ഇനി എടിഎം വഴി മുലപ്പാലും !

Representative Image

തലക്കെട്ടു കണ്ടു ഞെട്ടണ്ട സംഗതി സത്യമാണ്. ഇനി എടിഎം കൗണ്ടർ വഴി മുലപ്പാലും വിതരണം ചെയ്യപ്പെടും. വിദേശത്തൊന്നുമല്ല തമിഴ്‌നാട്ടിലെ പുതുച്ചേരിയിലാണ് പുതിയ പരീക്ഷണവുമായി ആരോഗ്യ സംരക്ഷണ പ്രവർത്തകർ എത്തിയിരിക്കുന്നത്. ഹ്യൂമന്‍ മില്‍ക് ബാങ്ക് എന്ന ഈ വ്യത്യസ്ത ആശയത്തിനു നേതൃത്വം നൽകിയിരിക്കുന്നത് ജവഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്റ് റിസര്‍ച്ച് (ജിപ്‌മെര്‍) ആണ്.

അമ്മമാർക്കു വേണ്ടത്ര മുലപ്പാൽ ഇല്ലാതെ വരുന്ന സാഹചര്യങ്ങളിൽ നവജാത ശിശുക്കള്‍ക്കു ശരിയായ സംരക്ഷണവും ആരോഗ്യവും പ്രദാനം ചെയ്യുന്നതിനായാണ് മുലപ്പാൽ ബാങ്ക് പ്രവർത്തിക്കുന്നത്. 'അമുദം തായ്പാല്‍ മയം’ എന്നാണ് വ്യത്യസ്തമായ ഈ  പദ്ധതിയുടെ പേര്. മുലപ്പാൽ ബാങ്കിന് നേതൃത്വം നൽകുന്നതിന് പുറമെ  കുട്ടികളെ മുലപ്പാലൂട്ടുന്നത് സംബന്ധിച്ച് അമ്മമാര്‍ക്ക് പ്രത്യേക പരിശീലനവും ക്ളാസുകളും ‘ജിപ്‌മെര്‍’ കൊടുക്കുന്നുണ്ട്.

മാസം തികയാതെയുള്ള പ്രസവം ഭാരക്കുറവുള്ള കുട്ടികളുടെ എണ്ണം എന്നിവ വർദ്ധിച്ചതോടെയാണ് ഈ ആശയം ജനിക്കുന്നത്. ഇത്തരത്തിൽ ജനിക്കുന്ന കുട്ടികളുടെ അതിജീവനത്തിനായി ധാരാളം പാൽ ആവശ്യമായി വരും. ജിപ്‌മെറില്‍ ജനിക്കുന്ന 1500 കുട്ടികളില്‍ 30% വും മാസം തികയാതെയും ഭാരക്കുറവോടെയുമാണ് ജനിക്കുന്നത്. ഇതു തന്നെയാണ് രാജ്യത്തിന്റെ ബാക്കി സ്ഥലങ്ങളിലെയും അവസ്ഥ. 

ഭാരക്കുറവോടെയും മാസം തികയാതെയും കുട്ടികള്‍ ജനിക്കുന്ന സാഹചര്യത്തില്‍ അമ്മമാർക്ക് മുലയൂട്ടാൻ സാധിക്കില്ല. ഇനി പ്രസവത്തിൽ അമ്മമാർ മരിക്കുന്ന സാഹചര്യത്തിലും മുലപ്പാലിന്റെ ആവശ്യം വരുന്നു. ആയതിനാൽ ജിപ്മറിന്റെ ഈ പുതിയ ആശയം ഏറെ ഗുണം ചെയ്യും എന്നാണു പ്രതീക്ഷ. മുലപ്പാൽ ദാനം ചെയ്യുന്നതിനായി ജിപ്മർ അമ്മമാരുടെ സേവനവും ആവശ്യപ്പെട്ടിട്ടുണ്ട്.