18 മാസം തലയില്ലാതെ ജീവിച്ച കോഴിയുടെ രഹസ്യം പുറത്തായി

എഴുപതു വർഷങ്ങള്‍ക്കു മുമ്പ് കോളറാഡോയിൽ ഒരു കർഷകൻ തന്റെ കോഴിയെ അറുത്തു. പക്ഷേ തല തെറിച്ചുപോയെങ്കിലും കോഴി ചത്തില്ല. പതിനെട്ടു മാസം ആ കോഴി തലയില്ലാതെ ജീവിച്ചു. കേൾക്കുമ്പോൾ പഴങ്കഥ പോലെ തോന്നുമെങ്കിലും സംഭവം യഥാർത്ഥത്തിൽ നടന്നതു തന്നെയാണ്. തലയില്ലാതെ ജീവിച്ച ആ കോഴിയെവച്ച് ആ കർഷകൻ നേടിയത് കോടികളാണ്. എ​ന്തിനധികം വിക്കിപീഡിയയിൽ വരെ ഈ അദ്ഭുതകോഴിയ്ക്കു വേണ്ടിയൊരു പേജ് പിറന്നു. മൈക് ദ ഹെഡ്‌ലെസ് ചിക്കൻ എന്നായിരുന്നു ആ പേജിന്റെ പേര്. പക്ഷേ സംഗതി ഇങ്ങനെയൊക്കെയാണെങ്കിലും മൈക് എങ്ങനെയാണ് തലയില്ലാതെ അത്രയുംനാൾ ജീവിച്ചതെന്നു മാത്രം രഹസ്യമായി തുടർന്നിരുന്നു. എന്നാൽ ഇപ്പോൾ ഇതിനുപിന്നിലെ നിഗൂഡതയെല്ലാം പുറത്തുവന്നിരിക്കുകയാണ്. രഹസ്യങ്ങുടെ ചുരുളഴിയണമെങ്കിൽ മൈക്ക് എന്ന കോഴിയുടെ കഥ മുഴുവൻ അറിയണം.

1945ൽ ലോയ്ഡ് ഒൽസെൻ എന്ന കർഷകനും ഭാര്യ ക്ലാരയും തങ്ങളുടെ ഫാമിൽ കോഴികളെ അറുക്കുകയായിരുന്നു. അമ്പതോളം കോഴികളെ അറുത്തെങ്കിലും ഒരെണ്ണം മാത്രം ചാവാതിരിക്കുന്നത് ഒല്‍സന്റെ ശ്രദ്ധയിൽപ്പെട്ടു. മാത്രമല്ല ആ കോഴി ഒരുതരം ശബ്ദമുണ്ടാക്കി അങ്ങിങ്ങ് ഓടിനടക്കുകയും ചെയ്തു. രാത്രിയായതോടെ ഒരു പെട്ടിക്കൂട്ടിൽ അടച്ചുവച്ച കോഴി തൊട്ടടുത്ത ദിവസം തുറന്നപ്പോഴും ചുറുചുറുക്കോടെ ഇരിക്കുന്നു, തലയില്ലൊന്നൊരു കുറവു മാത്രമേ ഉണ്ടായിരുന്നുള്ളു. അത് ആ കുടുംബത്തിന്റെ ചരിത്രം മാറ്റിമറിക്കാൻ കൂടി ജനിച്ച കോഴിയായിരുന്നുവെന്നു പിന്നീടാണ് ഒൽസെനു മനസിലായത്. തലയില്ലാതെ ജീവിക്കുന്ന അപൂർവ േകാഴികളെ കാണാന്‍ നിരവധി പേരെത്തി. പരീക്ഷണശാലകളിലും പ്രദർശനങ്ങളിലും മൈക് സ്ഥിരം സാന്നിധ്യമായി, മാസികകളുടെയും പത്രങ്ങളുടെയും സ്ഥിരം മോഡലായ തന്റെ തലയില്ലാക്കോഴിയെ വച്ച് ഒൽസെന്‍ കോടികൾ ഉണ്ടാക്കാനും തുടങ്ങി. കോഴി എ​ങ്ങനെ ജീവിച്ചിരുന്നുവെന്ന് കണ്ടെത്താൻ ആരും ശ്രമിച്ചതുമില്ല, ശ്രമിച്ചവർക്ക് ഉത്തരം കിട്ടിയതുമില്ല.

എന്നാൽ ഇപ്പോള്‍ അതിന് ഒരുത്തരമായിരിക്കുകയാണ്. ശരീരത്തിൽ നിന്നും തലച്ചോര്‍ വേർപെട്ടെങ്കിലും കുറച്ചു സമയത്തേക്ക് സ്പൈനൽ കോഡ് സർക്യൂട്ടുകളിൽ മിച്ചമുള്ള ഓക്സിജൻ നിലനിന്നതാണ് മൈക് ജീവിച്ചിരിക്കാൻ കാരണം.തലയറുക്കുമ്പോൾ മിക്ക കോഴികളും ചത്തുവീഴും. പക്ഷേ ചുരുക്കം സന്ദർഭങ്ങളിൽ ന്യൂറോണുകൾ പ്രവർത്തിക്കാൻ സജ്ജമാകും. അറുത്തു മുറിച്ചെങ്കിലും ഒരു കഷ്ണം മസ്തിഷ്ക ഭാഗത്തിന്റെ സഹായത്തോടെ മൈക് ജീവിച്ചു. ഹൃദയം, ശ്വാസകോശം, ദഹനപ്രക്രിയ എന്നിവയെല്ലാം ബാക്കിയായ ഇൗ മസ്തിഷ്കഭാഗത്തിന്റെ സഹായത്തോടെയാണ് നിർവഹിച്ചത്. പിന്നീടു ജീവൻ നിലനിർത്തിയത് അന്നനാളം വഴി നേരിട്ട് നൽകിയ വെള്ളത്തിന്റെയും ഭക്ഷണത്തിന്റെയും ബലത്തിലാണ്.

ഒടുവില്‍ പതിനെട്ടു മാസങ്ങൾക്കു ശേഷം മൈക് മരണത്തിനു കീഴടങ്ങിയെങ്കിലും 1999 മുതൽ മെയ് മൂന്നാമത്തെ ആഴ്ച്ചാവസാനം മൈക് ദ ഹെഡ് ലസ് ചിക്കൻ ഡേ ആയി കോളറാഡോയിൽ ആചരിക്കാൻ തുടങ്ങി. അതേസമയം മൈക്കിനെപ്പോലൊരു കോഴിയെ സൃഷ്ടിക്കാൻ പലരും ശ്രമിച്ചെങ്കിലും അതൊക്കെ പരാജയപ്പെടുകയാണുണ്ടായത്. എന്തായാലും മൈക് ദ ഹെഡ് ലസ് ചിക്കൻ ഇന്നും ഒരത്ഭുതം തന്നെയാണ്.