കാഴ്ചകള‍സ്തമിക്കാത്ത കടപ്പുറം

ചിത്രങ്ങൾ: അതുൽ സി. ദ്രോണ

കോര്‍പ്പറേഷന്‍ ഒാഫീസിന്‍റെ മുന്നില്‍ ബസ്സിറങ്ങിയാല്‍ വിശാലമായ കോഴിക്കോട് ബീച്ചായി.അവിടെ നിന്നും തെക്കോട്ട് സീക്വീന്‍ ബാര്‍ ഹോട്ടല്‍ വരെ നീണ്ട ഇടനാഴിയാണ്. കരയില്‍ കരിങ്കല്‍ പാളികളില്‍ തട്ടി ചിതറുന്ന തിരകള്‍, പശ്ചാത്തലത്തില്‍ തിരയുെട സംഗീതം. ഇടനാഴിയിലൂടെ എത്രദൂരം വരെയും നടക്കാം. പങ്കുവെയ്ക്കാന്‍ ഇത്തിരി സ്നേഹവും പരിഭവവും കൂടി ഉണ്ടെങ്കില്‍ കടല്‍ നല്ലൊരു കൂട്ടുകാരനാകും. നിരത്തിയിട്ട മരബെഞ്ചുകള്‍ പുല്‍ തകിടി പിടിപ്പിച്ച കോണ്‍ക്രീറ്റ് ഇരിപ്പിടങ്ങള്‍, കൊറിക്കാന്‍ കടലയുമായി വഴികച്ചവടക്കാരെത്തും.

ചിത്രങ്ങൾ: അതുൽ സി. ദ്രോണ

കൂട്ടിലിട്ട തത്തയെ കൊണ്ട് കുറിയെടുപ്പിച്ച് ഭാവി ഭൂതം വര്‍ത്തമാനം പറയുന്ന കുറത്തിപെണ്ണുങ്ങളുടെ വരവായി പിന്നാലെ. മുറുക്കി ചുവന്ന ചുണ്ടിന് കീഴെ തുപ്പിതെറിച്ച മുറുക്കാന്‍ പറ്റിപ്പിടിച്ചിരിക്കും. മക്കളെ കൈയ്യൊന്ന് നോക്കട്ടെ....നല്ല മുഖലക്ഷണം, ഒരു പാട് പറയാനുണ്ട്,കാത്തിരിക്കാന്‍ ആരോ ഉണ്ടെന്ന് കൂടി പറഞ്ഞാല്‍ ഫ്രീക്കന്‍മാര്‍ കൈയ്യിലുള്ള പണം വെച്ച് നീട്ടും. കടപ്പുറത്ത് കാണുന്ന പലവേഷങ്ങളില്‍ പഴയ മുണ്ടും വേഷ്ടിയും ചുറ്റിയെത്തുന്ന കൈനോട്ടക്കാര്‍ അന്യം നിന്നു പോകുന്ന കാഴ്ചകളിലൊന്നാണ്.

ചിത്രങ്ങൾ: അതുൽ സി. ദ്രോണ

സന്ധ്യ മായ്ഞ്ഞാലും കാഴ്ചകളസ്തമിക്കാത്ത കടപ്പുറത്തേക്ക് ഇനിയും നടന്നിറങ്ങാം. മണലിലൂടെ നടക്കുമ്പോള്‍ ദൂരെ അസ്തമയ കോണില്‍ പരുന്തുകള്‍ വട്ടമിടുന്നത് കാണാം. മണല്‍ നടത്തത്തിന് ഒരു താളമുണ്ട്. കാലില്‍ തട്ടി മണല്‍ ചിതറി തെറിക്കും. മണല്‍തിട്ടിയിലിരുന്ന് തിരകളിങ്ങനെ തിരമാലകളായി മാറുന്നതും കണ്ടിരിക്കാനാണെനിക്കിഷ്ടം. കാലില്‍ വെള്ളികൊലുസ്സിടുന്ന മണല്‍പ്പുറത്ത് സ്വന്തം പേരെഴുതി മാറി നില്‍ക്കണം. ദൂരെ നിന്നൊരു തിരയെത്തി പേര് മായ്ക്കുമ്പോള്‍ കടലേയെന്ന് ഉറക്കെ വിളിക്കണം. കടപ്പുറത്തല്ലാതെ കാറ്റിനിത്ര വശ്യത അനുഭവപ്പെടാറില്ല.

ചിത്രങ്ങൾ: അതുൽ സി. ദ്രോണ

തിരയും തീരവുമല്ലാതെ കടലിന്‍റെ ഭാഗമായുള്ള പലതരം രുചികള്‍. പച്ചമാങ്ങയും പൈനാപ്പിളും െനല്ലിക്കയും ഈന്തപ്പഴവും തുടങ്ങി പപ്പായ വരെ ഉപ്പിലിട്ടത്. മുറിച്ച് വെച്ച പഴക്കഷണങ്ങളില്‍ അച്ചാറു തേച്ച് കഴിക്കാം. ഒരുന്തുവണ്ടിയില്‍ രുചിയുടെ പലവര്‍ണ്ണകാഴ്ചകള്‍ തള്ളികൊണ്ട് വരുന്ന കച്ചവടക്കാര്‍. പകല്‍ മായുമ്പോള്‍ ബാറ്ററിയില്‍ കത്തിക്കുന്ന ചെറു വെളിച്ചത്തില്‍ ഉന്തുവണ്ടികള്‍ കടപ്പുറം നിറയും. ബഹുവര്‍ണ്ണം വിതറുന്ന മങ്ങിയ വെളിച്ചത്തില്‍ കളിപ്പാട്ടങ്ങളുമായി കച്ചവടക്കാരുണ്ടാകും. പട്ടം പറത്താനെത്തുന്ന വിരുതന്മാര്‍ വേറെ. കാറ്റിനൊപ്പിച്ച് നൂലില്‍ കൊരുത്ത പട്ടം മാനം നോക്കി പറക്കുമ്പോള്‍ പട്ടത്തിന്‍റെ ഇങ്ങേയറ്റത്ത് ചരട് വലിക്കുന്ന മനസ്സും പറന്ന് പൊങ്ങുന്നുണ്ടാകും.

ചിത്രങ്ങൾ: അതുൽ സി. ദ്രോണ

ഉന്തുവണ്ടിക്കാരുടെ പ്രധാന ഇനം ഐസച്ചാറാണ്. ബ്ലേഡ് ഘടിപ്പിച്ച പലകയില്‍ ഐസ് കഷ്ണം ഉരസി നീക്കുമ്പോള്‍ മഞ്ഞ് തരികള്‍ പോലെ ഐസ് ഗ്ലാസിലേക്ക് വീഴും. ക്യാരറ്റും ബീറ്റ്റൂട്ടും ഉപ്പിലിട്ട വര്‍ണ്ണ പാനീയങ്ങള്‍ ഐസിലൊഴിക്കും മധുരം വേണമെങ്കില്‍ നന്നാറി സര്‍ബത്തൊഴിച്ച സ്പെഷല്‍ ഐറ്റം വേറെയും. പൊരിച്ച ഐറ്റംസ് ഇഷ്ടം പോലെ വേറെ കിട്ടും. കല്ലുമ്മക്കായ പൊരിച്ചത് ആവശ്യക്കാരേറെയുള്ള കടപ്പുറം സ്പെഷല്‍ ഐറ്റമാണ്.

ചിത്രങ്ങൾ: അതുൽ സി. ദ്രോണ

കുട്ടികളുമായെത്തുന്നവര്‍ക്ക് ലയണ്‍സ് പാര്‍ക്കിലേക്ക് പോകാം. പാര്‍ക്കില്‍ കളിക്കാനും ഇരിക്കാനും കഥപറയാനുമൊക്കെ വേണ്ട സൗകര്യങ്ങളുണ്ട്. തൊട്ടിപ്പുറത്താണ് ബ്രോക്കണ്‍ ബ്രിഡ്ജ് അഥവ തകര്‍ന്ന കടല്‍പ്പാലം. കടല്‍പ്പാലത്തിലിരുന്ന് കടലുകാണാത്തവര്‍ കോഴിക്കോട്ടുകാരല്ല. കടപ്പുറത്തിന്റെ പഴയകാല ഗരിമ വിളിച്ചോതുന്ന തൂണുകള്‍ കോഴിക്കോടിന്‍റെ നഷ്ടപ്രതാപത്തിന്‍റെ ചിഹ്നങ്ങളാണ്. കല്ലില്‍ കൊത്തിയ കവിത പോലെ കടല്‍ തീരത്ത് അവിടവിടെയായി ശില്‍പ്പങ്ങള്‍ ഉണ്ട്.കഥ പറയുന്ന തീരത്ത് ചില ശില്‍പ്പങ്ങള്‍ നിവര്‍ന്ന് നില്‍ക്കുന്ന ചോദ്യങ്ങളായി ഉയര്‍ന്ന് വരും.

ചിത്രങ്ങൾ: അതുൽ സി. ദ്രോണ

കടല്‍പ്പാലത്തിനടുത്ത് ഒാപ്പണ്‍ സ്റ്റേജാണ്. സ്റ്റേജിന് മുകളില്‍ കയറി നിന്ന് കടപ്പുറമാകെയൊന്ന് നോക്കി മാലോകരെയെന്ന് അഭിസംബോധന ചെയ്യാന്‍ തോന്നും. ആരൊക്കെ ഇവിടെ പാടി ആരൊക്കെ ആടി, ഉറക്കെ പ്രസംഗിച്ചു. മത സമ്മേളനങ്ങള്‍ രാഷ്ട്രീയ സമ്മേളനങ്ങള്‍ കാലിവരുന്നകള്‍ കേരളം നടുങ്ങിയ പല രാഷ്ട്രീയ തീരുമാനങ്ങളും പ്രഖ്യാപിക്കപ്പെട്ടത് ഈ വേദിയില്‍ വെച്ചാണ്.ഞായറാഴ്ച രാവിലെ വന്നാല്‍ കളിക്കാരുടെ ബഹളം.ഫുട്ബോള്‍ ഗോള്‍ പോസ്റ്റുകള്‍ കടപ്പുറത്തവിടവിടെ കാണാം.

ചിത്രങ്ങൾ: അതുൽ സി. ദ്രോണ

കടലിന് പ്രായമുണ്ടോ? പ്രായം മാത്രമല്ല ജാതി, മതം, ഭാഷ ഇതൊന്നുമില്ല. ഇവിടെയത്തുന്നവര്‍ക്കും ഈ വ്യത്യാസങ്ങളില്ല. കുഞ്ഞുങ്ങള്‍ മുതല്‍ തൊണ്ണൂറ് കഴിഞ്ഞ മുത്തശ്ശിമാര്‍ വരെ കടല്‍ കാണാനെത്തുന്നു. ഒാരോ തവണ കാണുമ്പോഴും വെവ്വേറെ കടല്‍, ഒാരോ തിരയും പുതിയതാണ്. കുടുംബ സമേതം കടപ്പുറത്തെത്തുന്നവരില്‍ പലജാതിമതസ്ഥര്‍, പര്സപരം കലപില കൂടാനോ വിദ്വേഷം വിളമ്പാനോ നേരമില്ലാത്തവര്‍. ‍അവര്‍ സ്നേഹിക്കുകയാണ്. തീരത്ത് അസ്തമയ സൂര്യന്‍ കുങ്കുമം വീഴ്ത്തുമ്പോള്‍ മഗ്രീബ് ബാങ്ഗ് മുഴങ്ങുന്നതിവിടെ കേള്‍ക്കാം.എല്ലാം തിരയിലൊഴുക്കി മനസ്സ് നിറയെ സ്നേഹത്തോടെ സമാധാനത്തോടെ കാഴ്ചക്കാര്‍ മടങ്ങും.രാത്രി പകലാക്കി കടപ്പുറത്തിരിക്കുന്നവരുണ്ട്.തിരിച്ച് പോവാന്‍ മനസ്സനുവദിക്കാതെ തിര വിളിക്കുന്ന വഴിയെ സഞ്ചരിക്കുന്നവര്‍...... കടലിനെ പ്രണയിക്കുന്നവര്‍ കോഴിക്കോട് വരുമ്പോള്‍ ഒരിക്കല്‍ ഈ കടപ്പുറത്ത് വരണം നിങ്ങളും കടലിനെ പ്രണയിക്കാന്‍ തുടങ്ങും...