Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇനിയും ‘ദയാപുര’ങ്ങളുണ്ടാവട്ടെ...

dayapuram1

ജാതിയുടെയും മതത്തിന്റെയും കണക്കുകളൊന്നുമില്ലാതെ, രാഷ്ട്രീയ ചേരിതിരിവുകളില്ലാതെ അഗതികൾക്കും അശരണർക്കും തണലാകുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനത്തെക്കുറിച്ചാണ് ഈ കുറിപ്പ്. കോഴിക്കോട് എൻ.ഐ.ടിക്കടുത്തുള്ള ദയാപുരമെന്ന സാമൂഹിക സാംസ്കാരിക കേന്ദ്രത്തെക്കുറിച്ച്. പകർന്നു കൊടുക്കുന്ന അക്ഷരങ്ങളിലേക്ക് മതവെറിയുടേയും രാഷ്ട്രീയവൈരത്തിന്റെയും ചേരുവകൾ ചേർത്തുവയ്ക്കുന്ന വിറളിപിടിച്ച കാലത്ത് ദയാപുരവും അവിടുത്തെ വിദ്യാർഥികളും അതിനു കാവൽ നിന്ന മനുഷ്യരും ഓർമിക്കപ്പെടണം. ചർച്ചയാവണം. മാതൃകയാവണം. കാരണം, ദയാപുരമെന്നത് ഒരു കൂട്ടായ്മയാണ്. മനുഷ്യനെ മനുഷ്യനായി കാണുന്ന, കണ്ണു നിറയുന്നവന്റെ സങ്കടം നെഞ്ചോടടുപ്പിക്കുന്ന ഒരു തലമുറയെ വാർത്തെടുക്കുന്ന വിദ്യാഭ്യാസ കൂട്ടായ്മ. 

1984ൽ അനാഥാലയമായാണ് ഇന്ന് കാണുന്ന ദയാപുരം ജനിച്ചത്. ശൈഖ് അൻസാരിയെന്ന വലിയ മനുഷ്യന്റെ പിന്തുണയിൽ ചേന്ദമംഗല്ലൂർ സ്വദേശിയായ സി.ടി അബ്ദുറഹീമും സുഹൃത്തുക്കളും ഒരു സ്വപ്നത്തിനു തുടക്കം കുറിക്കുകയായിരുന്നു. സാമ്പത്തികമായി ഉന്നതിയിൽ നിൽക്കുന്നവർക്ക് മാത്രം ലഭ്യമാവുന്ന മികച്ച വിദ്യാഭ്യാസം സമൂഹത്തിന്റെ എല്ലാ തട്ടിലുള്ളവർക്കും ലഭ്യമാവണം. ജീവിതപ്പാച്ചിലിനിടയിൽ കിതച്ചു നിന്നു പോകുന്ന മനുഷ്യരുടെ കൈ പിടിക്കണം. തണലാവണം – ലളിതമായിരുന്നു സ്വപ്നം. ആശയങ്ങളും മോഹങ്ങളും മഞ്ചാടിക്കുരു പോലെ കൂട്ടിവച്ച് സൗഹൃദത്തിന്റെ കരുത്തിൽ അവരതിനായി പ്രവർത്തിച്ചു. പതിയെ പതിയെ ദയാപുരത്തിന്റെ കവാടത്തിലേക്കെത്തുന്ന ആളുകളുടെ എണ്ണം കൂടി. സഹായത്തിനു വേണ്ടി മാത്രമായിരുന്നില്ല ആ വരവ്; മറിച്ച് സമഭാവനയും മതേതരത്വവും ഒന്നുചേരുന്ന മികച്ച വിദ്യാഭ്യാസം തേടി കൂടിയായിരുന്നു. പല ദേശങ്ങളിൽ നിന്നുള്ള അധ്യാപകർ, വിദ്യാർഥികൾ, സാമൂഹ്യ പ്രവർത്തകർ, കൂട്ടായ്മകൾ...ദയാപുരം ഒരു സാംസ്കാരിക കേന്ദ്രമായി വളർന്നു. ‘‘ആഹാരമോ മരുന്നോ വിദ്യാഭ്യാസമോ കിട്ടാതെ വിഷമിക്കുന്ന ഏതൊരു മനുഷ്യനും, അയാളുടെ മതമോ ജാതിയോ നിറമോ നാടോ ഏതുമാവട്ടെ, ഒരു അഭയസ്ഥാനമായി ദയാപുരം വളരണം’’ എന്ന ശൈഖ് അൻസാരിയുടെ സ്വപ്നത്തിന്റെ വേരുകൾ ആഴത്തിലേക്കിറങ്ങുകയായിരുന്നു; തണൽവിരിക്കുന്ന ഒരു വന്മരമായി.

ct-abdurahim സി.ടി അബ്ദുറഹീം

33 വർഷങ്ങൾക്കിപ്പുറം ദയാപുരത്തിന് ഒരുപാട് മാറ്റങ്ങളുണ്ട്. ഓടിട്ട ചെറിയ കെട്ടിടത്തിൽ തുടങ്ങിയ സ്ഥാപനം ഇന്ന് 40 ഏക്കറിലേക്ക് വളർന്നിരിക്കുന്നു. നഴ്സറി തൊട്ട് ബിരുദാനന്തരബിരുദം വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ. ആയിരക്കണക്കിനു വിദ്യാർഥികൾ. ലോകത്തിന്റെ പല കോണുകളിൽ സേവനമനുഷ്ടിക്കുന്ന പൂർവവിദ്യാർഥികൾ. പ്രശസ്തരായ എഴുത്തുകാരുടെയും സാമൂഹ്യപ്രവർത്തകരുടെയും പിന്തുണ...പക്ഷേ ഇന്നും ദയാപുരത്തിന് അടിത്തറയൊരുക്കുന്നത്, ജീവൻ പകരുന്നത് ശൈഖ് അൻസാരിയുടെ ആ സ്വപ്നമാണ്. അക്കാദമിക രംഗത്ത് മികച്ച നേട്ടങ്ങൾ കരസ്ഥമാക്കി മുന്നേറുമ്പോഴും ഇതൊരു കച്ചവട സ്ഥാപനമായി മാറാത്തതും അതു കൊണ്ടാണ്. ആയുസ്സിന്റെ നല്ലൊരു ഭാഗം ദയാപുരത്തിനായി ജീവിച്ച, ജീവിച്ചുകൊണ്ടിരിക്കുന്ന സി.ടി അബ്ദുറഹീമെന്ന മനുഷ്യനോ അദ്ദേഹത്തിന്റെ സുഹൃത്തുക്കൾക്കോ അങ്ങനെ ആർക്കും ഇതിൽ നിന്ന് ലാഭവിഹിതമില്ല. ഇതിൽ നിന്നുള്ള വരുമാനം ഓഹരികളായി നിക്ഷേപിക്കപ്പെടുന്നുമില്ല. ദയാപുരത്തിന്റെ ഇടപെടലുകളും സമൂഹത്തിൽ അതുണ്ടാക്കിയ, ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന ചെറിയ എന്നാല്‍ വലിയ മാറ്റങ്ങളുമാണ് കാവൽക്കാർക്ക് ബാക്കിയാവുന്നത്. 

ഫീസ് വാങ്ങി പഠിപ്പിക്കുന്ന ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ വളർച്ചയുടെ കണക്കുകളല്ല പറയുന്നത്. മറിച്ച്, ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും വേലിക്കെട്ടുകൾക്കപ്പുറം  ഉള്ളവനെയും ഇല്ലാത്തവനെയും ഒരുപോലെ കൂട്ടിപ്പിടിച്ച് അക്ഷരത്തിന്റെ യഥാർഥ പൊരുൾ പകർന്നു നൽകിയ ആശയത്തിന്റെ വിജയമാണ്. തന്റെ കൂടെ പഠിക്കുന്നവർക്കിടയിൽ ഒരു അനാഥ വിദ്യാർഥിയുണ്ടെന്ന് മറ്റുള്ള വിദ്യാർത്ഥികൾക്ക് തിരിച്ചറിയാൻ സാധിക്കാത്തിടത്ത് ഈ വിജയം അന്വർഥമാവുന്നു. ഫീസടക്കാൻ ശേഷിയുള്ള വിദ്യാർഥികളുടെ ഫീസുപയോഗിച്ച് അതിനു സാധിക്കാത്തവർക്ക് അതേ നിലവാരത്തിലുള്ള മികച്ച വിദ്യാഭ്യാസം സൗജന്യമായി ലഭ്യമാക്കുന്നത് ചെറിയൊരു കാര്യമല്ലല്ലോ. എല്ലാ മതസ്ഥരെയും ഉൾക്കൊള്ളുന്ന ഈ അഗതിസംരക്ഷണം സമൂഹത്തിന് മാതൃകയാവേണ്ടതുണ്ട്. 

dayapuram2

അടച്ചിട്ട മുറിയിൽ അടവച്ച് വിരിയിച്ചെടുക്കുന്ന, ചുറ്റുമുള്ള യഥാർഥ കാഴ്ചകൾ കാണാൻ ശേഷിയില്ലാത്ത ഒരു കൂട്ടമാണ് ‘സി.ബി.എസ്.ഇ’ വിദ്യാർഥികളെന്ന പൊതു ധാരണ പൊളിച്ചടുക്കുന്നിടത്തുമുണ്ട് ദയാപുരത്തിന്റെ അടയാളം. ദേശീയ സർവകലാശാലകളിലും മെഡിക്കൽ കോളജുകളിലും ബിസിനസ് ലോകത്തുമെല്ലാം ഇവിടെ നിന്നിറങ്ങിയ വിദ്യാർഥികളുടെ മനുഷ്യത്വമുള്ള അടയാളങ്ങളും പ്രതികരണങ്ങളും കാണാം. അടയ്ക്കുന്ന ഫീസിന്റെയോ കട്ടിയേറിയ പാഠപുസ്തകങ്ങളുടെയോ അടിസ്ഥാനത്തിലല്ല ഒരു നല്ല മനുഷ്യൻ രൂപപ്പെടുന്നത്; പകരം അത് മനസ്സിലേക്ക് പകർന്നു കിട്ടുന്ന വെളിച്ചത്തിന്റെ തെളിമയിലാണെന്ന് ഈ അടയാളങ്ങൾ അടിവരയിടും. 

ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പരസ്യമോ പ്രൊമോഷനോ ആയി ഇത് വായിക്കരുത്. ഇത് വായിച്ചതിന്റെ പേരിൽ ദയാപുരത്തിന്റെ സ്ഥാപനങ്ങളിലേക്ക് ആരും പ്രവേശനം തേടി പോവുകയും വേണ്ട. അങ്ങനെ തോന്നിയെങ്കിൽ, ക്ഷമിക്കണം, ഈ കുറിപ്പ് നിങ്ങളെ ഉദ്ദേശിച്ചുള്ളതല്ല. മനസ്സിൽ അക്ഷരത്തിന്റെയും സ്നേഹത്തിന്റെയും മതേതരത്വത്തിന്റെയും വെളിച്ചം നിറയേണ്ട വിദ്യഭ്യാസ കാലഘട്ടത്തിൽ മതത്തിന്റെയും വർഗീയതയുടെയും കുത്തിവയ്പ്പുകൾ നടക്കുന്നത് കാണുമ്പോൾ, അതിനപ്പുറത്തുള്ള അക്ഷരപ്പൊരുളിന്റെ വെളിച്ചത്തെക്കുറിച്ചുള്ള ഓർമ മാത്രമാണിത്. മലയാളിയുടെ പ്രിയകവി ഒ.എൻ.വി കുറുപ്പെഴുതിയ ‘ദയാപുരം ഗീത’ത്തിൽ പറയുന്ന പോലെ, അനാഥകളും അബലകളും അഭയം തേടുന്ന, സമഭാവനയുടെ ഹരിതതടത്തെക്കുറിച്ച് കുളിരുള്ള ഒരു ഓർമ.