പ്രിയയുമായി താരതമ്യപ്പെടുത്തിയാൽ എന്നോടു ചെയ്യുന്നത് ഒന്നുമല്ല: ബഷീർ ബഷി

basheer-priya
SHARE

മോഡൽ, അവതാരകന്‍, അഭിനേതാവ് എന്നിങ്ങനെ വിശേഷണങ്ങൾ പലതുണ്ട് ബഷീർ ബഷിക്ക്. മോഹൻലാൽ അവതാരകനായ റിയാലിറ്റി ഷോയിലൂടെയാണ് ബഷീര്‍ പ്രശസ്തനാകുന്നത്. പ്രശസ്തി മാത്രമല്ല, കനത്ത സൈബർ ആക്രമണം നേരിടുന്ന മലയാളികളിലൊരാളാണ് ഇന്ന് ബഷീർ. രണ്ട് വിവാഹം കഴിച്ചിട്ടുണ്ട് എന്നതാണ് ഈ സൈബർ ആക്രമണത്തിനു കാരണം. ബഷീറിന്റെ സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകൾ, യൂട്യൂബ് വിഡിയോകൾ, ഓൺലൈനിൽ പ്രത്യക്ഷപ്പെടുന്ന വാർത്തകൾ ഇതിനെല്ലാം താഴെ അസഭ്യമായ ഭാഷയിൽ കമന്റുകള്‍ വരുന്നു. ഭാര്യമാരുടെ അക്കൗണ്ടുകളിലും ഇത് തന്നെയായിരുന്നു അവസ്ഥ. എന്നാൽ ഇതിനെതിരെ ഇതുവരെ പ്രതികരിക്കാൻ ബഷീർ ശ്രമിച്ചിട്ടില്ല. ഇങ്ങനെ ഒരു ആക്രമണം ഉണ്ടാകുന്നതിനാൽ സമൂഹമാധ്യമങ്ങളിൽ നിന്ന് ഒളിച്ചോടാനോ ബഷീർ ശ്രമിച്ചിട്ടുമില്ല. ‘ഞാൻ രണ്ടു വിവാഹം കഴിച്ചതുകൊണ്ടാണെന്നു കരുതാം. എന്നാൽ പ്രിയ വാര്യരോ ? ആ കുട്ടി എന്തു ചെയ്തിട്ടാണ്? എന്ന ചോദ്യം കൊണ്ട് ഇത്തരം ആക്രമണ ബഷീർ ചോദ്യം ചെയ്യുന്നു. അതുമായി താരതമ്യപ്പെടുത്തുമ്പോൾ താൻ നേരിടുന്നതൊന്നുമല്ല എന്നും ബഷീർ പറയുന്നു.

തന്റെ കാഴ്ചപ്പാടുകൾക്ക് അനുസരിച്ച് സ്നേഹിക്കുന്നവർക്കു വേണ്ടിയാണു ജീവിക്കുന്നതെന്നു ബഷീർ വ്യക്തമാക്കുന്നു. ഒരുപാട് പ്രതീക്ഷകളും സ്വപ്നങ്ങളുമായി മുന്നോട്ട് പോകുന്ന ഇദ്ദേഹത്തിന്റെ അടുത്ത ലക്ഷ്യം സിനിമയാണ്. അനൂപ് ചന്ദ്രന്റെ  സംവിധാനത്തിലൂടെയാണ് ബഷീറിന്റെ സിനിമാ പ്രവേശം. ജീവിതത്തെക്കുറിച്ചും തനിക്ക് എതിരെയുള്ള സൈബർ ആക്രമണങ്ങളെക്കുറിച്ചും ബഷീർ മനോരമ ഓൺലൈനോടു മനസ്സ് തുറക്കുന്നു. 

basheer
ബഷീർ ആദ്യ ഭാര്യ സുഹാനയോടൊപ്പം (ഇടത്), രണ്ടാം ഭാര്യ മഷൂറയോടൊപ്പം

എന്നെ വെറുക്കുന്നവർ ഒരുപാട് ഉണ്ട്

എന്നെ വെറുക്കുന്നവരോട് ഒന്നും പറയാനില്ല. മറ്റൊരാൾ നന്നാകുന്നത് ഇഷ്ടപ്പെടില്ല എന്നത് ഇപ്പോഴുള്ള ആളുകളുടെ ഒരു പ്രത്യേകതയാണ്. അതിന് ഉദാഹരണമാണ് പ്രിയ വാര്യർ. ആ കുട്ടി സമൂഹത്തോട് ഒരു ദ്രോഹവും ചെയ്തിട്ടില്ല. എന്നാൽ പ്രിയയുടെ ഒരു വിഡിയോ അല്ലെങ്കിൽ ഫോട്ടോ ഇറങ്ങാൻ കാത്തിരിക്കുകയാണ്. പിന്നെ അതിനടിയിൽ തെറിയും ബഹളവും. ഞാൻ ആലോചിക്കാറുണ്ട് പ്രിയ എന്തു ചെയ്തിട്ടാണെന്ന്? ഞാൻ രണ്ടു വിവാഹം കഴിച്ചതുകൊണ്ടാണ് എന്നെ വെറുക്കുന്നതും തെറി വിളിക്കുന്നതും എന്നു കരുതാം. എന്നാൽ പ്രിയ ഒന്നും ചെയ്തിട്ടില്ല. ജീവിതത്തിലേക്ക് വന്നിട്ടേ ഉള്ളൂ, അതിനു മുൻപേ ഇത്തരം ആക്രമണങ്ങൾ നേരിടേണ്ടി വരുന്നു. അതുമായി താരതമ്യം ചെയ്യുമ്പോൾ ഞാൻ നേരിടുന്നത് ഒന്നുമല്ല എന്നു തോന്നുന്നു. 

ഇത് അസൂയയാണ്

എനിക്ക് തോന്നുന്നത് ഇതെല്ലാം അസൂയയാണ് എന്നാണ്. ഞാൻ ഭാര്യമാരുമായി നല്ല രീതിയിൽ ജീവിക്കുന്നത് കാണുമ്പോൾ, ഒന്നുമല്ലാത്തവൻ പെട്ടെന്ന് ഒരു റിയാലിറ്റി ഷോയിലൂടെ എന്തെങ്കിലുമൊക്കെ ആയി തീരുമ്പോൾ ഉണ്ടാകുന്ന അസൂയ. ഒരാൾ നന്നാവുന്നത് ഇഷ്ടമല്ല. ഈ സമൂഹത്തോട് ഞാൻ ഒന്നും ചെയ്തിട്ടില്ല. ആർക്കും ഒരു ദ്രോഹത്തിനും നിൽക്കാറില്ല. എന്നിട്ടും യൂട്യൂബിലും സോഷ്യൽ മീഡിയയിലുമൊക്കെ തെറി വിളിയും ബഹളവും. എനിക്ക് സത്യത്തിൽ ചിരി വരും. ആളുകൾ ഇത്രയേ ഉള്ളൂ എന്നോർത്തിട്ട്. 

basheer-bashi-4

ഞാൻ പ്രതികരിക്കാൻ നിൽക്കാറില്ല

മാവിൽ മാങ്ങ ഉണ്ടെങ്കിലേ ആളുകൾ കല്ലെറിയൂ എന്നു കേട്ടിട്ടില്ലേ. ഞാൻ ഇതാണു ചിന്തിക്കുന്നത്. എന്നിൽ എന്തെങ്കിലും ഉണ്ടാകും. അതുകൊണ്ടാണ് ഇങ്ങനെയൊക്കെ. അതെല്ലാം ഓരോരുത്തരുടെ ഇഷ്ടം. എനിക്ക് യാതൊരു കുഴപ്പമില്ല. പ്രതികരിക്കാന്‍ പോയാൽ ആക്രമണം കൂടും. യൂട്യൂബിലും ടിക് ടോകിലും അവർ മോശം കമന്റുകൾ ഇട്ടെന്നു കരുതി വിഡിയോകൾ പങ്കുവെയ്ക്കുന്നത് അവസാനിപ്പിക്കാൻ പോകുന്നില്ല.

basheer-bashi-1

അവരുടെ സന്തോഷമാണ് വലുത്

ഷോപ്പിങ്ങിനായി പുറത്തു പോകുമ്പോൾ പലരും അടുത്തു വന്നു സ്നേഹത്തോടെയും ബഹുമാനത്തോടെയും സംസാരിക്കാറുണ്ട്. സമൂഹമാധ്യമങ്ങളിലെ ആക്രമണത്തിൽ ചെറിയൊരു വേദന ഉണ്ടായാൽ പോലും അതിനേക്കാൾ കൂടുതൽ സന്തോഷം അപ്പോൾ ലഭിക്കും. അതുകൊണ്ട് മോശം കമന്റുകൾ ശ്രദ്ധിക്കാറേയില്ല. എന്റെ കുടുംബത്തെ മാത്രമേ നോക്കേണ്ടതുള്ളൂ. അവർക്ക് എന്നെക്കുറിച്ച് മോശമായി ഒന്നും പറയാനില്ല. എന്റെ ഭാര്യമാർ രണ്ടുപേരും സന്തോഷമായിരിക്കുന്നു. വീട്ടുകാരും അങ്ങനെ തന്നെ. ജീവിതകാലം മുഴുവൻ അവരുടെ സന്തോഷം മാത്രമേ എനിക്കു ശ്രദ്ധിക്കേണ്ടതുള്ളൂ. മറ്റൊന്നിനെക്കുറിച്ചും ഞാൻ ചിന്തിക്കുന്നില്ല.

basheer-bashi

ബഷീറിനെ ഉപേക്ഷിക്കൂ...

ഭാര്യമാരുടെ ഫെയ്സ്ബുക്ക് ഇന്റ്ബോക്സിൽ മൊത്തം ഉപദേശങ്ങളാണ്. മക്കൾക്ക് ഉപ്പയില്ലെന്നു വിചാരിക്കാനും എന്നെ ഉപേക്ഷിക്കാനുമാണ് ആവശ്യപ്പെടുന്നത്. ആ സന്ദേശങ്ങൾ കാണുമ്പോൾ ചിരി വരും. ഭാര്യമാരും ചിരിച്ചുകൊണ്ടാണ് ഇതെല്ലാം വായിച്ചു കേൾപ്പിക്കുക. ഇതു പറയുന്ന ആളുകൾ വീട്ടിൽ കൊണ്ടുപോയി എന്റെ ഭാര്യയെ നോക്കുമോ? ചെലവിനു കൊടുക്കുമോ? എന്റെ മക്കൾക്ക് അസുഖം വരുമ്പോൾ ആശുപത്രിയിൽ കൊണ്ടു പോകുമോ. ഒരു കാര്യം മനസ്സിലാക്കണ്ടത് ഇതെല്ലാം ഞാൻ തന്നെയാണ് ചെയ്യുന്നത്. ഈ സന്ദേശങ്ങൾ അയക്കുന്നവരാരും ആ സമയത്ത് ഉണ്ടാവില്ലല്ലേ, എന്റെ ഭാര്യമാര്‍ അക്കൗണ്ടുകളൊക്കെ ഡിലീറ്റ് ആക്കി. അവര്‍ രണ്ടാളും കൂടിയെടുത്ത തീരുമാനമായിരുന്നു അത്. ബഷീറിന്റെ ചിത്രങ്ങളും വിശേഷങ്ങളും പങ്കുവെച്ചാൽ മതി എന്നാണ് അവരുടെ തീരുമാനം. 

basheer-bashi-3

രണ്ടു പേർക്കും ഒരുപോലെ സ്നേഹവും സംരക്ഷണവും

രണ്ടു ഭാര്യമാരെ നോക്കാൻ എനിക്ക് യാതൊരു ബുദ്ധിമുട്ടും തോന്നിയിട്ടില്ല. രണ്ടുപേർക്കും ഒരുപോലെ സ്നേഹവും സംരക്ഷണവും നൽകുക. അങ്ങനെയാണെങ്കിൽ യാതൊരു പ്രശ്നവുമില്ല. ഒരു ഭാര്യയെ തന്നെ നോക്കാൻ ബുദ്ധിമുട്ടുന്നുവെന്നു പറയുന്നവരുണ്ട്. ഭാര്യയെ നോക്കൽ ഒരു ചടങ്ങായി കാണുന്നതിന്റെ കുഴപ്പമാണത്. നമ്മുടെ ശരീരത്തിലെ ഒരു അവയം, കണ്ണോ കയ്യോ എന്തുമാകട്ടെ. അതുപോലെ നോക്കുകയാണെങ്കിൽ അവർക്ക് ഒരിക്കലും ബുദ്ധിമുട്ട് വരില്ല. 

സ്നേഹം എന്നും നിലനിൽക്കണം

എന്നെ സ്നേഹിക്കുന്നവരോടു തീർത്താൽ തീരാത്ത കടപ്പാടുണ്ട്. അവരും ഒരുപക്ഷേ എന്നെ വെറുത്തിരുന്നവരായിക്കാം. ആ റിയാലിറ്റി ഷോയിലൂടെ ഞാൻ എന്താണ്? എന്റെ വ്യക്തിത്വം എങ്ങനെയാണ്? എന്നെല്ലാം മനസ്സിലാക്കി സ്നേഹിക്കുന്നവരായിരിക്കും. എന്നും അവരുടെ സ്നേഹം നിലനിൽക്കണമെന്നേ ആവശ്യപ്പെടുന്നുള്ളൂ. ഒരുപാട് നന്ദിയും തീർത്താൽ തീരാത്ത കടപ്പാടുമുണ്ട്. എന്നും അങ്ങനെ ആയിരിക്കും.

basheer-anoop-chandran
ബഷീർ ബഷി അനൂപ് ചന്ദ്രനൊപ്പം

അഭിനയമാണ് പാഷൻ

സിനിമയാണ് ഇനി ലക്ഷ്യം. അനൂപ് ചന്ദ്രൻ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന സിനിമയുടെ ഷൂട്ട് ഫെബ്രുവരിയിൽ തുടങ്ങുകയാണ്. എനിക്ക് നല്ലൊരു വേഷം ചിത്രത്തിലുണ്ട്. അനൂപേട്ടന്റെ സിനിമ കഴിഞ്ഞശേഷം മാത്രം മറ്റ് അവസരങ്ങൾ തേടാനാണു തീരുമാനം. ഫെബ്രുവരിയിൽ കോട്ടയത്ത് ഷൂട്ടിങ് ആരംഭിക്കും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
FROM ONMANORAMA