ത്രിശൂലം ആയുധമായി ഉപയോഗിച്ചിട്ടില്ല, കേസിൽ നിന്നൊഴിവാക്കണം : രാധേ മാ

വിമാനത്തിൽ ത്രിശൂലവുമായി കയറിയതുമായി ബന്ധപ്പെട്ട് തനിക്കെതിരെയുള്ള കേസ് അവസാനിപ്പിക്കണമെന്ന അപേക്ഷയുമായി സ്വയം പ്രഖ്യാപിത ആൾദൈവം രാധേ മാ ബോംബെ ഹൈക്കോടതിയെ സമീപിച്ചു. കഴിഞ്ഞ വർഷം ഒൗറംഗബാദിൽനിന്നു മുംബൈയിലേക്കുള്ള വിമാനത്തിൽ ശൂലവുമായി കയറിയതിനെത്തുടർന്നാണു രാധേ മായ്ക്കെതിരെ പൊലീസ് ക്രിമിനൽ കേസെടുത്തത്.

സിവിൽ വ്യോമയാന മന്ത്രാലയത്തിന്റെ വ്യവസ്ഥകൾ ലംഘിച്ചു വിമാനത്തിൽ ശൂലം കൊണ്ടുവന്നു എന്നാരോപിച്ച് ആസാദ് പട്ടേൽ എന്ന സന്നധ സംഘടനാ പ്രവർത്തകൻ നൽകിയ പരാതിയിൽ മജിസ്ട്രേട്ടു കോടതിയുടെ നിർദേശപ്രകാരമാണ് രാധേ മായ്ക്കെതിരെ കേസെടുത്തത്. മുംബൈ വിമാനത്താവളം ഉൾപ്പെടുന്ന സഹാർ പൊലീസിനോടു കേസ് അന്വേഷിക്കാനാണു മജിസ്ട്രേട്ടു കോടതി ഉത്തരവിട്ടിരിക്കുന്നത്.  

എന്നാൽ, കുറ്റകൃത്യം നടന്നത് ഒൗറംഗബാദിലാണെന്നും കേസ് അന്വേഷിക്കാൻ മുംബൈ വിമാനത്താവള പരിധിയിലെ പൊലീസിനോടാണു നിർദേശിച്ചിരിക്കുന്നതെന്നമുള്ള ഉത്തരവിലെ സാങ്കേതിക പ്രശ്നം ചൂണ്ടിക്കാട്ടിയാണു രാധേ മാ തനിക്കെതിരെയുള്ള കേസ് ഒഴിവാക്കണമെന്ന് അപേക്ഷിച്ചു ഹൈക്കോടതിയിൽ എത്തിയിരിക്കുന്നത്.  ത്രിശൂലം ആയുധമായി ഉപയോഗിച്ചിട്ടില്ലെന്നും അവർ ചൂണ്ടിക്കാട്ടി.