ആദ്യമായല്ല എനിക്ക് ലോട്ടറിയടിക്കുന്നത് : പത്തു കോടിയുടെ തിളക്കത്തിൽ വത്സല

പരാതികൾക്കും പരിഭവങ്ങൾക്കും ഒടുവിൽ തൃശൂർ വിളപ്പുംകാൽ സ്വദേശി പള്ളത്ത് വീട്ടിൽ വത്സലയെ തേടിയെത്തിയിരിക്കുകയാണ് ഭാഗ്യദേവത. ഇത്തവണ തിരുവോണം ബംപർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ പത്തുകോടി ലഭിച്ചിരിക്കുന്നത് ഈ വീട്ടമ്മയ്ക്കാണ്.

വിളപ്പുംകാലിലെ വാടകവീട്ടിൽ ഇപ്പോൾ ബാങ്ക് ഉദ്യോഗസ്ഥരുടെ ബഹളമാണ്. നികുതിപ്പണവും ലോട്ടറി വിറ്റ ഏജന്റിന്റെ കമ്മിഷനും കഴിഞ്ഞു വത്സലയ്ക്ക് കിട്ടുന്ന 6.34 കോടി രൂപ തങ്ങളുടെ ബാങ്കിൽ നിക്ഷേപിക്കുണമെന്ന ആവശ്യവുമായി എത്തിയിരിക്കുകയാണ് ഇവർ. അഭിനന്ദനം അറിയിക്കാൻ എത്തിയ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും മറ്റൊരു നിര. വീട്ടിലൊരു ഉത്സവത്തിന്റെ പ്രതീതി. ഈ തിരക്കിനിടയിൽ മനോരമഓൺലൈനിനോട് മനസ്സുതുറക്കുകയാണ് വത്സല. 

‘‘കഴിഞ്ഞ ആറു വർഷമായി ഞാൻ ലോട്ടറി ടിക്കറ്റുകൾ എടുക്കുന്നു. ഭർത്താവിന്റെ മരണശേഷം മക്കളോടൊപ്പം വാടക വീട്ടിലേക്കു താമസം മാറി. സ്വന്തമായി ഒരു വീട് എന്ന ആഗ്രഹം അന്നുമുതലേ കൂടെയുണ്ട്. ആ ആഗ്രഹമാണ് ലോട്ടറി ടിക്കറ്റുകളെടുക്കാൻ പ്രേരണയായത്’’ വത്സല പറയുന്നു. 

ഭാഗ്യം തേടിയെത്തുമെന്ന ഉറച്ച വിശ്വാസത്തിൽ, ടിക്കറ്റെടുത്ത് പണം കളയരുതെന്ന പലരുടെയും ഉപദേശം വത്സല സ്നേഹപൂർവം നിരാകരിച്ചു. സ്ഥിരം ടിക്കറ്റുകൾ എടുക്കുന്ന മുരളീധരനിൽ നിന്നു തന്നെയാണ് ഓണം ബംപർ എടുത്തത്. വീടുവെയ്ക്കാൻ തക്കവിധമുള്ള ഒരു തുക സമ്മാനമായി ലഭിക്കണമെന്ന സ്ഥിരം പ്രാർഥനയേ മനസ്സിലുണ്ടായിരുന്നുള്ളൂ. എന്നാൽ ഫലം വന്നപ്പോൾ വത്സല ഞെട്ടി.  

'മുൻപും ലോട്ടറി അടിച്ചിട്ടുണ്ട്. 1000 ,5000, 7000 എന്നീ തുകകൾ. അതാണ് വീണ്ടും ടിക്കറ്റെടുക്കാൻ കാരണം. സമ്മാനത്തുക എന്ന് കിട്ടുമെന്ന് അറിയില്ല. ആദ്യം ഒരു വീട് സ്വന്തമാക്കണം, ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം. ബാക്കിയെല്ലാം പിന്നീട് തീരുമാനിക്കും' 

മകളുടെ വിവാഹം കഴിഞ്ഞു. രണ്ട് ആൺമക്കളുണ്ട്. അവർക്കൊപ്പമാണ് വത്സല താമസിക്കുന്നത്. കഷ്ടപ്പാടിന്റെ ഇരുണ്ട ദിനങ്ങൾക്കൊടുവിൽ ഭാഗ്യം തേടിയെത്തിയതിൽ മനസ്സ് നിറഞ്ഞു സന്തോഷിക്കുകയാണ് വത്സലയും കുടുംബാംഗങ്ങളും.