സാനിറ്ററി പാഡ് ഒളിച്ചു വാങ്ങേണ്ടതോ?

ഇന്ത്യയിൽ ജീവിക്കുന്ന പെൺകുട്ടികളെ സംബന്ധിച്ചിടത്തോളം സാനിറ്ററി പാഡ് വാങ്ങൽ ഒളിച്ചു ചെയ്യേണ്ടുന്ന ഒന്നാണ്. പുറമേയ്ക്കു കാണാത്തവിധം പൊതിഞ്ഞ പോളിത്തീൻ കവറുകളിലാണ് മിക്കവരും സാനിറ്ററി പാഡുകൾ വാങ്ങിവരാറുള്ളത്, അല്ലെങ്കിൽ അവർക്ക് ലഭിക്കാറുള്ളത്. ഇൗ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും സ്ത്രീയ്ക്ക് സാനിറ്ററി പാഡ് വാങ്ങാൻ ഇത്ര നാണിക്കേണ്ടതെന്താണെന്ന് ചിന്തിക്കേണ്ടതുണ്ട്? അല്ലെങ്കിൽ ആർത്തവത്തെയും അതിനെ സംബന്ധിക്കുന്ന കാര്യങ്ങളെ ഇത്രത്തോളം മറച്ചു വയ്ക്കേണ്ടതായി സമൂഹത്തെ പഠിപ്പിച്ചു വച്ചിരിക്കുന്നത് ആരാണ്? ഇത്തരത്തിൽ നിരവധി ചോദ്യങ്ങൾ ഉയർത്തുന്ന ഒരു വീഡിയോയുമായി രംഗത്തെത്തിയിരിക്കുകയാണ് യൂട്യൂബ് ചാനലായ പ്രാങ്ക് ബാസ്. സാനിറ്ററി പാഡ് നാണിക്കേണ്ട കാര്യമാണോ എന്ന ടൈറ്റിൽ നൽകിയിരിക്കുന്ന വീഡിയോയിലൂടെ സാമൂഹിക പ്രസക്തിയുള്ള വിഷയം തന്നെയാണ്പ്രാങ്ക് ബാസ് ഉയർത്തിക്കാണിച്ചിരിക്കുന്നത്.

ഡൽഹിയിലെ വിവിധ മെഡിക്കൽ ഷോപ്പുകളിൽ ചെന്ന് സാനിറ്ററി പാഡ് ആവശ്യപ്പെടുന്ന പെൺകുട്ടിയയൊണ് വീഡിയോയിൽ കാണുന്നത്. എല്ലാ ഷോപ്പുകളിൽ നിന്നും കറുത്ത നിറത്തിൽ പൊതിഞ്ഞു കെട്ടിയാണ് അവൾക്ക് പാഡ് നൽകുന്നത്. എന്തുകൊണ്ടാണ് വെള്ളക്കവറിലൊ അല്ലെങ്കിൽ പൊതിയാതെയോ പാഡ് നൽകാത്തതെന്ന പെൺകുട്ടിയുടെ ചോദ്യത്തെ എല്ലാ മെഡിക്കൽ ഷേപ്പുകാരും കളിയാക്കുകയാണ്. തുടർന്ന് പെൺകുട്ടി തിരിച്ചു പോകുന്നതോടെ പാഡ് സെക്സുമായി ബന്ധപ്പെട്ട ഒന്നായതു കൊണ്ടാണ് അത് രഹസ്യമാക്കി വക്കുന്നത്, ഇവൾക്കു നാണമില്ലേ, ഇൗ പെൺകുട്ടി വിദേശിയായിരിക്കും തുടങ്ങിയ മറുപടികളാണ് കടയുടെ ഉടമസ്ഥർ പങ്കുവെക്കുന്നത്. സ്ത്രീകളുടെ ആർത്തവകാലത്തെ നാണിക്കേണ്ടതും രഹസ്യമാക്കി വയ്ക്കേണ്ടതുമാണെന്ന ഇത്തരം നിലപാടുകളെ ചോദ്യം ചെയ്യുന്ന വീഡിയോ ഇതിനകം തന്നെ വൈറലായിട്ടുണ്ട്.