Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബോളിവുഡ് ടോളിവുഡ് താരങ്ങളുടെ പ്രിയങ്കരിയായ കവിത

kavita കവിത സന്തോഷ്

താരങ്ങൾ വെള്ളിത്തിരയിൽ മാത്രമല്ല, മണ്ണിലിറങ്ങുമ്പോഴും സുന്ദരികളും സുന്ദരന്മാരും തന്നെ. പ്രമോഷൻ ഇവന്റുകളിലും പൊതുപരിപാടികളിലും എത്ര സ്റ്റൈലിഷായാണ് അവർ പ്രത്യക്ഷപ്പെടുന്നത്. വസ്ത്രങ്ങളിൽ പുതുമയും എലഗൻസും, ശരീരത്തിനും നിറത്തിനും ചേരുന്ന ഫാബ്രിക്സ്, എന്നും പുതുപരീക്ഷണങ്ങൾ, എപ്പോഴും സ്റ്റൈൽ പെർഫെക്ട്... ഇവർക്ക് ഇതെങ്ങനെ സാധിക്കുന്നു എന്നു അത്ഭുതപ്പെടുത്തുന്നിടത്താണ് വാർഡ്റോബ് സ്റ്റൈലിസ്റ്റിന്റെ സ്ഥാനം.

മലയാളികൾക്കു വാർഡ്റോബ് സ്റ്റൈലിസ്റ്റ് അത്ര പരിചിതമല്ലെങ്കിലും ബോളിവുഡ്, ടോളിവുഡ് താരങ്ങൾക്കു പ്രിയങ്കരിയായ പഴ്സനൽ സ്റ്റൈലിസ്റ്റ് ഒരു മലയാളിയാണ് – കവിത സന്തോഷ്. അക്ഷ‌യ്കുമാറിനും പുനീത് രാജ്കുമാറിനും ഉൾപ്പെടെ പഴ്സനൽ സ്റ്റൈലിങ് ചെയ്യുന്ന കവിത വാർഡ്റോബ് – കരിയർ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.

ആരാണ് വാർഡ്റോബ് സ്റ്റൈലിസ്റ്റ്

ഞാനൊരു ഫാഷൻ ഡിസൈനർ അല്ല. മേക്കപ് ആർടിസ്റ്റുമല്ല. പക്ഷേ സിനിമാതാരങ്ങൾക്കും അല്ലാതെയും പഴ്സനൽ സ്റ്റൈലിങ് ചെയ്യുന്നു. ക്ലയന്റ്‌സിനു വേണ്ടി വസ്ത്രങ്ങളും മറ്റ് ആക്സസറീസും തിരഞ്ഞെടുക്കുന്നു. ലുക്ക് പെർഫെക്ടാക്കാനുള്ള ഹെയർ, മേക്കപ് ഡീറ്റെയ്‌ൽസും നൽകാറുണ്ട്. ഇതിനു പുറമേ വെഡ്ഡിങ് സ്റ്റൈലിങ് ചെയ്യാറുണ്ട്.

മലയാളി

ഞാനൊരു മലയാളി ആണ്. കണ്ണൂർക്കാരി. താമസം ബെംഗളൂരുവിൽ. പഠിച്ചതും ഇവിടെ തന്നെ. ഒരു വർഷം കൊച്ചിയിലുണ്ടായിരുന്നു. ഇപ്പോഴും ജോലിയുടെ ഭാഗമായി മാസത്തിൽ ഒരാഴ്ചയെങ്കിലും കൊച്ചിയിൽ എത്തുന്നു. പഠിച്ചതുമായി ബന്ധപ്പെട്ട പ്രഫഷനല്ല ചെയ്യുന്നത്. എങ്കിലും കുട്ടിക്കാലത്തു തന്നെ സ്റ്റൈലിങ് ഇഷ്ടമായിരുന്നു. സാരിയിലും സൽവാറിലുമെല്ലാം ബ്ലോക്ക് പ്രിന്റ്സ് ചെയ്തും രൂപം മാറ്റിയും സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമൊക്കെ നൽകാറുണ്ടായിരുന്നു. സിനിമാ പ്രവർത്തകരുമായി ബന്ധമുള്ളതു കൊണ്ട് പിന്നീട് ഈ പ്രഫഷനിലേക്കെത്തി. കോസ്റ്റ്യൂം ഡിസൈനർ അല്ലെങ്കിലും ആവശ്യമുള്ളപ്പോൾ ഡിസൈനിങ്ങും ചെയ്യാറുണ്ട്. പരസ്യങ്ങൾക്കു വേണ്ടിയാണ് കൂടുതലും സ്റ്റൈലിങ് ചെയ്യുന്നത്.

സെലിബ്രിറ്റി സ്റ്റൈലിങ്

മലയാള സിനിമയിൽ പഴ്സനൽ സ്റ്റൈലിസ്റ്റ് മുൻനിര താരങ്ങൾക്കു മാത്രമേ കാണൂ. മറ്റിടത്തു പഴ്സനൽ വാർഡ്റോബ് സ്റ്റൈലിങ് ചിരപരിചിതമാണ്. അക്ഷയ്‌കുമാർ, പുനീത് രാജ്കുമാർ തുടങ്ങി പല നടന്മാരെയും സ്റ്റൈൽ ചെയ്തിട്ടുണ്ട്. മലയാളി നടീനടന്മാർക്കു വേണ്ടിയും പഴ്സനൽ സ്റ്റൈലിങ് ചെയ്തിട്ടുണ്ട്. കാവ്യ, ആൻ അഗസ്റ്റിൻ, അനുമോൾ, ഭാവന തുടങ്ങിയവരുമായി അടുത്ത സൗഹൃദവും സൂക്ഷിക്കുന്നു.

സ്റ്റൈൽ ചെയ്യുമ്പോൾ

ബോളിവുഡ് താരങ്ങൾക്ക് ഉൾപ്പെടെയുള്ള സ്റ്റൈൽ ചെയ്തിട്ടുണ്ട്. ചിലർക്കു പ്രത്യേക ബ്രാൻഡുകളോടു താൽപര്യമുണ്ടാകും. അവരുടെ ഇഷ്ടങ്ങൾ കൂടി പരിഗണിച്ചാണു വസ്ത്രങ്ങൾ തിരഞ്ഞെടുത്തു നൽകുക. കൂടെ സ്റ്റൈലിങ്ങിനുള്ള നിർദേശങ്ങളും നൽകും. എങ്ങനെ ഹെയർ ചെയ്യണം, മേക്കപ് വേണം തുടങ്ങിയ സജഷൻസ് നൽകും

kavita-1 കവിത അക്ഷയ് കുമാറിനൊപ്പം

ഫാഷൻ = കംഫർട് സോൺ

ഫാഷൻ കംഫർട്ടബിൾ ആകണം എന്നതാണ് എന്റെ മോട്ടോ. എന്റെ ലെവലിലും ക്ലയന്റ്സിന്റെ ലെവലിലും കംഫർട്ട് വേണം. അവരുടെ നിറം, ശരീരപ്രകൃതി, ഫിറ്റിങ് എന്നിവയനുസരിച്ചാണു വസ്ത്രങ്ങൾ തിരഞ്ഞെടുക്കുക. ഒരു വസ്ത്രത്തിൽ കംഫർട്ടബിൾ ആണെങ്കിൽ നമ്മൾ കോൺഫിഡന്റാകും. കോൺഫിഡന്റായ ഒരാൾ ഗ്ലാമറസ് ആകുമെന്നുറപ്പ്. അതല്ലാതെ ഗ്ലാമർ മാത്രം ലക്ഷ്യമിട്ടു വസ്ത്രങ്ങൾ തേടിപ്പോകാറില്ല..

ഇഷ്ട ഡിസൈനർമാർ

സബ്യസാചിയും മനീഷ് മൽഹോത്രയുമാണ് പഴ്സനൽ ഫേവറിറ്റ്സ്. കേരളത്തിൽ ശ്രീജിത്ത് ജീവന്റെ ‘റൗക്ക’യുടെയും ശാലിനി ജെയിംസിന്റെയും വസ്ത്രങ്ങൾ ഇഷ്ടമാണ്. പലപ്പോഴും റാംപിലെ ഫാഷൻ കാണുമ്പോൾ ഈ വസ്ത്രങ്ങൾ സാധാരണക്കാർ എങ്ങനെ ഉപയോഗിക്കുമെന്ന് അത്ഭുതപ്പെടാറുണ്ട്. വെയറബിൾ ഫാഷൻ ആണ് എനിക്കു പ്രിയം.

ഹാപ്പി ഇൻ സാരി

ഇഷ്ടവേഷം സാരിയാണ്. എപ്പോഴും ഏതു സമയത്തും എത്രനേരം വേണമെങ്കിലും സാരിയുടുത്തു ജോലി ചെയ്യാനും ഞാൻ റെഡി. ഇന്ത്യൻ ശരീരപ്രകൃതിക്കു േചരുന്ന വസ്ത്രം സാരി തന്നെ. മോസ്റ്റ് സെക്സി ഔട്ട്ഫിറ്റ് എന്ന് ഞാൻ പറയും.

ആക്സസറീസ്

ഏറെയിഷ്ടം ട്രൈബൽ സിൽവർ ജ്വല്ലറിയാണ്. അതിന്റെ നല്ലൊരു ശേഖരമുണ്ട്. എപ്പോൾ വേണമെങ്കിലും ശ്രദ്ധിക്കപ്പെടുന്ന ആഭരണങ്ങളാണിവ.

ഫുഡ് സ്റ്റൈലിങ്

സിനിമയ്ക്കും പരസ്യചിത്രങ്ങൾക്കും മാഗസിൻ ഫോട്ടോഷൂട്ടിനും വേണ്ടി ആഹാരം നല്ലരീതിയിൽ അലങ്കരിച്ചു സെറ്റു ചെയ്യുന്നതാണ് ഫുഡ് സ്റ്റൈലിങ്. മലയാള ചിത്രം ഭാസ്കർ ദ് റാസ്കൽ, ഹലോ നമസ്തേ എന്നിവയ്ക്കു വേണ്ടി ഫുഡ് സ്റ്റൈലിങ് ചെയ്തിരുന്നു. ഒട്ടേറെ ബോളിവുഡ് ചിത്രങ്ങളിലും ചെയ്തിട്ടുണ്ട്. ഷാറുഖും ആലിയ ഭട്ടും അഭിനയിക്കുന്ന ഗൗരി ഷിൻഡേ സംവിധാനം ചെയ്യുന്ന കരൺ ജോഹറും ഗൗരി ഖാനും ചേർന്നു നിർമിക്കുന്ന ‘ഡിയർ സിന്ദഗി’യാണ് ഫുഡ് സ്റ്റൈലിങ് ചെയ്ത പുതിയ ചിത്രം.

കുടുംബം

ഞാനൊരു സിംഗിൾ മദറാണ്. മകൾ നാലുവയസുകാരി ലക്ഷ്മി പരസ്യചിത്രങ്ങളിലും സിനിമയിലും സജീവം. സ്റ്റെലിങ്ങിനു പുറമേ ഫയർ ബ്രിക്സ് മീഡിയ സെന്റർ എന്ന പ്രൊഡക്‌ഷൻ കമ്പനിയുടെ കോ ഫൗണ്ടറുമാണ്.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.