ചൈനീസ് പെൺകുട്ടികൾക്കിത് ‘കക്ഷകാലം’

നടി ജെമൈമ കിർക് സ്ലീവ്ലസ് ഡ്രസിൽ

കഷ്ടകാലമല്ല, ചൈനയിലെ സമൂഹമാധ്യമങ്ങളിൽ ‘കക്ഷകാല’മായിരുന്നു കഴിഞ്ഞ രണ്ട് ആഴ്ച. കൃത്യമായി പറഞ്ഞാൽ മെയ് 26 മുതൽ ജൂൺ 10 വരെ. ചൈനയിലെ പ്രശസ്ത വനിതാവിമോചക പ്രവർത്തകയായ ഷ്യാവോ മെയ്‌ലി എന്ന അഭിഭാഷകയായിരുന്നു എല്ലാറ്റിനും തുടക്കമിട്ടത്. ചൈനീസ് മൈക്രോ ബ്ലോഗിങ് സൈറ്റായ വെയ്ബോയിൽ ഒരുദിവസം ഷ്യാവോ ഒരു പോസ്റ്റിട്ടു. സംഗതി ഒരു മൽസരമായിരുന്നു. കക്ഷത്തിൽ ഏറ്റവും മനോഹരമായ മുടിയിഴകളുള്ള ചൈനീസ് പെൺകുട്ടിയെ കണ്ടെത്താൻ വേണ്ടിയായിരുന്നു അത്. മത്സരത്തിൽ പങ്കെടുക്കുന്നവർ ഒരു സെൽഫിയെടുത്ത് പോസ്റ്റ് ചെയ്യുകയായിരുന്നു വേണ്ടിയിരുന്നത്. എന്താണ് ഇത്തരമൊരു നീക്കത്തിന് ഷ്യാവോയെ പ്രലോഭിപ്പിച്ചതെന്നറിയില്ല, പക്ഷേ പോസ്റ്റിനു പിറകെ ഇത്തരം ഫോട്ടോകൾ പലരും വെയ്ബോയിൽ പോസ്റ്റ് ചെയ്യാൻ തുടങ്ങി. വിദ്യാർഥികൾ മുതൽ വീട്ടമ്മമാർ വരെയുണ്ടായിരുന്നു അതിൽ.

armpithairdontcare, #hairypitsclub

കക്ഷത്തിൽ ചുവപ്പുനിറം പൂശി ഗായിക മൈലി സൈറസ്

എന്നീ ഹാഷ് ടാഗുകളോടെയായിരുന്നു പോസ്റ്റിങ്. ഫോട്ടോകൾ നിറഞ്ഞു കവിഞ്ഞതോടെ ഇക്കാര്യം വാർത്തയുമായി. മാധ്യമങ്ങൾ ഈ ‘കക്ഷവിപ്ലവ’ത്തിനു തുടക്കമിട്ട കക്ഷിയെ തേടിയെത്തി. രോമം നിറഞ്ഞ കക്ഷം സ്ത്രീത്വത്തിനു ചേർന്നതല്ലെന്നും സംസ്കാരത്തിന് എതിരാണെന്നും വൃത്തികെട്ട ഏർപ്പാടുമാണെന്ന തരത്തിലുള്ള പ്രചാരത്തിൽ പ്രതിഷേധിച്ചായിരുന്നത്രേ ഷ്യാവോ ‘ചൈനീസ് ആംപിറ്റ് ഹെയർ കോംപറ്റീഷൻ’ എന്ന ക്യാംപെയ്ൻ സംഘടിപ്പിച്ചത്. ആധുനിക ലോകത്തിൽ തികച്ചും അപരിഷ്കൃതരായാണ് ഇത്തരക്കാരെ കാണുന്നത്. പ്രത്യേകിച്ച് ചൈനയിൽ. വർഷങ്ങളായുള്ള സൗന്ദര്യവർധക നിർമാണ കമ്പനികളുടെ പരസ്യങ്ങളും മറ്റുമാണ് ഇതിനു കാരണമായതെന്നും ഷ്യാവോ ചൂണ്ടിക്കാട്ടുന്നു.

ആംപിറ്റ് ഹെയർ മത്സരത്തിൽ ഒന്നാം സ്ഥാനത്തെത്തിയ പെൺകുട്ടി

ഇരുപത്തിയൊന്നാം നൂറ്റാണ്ടായിട്ടും സ്ത്രീകൾക്ക് അവരുടെ ശരീരസ്വാതന്ത്ര്യത്തിന് ഒരു അവകാശവുമില്ലാത്ത നിലയിലാണ് കാര്യങ്ങളുടെ പോക്ക്. ഇത് അനുവദിക്കാനാകില്ലെന്നും തങ്ങളുടെ ശരീരത്തിൽ എന്തെല്ലാം വേണം, വേണ്ട എന്നെല്ലാം തീരുമാനിക്കേണ്ടത് പുരുഷന്മാരല്ലെന്നും ഷ്യാവോ കൂട്ടിച്ചേർക്കുന്നു. പുരുഷന്മാർക്ക് തോന്നിയ പോലെ ജീവിക്കാം, എന്തുകൊണ്ട് സ്ത്രീകൾക്കു പറ്റില്ല. പുരുഷന്മാർക്കും വളർത്താമെങ്കിൽ സ്ത്രീകൾക്കുമാകാം. ‘എല്ലാറ്റിനുമുപരിയായി ഇത് ഞങ്ങളുടെ ശരീരമാണ്. നിങ്ങളുടെയല്ല...’ എന്ന വാക്കുകൾ കൂടിയായതോടെ ഷ്യാവോയ്ക്ക് പിന്തുണയുമായി സെലിബ്രിറ്റികൾ വരെ രംഗത്തെത്തി. അതോടെ സംഗതി ചൂടുപിടിച്ചു. വിമർശനപീരങ്കി ഉണ്ടകളും തുരുതുരെയെത്തി. ആരും ആരെയും ഒന്നിനും നിർബന്ധിക്കുന്നില്ലെന്നും നിങ്ങൾക്ക് ഇഷ്ടമുണ്ടെങ്കിൽ ഇതെല്ലാം ഒഴിവാക്കിയാല്‍ മതിയെന്നുമായിരുന്നു പ്രധാന ഉപദേശം. ചെറുപ്പക്കാരെ വഴിതെറ്റിക്കാനാണ് ഇത്തരമൊരു നീക്കമെന്ന് മറ്റൊരു കൂട്ടർ.

വെയ്ബോയിൽ പോസ്റ്റ് ചെയ്ത ചിത്രം

നേരത്തെ കക്ഷത്തിലെ രോമത്തിന് ചുവപ്പുനിറം പൂശി ഗായിക മൈലി സൈറസ് തന്റെ പ്രതിഷേധം ലോകത്തെ അറിയിച്ചിരുന്നു. ഗായിക മഡോണയും അത്തരമൊരു ചിത്രം പോസ്റ്റ് ചെയ്ത് പണ്ട് അഭിനന്ദനങ്ങളും കണക്കിനു വിമർശനവും വാങ്ങിക്കൂട്ടിയിരുന്നു. കഴിഞ്ഞയാഴ്ച ഒരു അവാർഡ് നിശയ്ക്കിടെ നടി ജെമൈമ ക്ർക്കിനും കിട്ടി കണക്കിനു കളിയാക്കൽ. സ്ലീവ്‌ലസ് ഡ്രസിൽ വന്ന് കക്ഷത്തിലെ ‘വൃത്തികെട്ട’ കാഴ്ച ലോകത്തിനെ കാണിച്ചു എന്നും പറഞ്ഞായിരുന്നു ഫാഷൻ മാഗസിനുകൾ അന്ന് ജെമൈമയെ വിമർശിച്ചത്. എന്നാൽ ഇതിനു മറുപടിയായി ഹോളിവുഡ് സൗന്ദര്യധാമം സോഫിയ ലോറന്റെ ‘ആംപിറ്റ്’ ചിത്രവും ഒപ്പം ചേർത്തൊരു ട്വീറ്റും ജെമൈമ നടത്തി. ‘ഇതെന്റെ പഴ്സനൽ വിഷയമാണ്. നിങ്ങൾക്കൊക്കെ അതിലെന്താ കാര്യം...’എന്ന ലൈനിലായിരുന്നു ട്വീറ്റ്.

എന്തായാലും വെറുതെ വാർത്തയാക്കാൻ വേണ്ടിയായിരുന്നില്ല ഷ്യാവോയുടെ മത്സരം. വെയ്ബോയിൽ വന്ന ഫോട്ടോകൾക്കു ലഭിച്ച ലൈക്കുകളും എത്ര പേർ ഷെയർ ചെയ്തു എന്നതും നോക്കി അഞ്ച് വിജയികളെയും തിരഞ്ഞെടുത്തു. ഒന്നാം സ്ഥാനക്കാരിക്ക് നൽകിയ സമ്മാനം കേട്ടാൽ പക്ഷേ ആരുമൊന്നു നെറ്റി ചുളിക്കും–100 ഗർഭനിരോധന ഉറകൾ!!!