ചിരി തന്നെ കാര്യം അല്ലാതെന്താ...

യൂ ട്യൂബിലും സോഷ്യല്‍ മീഡിയയിലുമെല്ലാം തകര്‍ത്തോടുന്ന വിഡിയോ ദൃശ്യങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ.. എന്തെങ്കിലും തമാശയോ കുസൃതിയോ ഉള്ളവയാകും ഹിറ്റ് വാരിക്കൂട്ടുക. സൈയുടെ ഗന്നം സ്‌റ്റൈല്‍ തന്നെ നോക്കാം.. സൈയുടെ കോപ്രായങ്ങളല്ലേ ഇത്രയേറെ ജനപ്രീതി നേടിക്കൊടുത്തത്.. അപ്പോള്‍ ചിരി ഇഷ്ടമല്ലാഞ്ഞിട്ടല്ല, നല്ലതാണെന്ന് അറിയാഞ്ഞിട്ടുമല്ല.. ചുമ്മാ മസിലു പിടിത്തം അത്രതന്നെ. ചിരിയെക്കുറിച്ച് ഇടയ്ക്കിടെ ഓര്‍ക്കുന്നത് നല്ലതാണ് ശരീരത്തിനും മനസ്സിനും.

ആരോഗ്യമുള്ള ശരീരവും മനസുമാണോ നിങ്ങള്‍ക്കാവശ്യം.. എങ്കില്‍ ഇനി ഉള്ളുതുറന്ന് ചിരിക്കാന്‍ മടിക്കേണ്ട. മാനസിക സമ്മര്‍ദ്ദമടക്കം നമ്മളില്‍ ഭൂരിഭാഗവും നേരിടുന്ന പ്രധാനപ്രശ്‌നങ്ങളെയെല്ലാം ചിരിമരുന്നിന് അകറ്റി നിര്‍ത്താന്‍ കഴിയുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.

ചിരിക്കാന്‍ കിട്ടുന്ന അവസരങ്ങള്‍ പാഴാക്കുന്നവര്‍ ആരോഗ്യപ്രശ്‌നങ്ങള്‍ വിളിച്ചുവരുത്തുകയാണ് ചെയ്യുന്നത്. ഉള്ളുതുറന്ന ചിരി ശ്വാസോച്ഛാസം ചിട്ടപ്പെടുത്തുകയും രക്തചംക്രമണം ത്വരിതപ്പെടുത്തുകയും ചെയ്യുന്നു. മനുഷ്യായുസും ചിരിയുമായുള്ള അഭേദ്യ ബന്ധത്തെക്കുറിച്ചുള്ള അജ്ഞതയാണ് സ്ഥായീഭാവം ഗൗരവം എന്ന് പറഞ്ഞുനടക്കുന്നവര്‍ക്കിടയിലുള്ളത്.

ചിരി നല്ലൊരു വ്യായാമം കൂടിയാണ്. നല്ല മനോഭാവം രൂപപ്പെടുത്തുന്നതിനും യുവത്വം കാത്തുസൂക്ഷിക്കുന്നതിനുമുള്ള നല്ല വഴി. ഹൃദയസംബന്ധമായ അസുഖങ്ങളെ ചെറുത്ത് നിര്‍ത്താനും ചിരിയ്ക്ക് കഴിയും. ശരീരത്തിലേക്ക് കൂടുതല്‍ ഓക്‌സിജന്‍ വലിച്ചെടുത്ത് കാര്‍ണ്‍ ഡൈ ഓക്‌സൈഡിനെ പുറത്ത് വിടുന്നതിനാല്‍ ശരീരത്തിന്റെ ഉന്‍മേഷവും വര്‍ധിക്കും.

കോര്‍ട്ടിസോള്‍, എപിനേഫ്രിന്‍ തുടങ്ങി മാസിക സമ്മര്‍ദ്ദത്തിന് കാരണമാകുന്ന ഹോര്‍മോണുകളുടെ അളവ് കുറയ്ക്കാനും ചിരിയ്ക്കു കഴിയും. ഇത്രയൊക്കെയറിഞ്ഞിട്ടും ചിരിക്കാന്‍ മടിക്കുന്നതെന്തിന്...