തോളും പുറവും കാണിച്ചതിന് വിദ്യാർഥിനിക്കു സസ്പെൻഷൻ, സ്കൂൾ അധികൃതർക്കു ചീത്തവിളി!

സ്കൂളില്‍ വിവാദമായ വസ്ത്രം ധരിച്ച് സമ്മർ

ഈ ഡ്രസിനെന്താ കുഴപ്പം. സോഷ്യൽ മീഡിയയിൽ പെൺകുട്ടി ധരിച്ച ഡ്രസ് കണ്ടവർ കണ്ടവർ അതാണു ചോദിക്കുന്നത്. പക്ഷേ സ്കൂൾ പ്രിൻസിപ്പലിന് അതത്ര പിടിച്ചില്ല. തോളും പുറവും കാണിക്കുന്ന ഡ്രസ് ധരിച്ച കുറ്റത്തിന് പെൺകുട്ടിക്കു സസ്പെൻഷൻ അടിച്ചു കയ്യിൽ കൊടുത്തു. പോരേ പൂരം. ലോകമെങ്ങുംനിന്നുള്ള ചീത്തവിളികൾക്കു മറുപടി പറഞ്ഞു മടുത്തു സ്കൂൾ അധികൃതർ. 

  

യുഎസിൽ ഹാരിസ്ബർഗിലെ ഹിക്കോറി റിഡ്ജ് ഹൈസ്കൂളിൽ സ്കൂൾ പഠനത്തിന്റെ അവസാനദിവസങ്ങളിലാണു സംഭവം. പച്ചനിറത്തിൽ നല്ല  ഭംഗിയുള്ളൊരു ടോപ്പ് ധരിച്ചെത്തിയതിന്റെ സന്തോഷത്തിലായിരുന്നു സമ്മർ എന്ന പെൺകുട്ടി. ക്ലാസിലിരിക്കുമ്പോൾ പ്രിൻസിപ്പലിന്റെ വിളി വന്നു. തോളും പുറവും കാണിക്കുന്ന വേഷം ധരിച്ചാണോ സ്കൂളിൽ വരുന്നത് എന്ന് ആദ്യ ചോദ്യം. എന്റെ വേഷത്തിന് എന്താ കുഴപ്പം എന്നു സമ്മറിന്റെ മറുചോദ്യം. വേഗം പോയി ഓവർകോട്ട് ധരിക്കൂ എന്നു പ്രിൻസിപ്പൽ. എന്റെ വേഷത്തിന് എന്താ കുഴപ്പം എന്നു വീണ്ടും സമ്മറിന്റെ മറുചോദ്യം. അതോടെ രംഗം മുറുകി. പ്രിൻസിപ്പൽ കസേരയിൽനിന്നു ചാടി എഴുന്നേറ്റും. വേഗം ഓവർകോട്ട് ധരിക്കാനാണു പറഞ്ഞത്. പ്രിൻസിപ്പൽ അലറി. തന്റെ കയ്യിൽ ഓവർകോട്ടില്ലെന്നു സമ്മർ. രംഗം കണ്ടു ഭയന്ന കൂട്ടുകാരി അവളുടെ ഓവർകോട്ട്  സമ്മറിന്റെ കയ്യിൽ കൊടുത്തു. സമ്മർ പ്രിൻസിപ്പലിന്റെ മുൻപിലെ കസേരയിൽ ഇരുന്നു തന്നെ അതു ധരിച്ചു. 

അതോടെ വീണ്ടും പ്രശ്നം. വേഗം റെസ്റ്റ് റൂമിൽ പോയി ഓവർകോട്ട് ധരിക്കാൻ പ്രിൻസിപ്പലിന്റെ കൽപന. അമ്മ വരാതെ താൻ ഇവിടുന്ന് അനങ്ങില്ലെന്ന് സമ്മർ.  ഒടുവിൽ പ്രിൻസിപ്പൽ കോട്ടിന്റെ പോക്കറ്റിൽനിന്നു റിവോൾവർ എടുത്ത് അവൾക്കു നേരെ ചൂണ്ടി. ഇതു ധരിച്ചില്ലെങ്കിൽ നിന്നെ അറസ്റ്റ് ചെയ്യിക്കും എന്നു ഭീഷണി. ഇതോടെ സ്കൂ‍ൾ ജീവനക്കാർ സമ്മറിനെ പുറത്തേക്കു കൂട്ടിക്കൊണ്ടുപോയി. ഈ സമയം അമ്മ വീട്ടിൽനിന്ന് ഓടിയെത്തി. സമ്മറിനെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി. തൊട്ടുപിന്നാലെ അവളെ സ്കൂളിൽനിന്നു സസ്പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവെത്തി. ഉടൻ നടക്കുന്ന സ്കൂൾ ബിരുദദാനച്ചടങ്ങിൽ പങ്കെടുക്കാൻ പാടില്ലെന്നും ഉത്തരവിട്ടു. അതോടെ സമ്മറിന്റെ കാര്യം സ്വാഹ. 

വെറുതെ ഒരു വാശിയിൽ നീങ്ങിയ തർക്കം സമ്മറിന്റെ ഭാവി തന്നെ ഇരുട്ടിലാക്കിയിരിക്കുകയാണ്. സ്കൂൾ ബിരുദദാനത്തിനു ശേഷം സ്കോളർഷിപ്പോടെ കോളജിൽ പ്രവേശനം നേടാനിരിക്കുകയായിരുന്നു സമ്മർ. ബിരുദദാനം തടഞ്ഞതോടെ ഇനി അവൾക്കു സർട്ടിഫിക്കറ്റ് കിട്ടില്ല. കോളജിൽ പ്രവേശനവും കിട്ടില്ല. സ്കൂൾ അധികൃതർ പിടിവാശി തുടർന്നതോടെ സംഭവം സോഷ്യൽ മീഡിയയിൽ ഹിറ്റായി. അതോടെയാണ് സ്കൂൾ അധികൃതർക്ക് ഇരിക്കപ്പൊറുതിയില്ലാതായത്. തന്നെ സ്കൂൾ പ്രിൻസിപ്പൽ മനപൂർവം കേസിൽ കുടുക്കിയതാണെന്നും പ്രിൻസിപ്പലുമായുണ്ടാകുന്ന നാലാമത്തെ ഉടക്കാണിതെന്നും സമ്മർ സമ്മതിക്കുന്നു.  

Read More: Style Factor, Fashion Trends