പ്രണയം നീക്കം ചെയ്യുകയാണ്, ക്ഷമിക്കുക...

പോണ്ട് ദ് ആർട്സ് പാലത്തിൽ പ്രണയപ്പൂട്ടിടുന്ന പ്രണയിതാക്കൾ

പൂട്ടിയിട്ടുറപ്പിച്ച പ്രണയം തകരാൻ പോവുകയാണ്. അതും പ്രണയത്തിന്റെ നഗരമായ പാരിസിൽ. അധികമായാൽ പ്രണയവും പ്രശ്നം എന്ന മട്ടിലായിരിക്കുകയാണ് ഇവിടെ കാര്യങ്ങൾ. ഒരിക്കലും തങ്ങളെ പിരിക്കല്ലേയെന്ന പ്രാർഥനയോടെ ലോകമെമ്പാടുമുള്ള പ്രണയിതാക്കൾ പാരിസിലെ പോണ്ട് ദ് ആർട്‌സ് പാലത്തിൽ ലോക്ക് ചെയ്തിട്ട പൂട്ടുകളാണ് നഗരാധികൃതർ എടുത്തുമാറ്റാനൊരുങ്ങുന്നത്. ഒന്നും രണ്ടുമല്ല, ഏകദേശം 10 ലക്ഷത്തോളം വരും പൂട്ടുകളുടെ എണ്ണം. ഭാരമോ 45 ടണ്ണോളം.

പോണ്ട് ദ് ആർട്സ് പാലത്തിലെ പ്രണയപ്പൂട്ടുകൾ

ജൂൺ ഒന്നു മുതലാണ് പ്രണയപ്പൂട്ടുനീക്കൽ യജ്ഞം അധികൃതർ ആരംഭിക്കുന്നത്. ഇത്രയ്ക്കു കണ്ണിൽച്ചോരയില്ലാത്തവന്മാരാണോ ഇവന്മാരെന്നു വിചാരിക്കരുത്. ടൂറിസ്റ്റുകളുടെ തന്നെ നന്മയ്ക്കാണ് ഈ ലോക്ക്നീക്കലത്രേ! പാരിസിലെത്തുന്ന ടൂറിസ്റ്റുകളെല്ലാവരും മുടങ്ങാതെ ചെയ്യുന്നതാണ് ഈ ലോക്കിടൽ പരിപാടി. 2008 മുതൽ തുടങ്ങിയതാണിത്. പാലത്തിന്റെ കൈവരിയിൽ തങ്ങളുടെ പേരെഴുതിയ ലോക്കിട്ട് താക്കോൽ താഴെയുള്ള സീൻ നദിയിലേക്ക് വലിച്ചെറിയും. അങ്ങനെ ഈ ‘ആചാരം’ മുടങ്ങാതെ നടക്കവേ കഴിഞ്ഞ വർഷം ഒരു പണി കിട്ടി. 155 മീറ്റർ നീളമുള്ള പാലത്തിന്റെ ഒരു ഭാഗം പൂട്ടുകളുടെ ഭാരം താങ്ങാനാകാതെ തകർന്നു വീണു. അധികൃതരെത്തി കഷ്ടപ്പെട്ടാണ് ആ ഭാഗം നന്നാക്കിയെടുത്തത്. ഒപ്പം ടൂറിസ്റ്റുകൾക്കായി ഒരു അറിയിപ്പും ഒരു വെബ്സൈറ്റും ആരംഭിച്ചു.

പ്രണയപ്പൂട്ടുകൾക്കു മുന്നിൽ

lovewithoutlocks.paris.fr എന്ന വെബ്സൈറ്റിലൂടെ #lovewithoutlocks എന്ന ഹാഷ്‌ടാഗ് ഉപയോഗിച്ച് പാലത്തിനു മുന്നിൽ നിന്ന് കമിതാക്കൾക്ക് സെൽഫിയെടുക്കാമെന്നായിരുന്നു അറിയിപ്പ്. പാലത്തിൽ നിന്ന് സെൽഫി മതി ലോക്ക് വേണ്ട എന്ന ക്യാംപെയിനായിരുന്നു സംഗതി. പലരും െസൽഫിയൊക്കെ പോസ്റ്റിയെങ്കിലും സംഗതി അത്രയ്ക്ക് ഏശിയില്ല. പോണ്ട് ദ് ആർട്സ് പാലത്തിൽ ലോക്കിടൽ നിർലോഭം തുടർന്നു. മാത്രവുമല്ല, നഗരത്തിലെ പല പാലങ്ങളിലും ഇരുമ്പ് വേലികളിലുമെല്ലാം ഈ ലോക്കിടൽ പരിപാടി ആരംഭിക്കുകയും ചെയ്തു. എന്നിട്ട് താക്കോൽ ചുമ്മാ വലിച്ചെറിയും. വഴി നീളെ താക്കോലുകൾ മാത്രമല്ല, പാരിസിലെ പ്രധാനപ്പെട്ട സ്മാരകങ്ങളുടെ പരിസരങ്ങളിലാകെ പ്രണയപ്പൂട്ടുകളും പ്രത്യക്ഷപ്പെട്ടു തുടങ്ങി. ചരിത്രപ്രസിദ്ധമായ നോത്ര് ദാം പള്ളിയുടെ മുന്നിലെ പാലത്തിനു പോലും രക്ഷയുണ്ടായിരുന്നില്ല. അതോടെയാണ് അധികൃതർ ഇടപെട്ടത്.

പ്രണയപ്പൂട്ടിട്ട് താക്കോൽ സീൻ നദിയിലേക്ക് വലിച്ചെറിയുന്നു

പ്രണയമല്ലേ....ഒരു വഴിയടഞ്ഞാൽ അടുത്തത്. പ്രണയപ്പൂട്ടുകൾ എങ്ങനെ എടുത്തുമാറ്റിയാലും കാര്യമില്ലെന്നുറപ്പ്. പ്രണയിതാക്കൾ ഏതൊക്കെ വഴികളിലൂടെയായിരിക്കും ഇനി അധികൃതരെ പൂട്ടുകയെന്ന് കാത്തിരുന്നു തന്നെ കാണണം.

പ്രണയപ്പൂട്ടിടുന്ന ഒരു കാമുകി