ലോകം കൈകോർക്കുന്നു, ഈ സുന്ദരിയ്ക്കു വേണ്ടി...

മുനിറ മിർസൊയേവ

‘തോട്ടക്കാരിയായിരുന്താലും ഇവളിന്ന് ലോകത്തിൻ മോഹവല്ലി’ എന്ന അവസ്ഥയിലാണിപ്പോൾ തജിക്കിസ്ഥാനിലെ ഒരു പെൺകുട്ടി. അപ്രതീക്ഷിതമായി കൈവന്നു ചേർന്ന സൗഭാഗ്യത്തിനു മുന്നിൽ പകച്ചു നിൽക്കുകയല്ലാതെ വേറൊരു വഴിയുമില്ല കക്ഷിക്ക്. കാരണം ലോകത്തിന്റെ മുഴുവൻ കൺമണിയാണിപ്പോൾ ഈ പത്തൊൻപതുകാരി. നാട്ടുകാർക്കിടയിലാകട്ടെ ഒരു സെലിബ്രിറ്റി പരിവേഷവും. വഴിയിലൂടെ നടന്നു പോകുമ്പോൾ ഒരു പരിചയവുമില്ലാത്തവർ വരെ ചിരി തൂകുന്നു, കുശലം പറയുന്നു...സൈബർ ലോകത്തും ഇപ്പോൾ ചർച്ചാവിഷയം മുനിറ മിർസൊയേവ എന്ന ഈ സുന്ദരിക്കുട്ടിയാണ്.

തജിക്കിസ്ഥാൻ തലസ്ഥാനമായ ദുഷാൻബേയിലെ ഒരു സാധാരണ തോട്ടക്കാരിയായിരുന്ന മുനീറ ലോകപ്രശസ്തിയിലേക്കുയരാൻ കാരണം ഒരൊറ്റ ഫോട്ടോയാണ്. ലോകത്തിലെ വിവിധ രാജ്യങ്ങളിലെ സുന്ദരികളുടെ ചിത്രങ്ങൾ ചേർത്ത് തയാറാക്കുന്ന ഓൺലൈൻ ആൽബമാണ് അറ്റ്ലസ് ഓഫ് ബ്യൂട്ടി. മുഖം നിറയെ മെയ്ക്ക് അപ്പും വാരിപ്പൊത്തി പോസ് ചെയ്യിച്ചെടുക്കുന്ന ചിത്രങ്ങളല്ല, ഓരോരുത്തരെയും അവരുടെ ജോലിയുടെയും മറ്റും ചുറ്റുപാടിൽത്തന്നെ ചിത്രീകരിച്ച് തയാറാക്കുന്നതാണ് അറ്റ്ലസ് ഓഫ് ബ്യൂട്ടി. അതിലേക്കായി ചിത്രങ്ങൾ തേടി നടക്കുകയായിരുന്ന ഒരു റൊമാനിയൻ ഫൊട്ടോഗ്രാഫറുടെ മുന്നിലാണ് മുനീറ ചെന്നുപെട്ടത്. ദുഷാൻബേ നഗരത്തിൽ സൗന്ദര്യവൽകരണത്തിന്റെ ഭാഗമായുള്ള തോട്ടപ്പണിയിലേർപ്പെട്ടിരിക്കുകയായിരുന്നു മുനീറ. എന്തായാലും തോട്ടക്കാരിയുടെ വേഷത്തിൽത്തന്നെ പുഞ്ചിരി തൂകി നിൽക്കുന്ന മുനീറയുടെ ചിത്രം അറ്റ്ലസിൽ വരാൻ അധികം താമസമൊന്നുമുണ്ടായിരുന്നില്ല. തൊട്ടുപിറകെ ലോകം മുഴുവൻ അന്വേഷിച്ചു തുടങ്ങി–ആരാണാ സുന്ദരി?

മുനിറ മിർസൊയേവ

ദുഷാൻബേയിൽ നിന്നാണെന്ന വിവരം ഒപ്പമുണ്ടായിരുന്നതിനാൽ പ്രദേശത്തെ സകലചാനലുകളും മുനീറയെ തേടിയെത്തി. എന്താണു സംഭവമെന്ന് അന്തംവിടും മുൻപേ ലോകത്തിലെ മുൻനിര ഫാഷൻ മാഗസിനുകളും ടാബ്ലോയ്ഡുകളും ഉൾപ്പെടെ തങ്ങളുടെ പ്രതിനിധികളെ മുനീറയുടെ അഭിമുഖത്തിനായി അയച്ചു കഴിഞ്ഞിരുന്നു. പുഞ്ചിരി തൂകുന്ന ആ നിറസൗന്ദര്യത്തിനു പിന്നിൽ ഒരു വലിയ സങ്കടമുണ്ടെന്ന് ലോകം തിരിച്ചറിഞ്ഞത് അങ്ങനെയാണ്.

ഒരൊറ്റ കിടപ്പുമുറി മാത്രമുള്ള അപാർട്മെന്റിൽ അച്ഛനോടും അമ്മയോടും നാല് സഹോദരങ്ങളോടുമൊപ്പമാണ് മുനീറയുടെ ജീവിതം. കുടുംബത്തിന് കാര്യമായ വരുമാന മാർഗങ്ങളില്ലാതായതോടെയാണ് മുനീറ തോട്ടക്കാരിയുടെ ജോലിക്കിറങ്ങിയത്. പണമില്ലാത്തതിനാൽ ചെറുപ്പത്തിൽത്തന്നെ പഠനവും നിർത്തേണ്ടി വന്നു. മുനീറയെ കണ്ട റിപ്പോർട്ടർമാരിലൊരാൾ ചോദിച്ചു:ഭാവിയിൽ ആരാകാനായിരുന്നു ആഗ്രഹം? ആരാകാനായിരുന്നു എന്നല്ല, ഇപ്പോഴും ആ ആഗ്രഹമുണ്ട് എന്നായിരുന്നു മുനീറയുടെ മറുപടി. പഠിച്ചൊരു ഡോക്ടറാകാനുള്ള മുനീറയുടെ പ്രതീക്ഷകളെയാണ് ദാരിദ്ര്യം തച്ചുടച്ചത്. ഇക്കാര്യം വാർത്തയായതോടെ ഓൺലൈൻ ലോകമുണർന്നു. ഇപ്പോൾ മുനീറയ്ക്കു പഠിക്കാൻ പണം സ്വരുക്കൂട്ടാനായി ഒട്ടേറെ ഓൺലൈൻ ഗ്രൂപ്പുകളാണ് തയാറായിരിക്കുന്നത്. വൈകാതെ തന്നെ ഈ തുക മുനീറയെ ഏൽപിക്കാനാണ് ഗ്രൂപ്പുകളുടെ തീരുമാനം.

മുനിറ മിർസൊയേവ

ഇക്കാര്യമറിഞ്ഞിട്ടും, സെലിബ്രിറ്റിയുടെ ഗ്ലാമറായിട്ടും തോട്ടത്തിലെ പൂക്കളുടെ സംരക്ഷണത്തിൽ നിന്ന് ഇപ്പോഴും വിട്ടുനിന്നിട്ടില്ല മുനീറ. വൈകാതെ തന്നെ തന്റെ പഠനം തുടരാനാകുമെന്ന പ്രതീക്ഷയിലാണിപ്പോൾ ഈ സുന്ദരിപ്പെൺകുട്ടി.