ഹൃദയം തുറന്ന് ഋഷ്യശൃംഗൻ വേദിയിൽ; വൈശാലിയായി റിമി

യാഗം ചെയ്ത് അംഗരാജ്യത്ത് മഴ പെയ്യിച്ച ഋഷ്യശൃംഗൻ ഒന്നും ഒന്നും മൂന്നിന്റെ വേദിയിൽ. മലയാള സിനിമാ പ്രേക്ഷകരുടെ ഹൃദയം കവർന്ന ഋഷ്യശൃംഗനായി എത്തിയത് സഞ്ജയ് മിത്രയായിരുന്നു. ഋഷ്യശൃംഗനു ശബ്ദം നല്‍കിയ ഗായകനും നടനുമായ കൃഷ്ണന്ദ്രനും വൈശാലിയുടെ സംവിധായകൻ ഭരതന്‍റെ ഭാര്യയും നടിയുമായ കെപിഎസി ലളിതയും സഞ്ജയ്ക്കൊപ്പം വേദിയിലെത്തി. മഴവിൽ മനോരമയിലെ ഒന്നും ഒന്നും മൂന്നിന്‍റെ വേദിയാണ് അപൂർവ സംഗമത്തിന് അരങ്ങൊരുക്കിയത്. വൈശാലി പുറത്തിറങ്ങിയ 30–ാം വർഷത്തിലായിരുന്നു ഈ കൂടിച്ചേരൽ.

മോഡലിങ് രംഗത്തുനിന്നാണ് സഞ്ജയ് സിനിമയിലെത്തുന്നത്. ‘‘22–ാമത്തെ വയസിലാണ് വൈശാലിയിൽ അഭിനയിച്ചത്. ആദ്യസിനിമയായിരുന്നു. പിന്നീട് ‍‍‍കുറച്ചുകാലം ഡൽഹിയിൽ ബിസിനസുകാരന്‍റെ റോളിൽ. വീണ്ടും ബോംബെയിലെത്തി‍. കുറച്ചു സീരിയലുകൾ ചെയ്തു.’’, സഞ്ജയ് മിത്ര പറഞ്ഞു.

ചിത്രത്തിലെ നായകനായി ആദ്യം വിനീതിനെയാണ് തീരുമാനിച്ചിരുന്നത്. എന്നാൽ വിനീത് അപ്പോൾ മറ്റു ചില ചിത്രങ്ങളുടെ തിരക്കിലായിരുന്നു. ഭരതൻ തന്നെ തേടിയ എത്തിയ കഥ പറഞ്ഞത് സഞ്ജയ് തന്നെയാണ്.

''ബോംബെയിൽ മോഡലിങ്ങ് ചെയ്തു കൊണ്ടിരുന്ന സമയമാണ്. ഞാന്‍ ലൈഫ് ബോയ് സോപ്പിന്‍റെ പരസ്യത്തിൽ അഭിനയിച്ചതു കണ്ടാണ് ഭരതൻ സാർ തേടിയെത്തിയത്. ബോംബെയിലെത്തിയ അദ്ദേഹം എന്നെ ഹോട്ടല്‍ റൂമിലേക്ക് വിളിപ്പിച്ചു. എത്ര വയസായെന്നു ചോദിച്ചു. 22 വയസായെന്നു പറഞ്ഞു. അതിലും ചെറുപ്പക്കാരായവരെയാണ് അദ്ദേഹം തേടുന്നതെന്നു പറഞ്ഞു. പിന്നെ എന്നോട് ഷര്‍ട്ട് ഊരാൻ പറഞ്ഞു. എനിക്കൊന്നും മനസിലായില്ല. നല്ല ശരീരവും ആകാരഭംഗിയുമുള്ളവരെയാണ് അദ്ദേഹം സിനിമക്കു വേണ്ടി തേടുന്നതെന്ന് പറഞ്ഞു. അന്ന് എനിക്ക് കഥാപാത്രത്തെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു''.

''സിനിമയുടെ ചീത്രീകരണസമയത്ത് ശരിക്കും മഴ പെയ്തിരുന്നു. ഞാനിങ്ങോട്ട് വരുമ്പോഴും മഴയുണ്ട്. ഋഷ്യശൃംഗൻ എത്തിയെന്ന് അപ്പോഴെനിക്ക് മനസിലായി'', കെപിഎസി ലളിത പറഞ്ഞപ്പോൾ സദസിൽ കൂട്ടച്ചിരി.

വൈശാലിയിലെ നായിക സുപർണയെ ആണ് സഞ്ജയ് ആദ്യം വിവാഹം ചെയ്തത്. 2007 ൽ ഇവർ വിവാഹമോചിതരായി. രണ്ട് കുട്ടികളും ഡൽഹിയില്‍ സുപർണയോടൊപ്പമാണ് താമസം. ഇരുവരും വീണ്ടും വേറെ വിവാഹം ചെയ്തു. ഇവിടേക്ക് വരാനിരുന്നതാണെന്നും ഒരു അപകടത്തെ തുടർന്ന് വിശ്രമത്തിലായതുകൊണ്ടാണ് സുപർണക്ക് എത്താൻ സാധിക്കാത്തതെന്നും ഇപ്പോഴും തങ്ങൾ നല്ല സുഹൃത്തുക്കളാണെന്നും സ‌ഞ്ജയ് പറഞ്ഞു. തുടർന്ന് ഫോണിൽ ബന്ധപ്പെട്ടപ്പോള്‍ താൻ എല്ലാവരേയും കാണാനാഗ്രഹിക്കുന്നതായും ഇപ്പോൾ എത്താൻ സാധിക്കാത്ത സാഹചര്യമാണെന്നും സുപർണയും അറിയിച്ചു.