്സരം ഉണ്ടെങ്കിലും ബാധിക്കുന്നില്ല. എത്ര ഉണ്ടാക്കിയാലും വിൽക്കാൻ കഴിയുന്ന വിപണിയുണ്ട്. പാലക്കാട്, മലപ്പുറം ജില്ലകളിൽനിന്ന് ഓർഡറുകൾ ലഭിക്കുന്നുണ്ടെങ്കിലും നൽകാൻ കഴിയുന്നില്ല. സഹോദരൻ ഹാഷിം ആണ് വിൽപനയുമായി ബന്ധപ്പെട്ട കാര്യങ്ങൾ നോക്കുന്നത്.

വിജയതന്ത്രങ്ങൾ

∙ വിലകൂടിയ, ഗുണമേന്മയുള്ള അസംസ്കൃത വസ്തുക്കൾ മാത്രം ഉപയോഗിക്കുന്നു.

∙ തികച്ചും ശുചിത്വമാർന്ന അന്തരീക്ഷത്തിൽ ഉൽപാദനവും പായ്ക്കിങ്ങും. 

∙ പായ്ക്കിങ് കഴിഞ്ഞാൽ രണ്ടു ദിവസത്തിനുള്ളിൽ ഡെലിവറി.

∙ യാതൊരു കാരണവശാലും വില കുറയ്ക്കില്ല.

∙ ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കില്ല.

∙ സംതൃപ്തരായ സ്ഥിരം കസ്റ്റമേഴ്സ്.

∙ ഒരു മാസം വരെ ക്രെഡിറ്റ് നൽകും.

∙ കൃത്യമായി പണം തരുന്ന വിതരണക്കാർ.

ഒരു PMENP സംരംഭം

factory

ഒരു PMENP യൂണിറ്റായാണ് പുതിയ സ്ഥലത്ത് തുടങ്ങിയത്. പത്തു ലക്ഷം രൂപയുടെ വായ്പ എടുത്തു. അതിൽ മൂന്നര ലക്ഷം രൂപ സബ്സിഡി അനുവദിച്ചു. ഫ്രൈയിങ്, ഡ്രയർ, മിക്സിങ്, സീലിങ്, പായ്ക്കിങ്, ഓവൻ മെഷീനുകൾ ഉണ്ട്. ഈയിനത്തിൽ മാത്രം പത്തുലക്ഷം രൂപയുടെ നിക്ഷേപം ഉണ്ട്. ഭാര്യ സൽമ ഹൗസ് ൈവഫാണ്. മക്കൾ ലിസ മെഹറിനും ലിബ മെഹറിനും ചെറിയ കുട്ടികളാണ്. എട്ടു ലക്ഷം രൂപയുടെ പ്രതിമാസ കച്ചവടവും അതുവഴി 1,60,000 രൂപയുടെ (20%) അറ്റാദായവും ഇപ്പോൾ ലഭിക്കുന്നുണ്ട്.

പുതിയ പ്രതീക്ഷകൾ

‘‘ഉൽപാദനം ഇരട്ടിയാക്കാനായി പുതിയ പ്ലാന്റ് സ്ഥാപിക്കാൻ ആഗ്രഹിക്കുന്നുണ്ട്. അതോടൊപ്പം വിപണി മറ്റു ജില്ലകളിലേക്കു കൂടി വിപുലപ്പെടുത്തണമെന്നും കരുതുന്നു.  ഇതെല്ലാം സാധ്യമാകുമ്പോൾ തൊഴിലില്ലാത്ത 25 േപർക്കു കൂടി ഒരു വരുമാനമാർഗം തുറന്നു നൽകാനാകും.’’ തസ് ലിം പറയുന്നു. 

പുതുസംരംഭകർക്ക് 

യാതൊരു നിക്ഷേപവും സാങ്കേതിക ജ്ഞാനവും ഇല്ലാതെ ആരംഭിക്കാവുന്ന ബിസിനസാണ്. വീട്ടിൽത്തന്നെ തുടങ്ങിയാലും മതി. FSSAIയുടെ റജിസ്ട്രേഷൻ തുടക്കത്തിൽത്തന്നെ എടുക്കണം. ആദ്യഘട്ടത്തിൽ രണ്ടു േപർക്ക് തൊഴിൽ നൽകാനാവും. മൂന്നു ലക്ഷം രൂപയുടെ വിറ്റുവരവ് ലഭിച്ചാൽപോലും 60,000 രൂപ അറ്റാദായമായി കിട്ടും.

വിലാസം:

ഇ. തസ്‌ലിം

എംപികെ ഫുഡ്സ്   

എടയന്നൂർ പി.ഒ., തലശ്ശേരി

മൊബൈൽ: 9961460988

(തൃശൂർ ജില്ലാ വ്യവസായ കേന്ദ്രത്തിലെ മാനേജരാണ് ലേഖകൻ)