Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്ലസ് സൈസാണ് ട്രൻഡ് മച്ചാ...

plus-size Representative Image

ഞാൻ ഇങ്ങനാണ് ഭായ്, അതിനെന്താണ് ഭായ്... എന്നു കൂളായി മൂളിയാലും ഫാഷൻ, ബ്രാൻഡ്, സ്റ്റൈൽ ഇതൊക്കെ വരുമ്പോൾ ചില നെടുവീർപ്പുകൾ പതിവായിരുന്നു - ഇതൊക്കെ സ്ലിമ്മൻമാർക്കും സ്ലിമ്മികൾക്കും ഉള്ളതല്ലേ, നമുക്ക് പറഞ്ഞിട്ടില്ലേ....

കേരളത്തിന്റെ വസ്ത്ര വിപണി വളർന്ന് വളർന്നു വലുതാകുമ്പോഴും വലുപ്പം അൽപം കൂടിപ്പോയെന്ന പേരിൽ വലിയൊരു വിഭാഗം പടിക്ക് പുറത്തായിരുന്നു. റെഡിമെയ്ഡ് സ്വപ്നങ്ങൾ ഉപേക്ഷിച്ച് പലരും തയ്യൽക്കട തേടിപ്പോയി, അല്ലെങ്കിൽ ഉള്ളത് ഓൾട്ടർ ചെയ്ത് എങ്ങനെയെങ്കിലുമൊക്കെ കയറിപ്പറ്റി.

ഒടുവിലിതാ സ്കിന്നി, പെൻസിൽ ഭ്രമത്തിൽനിന്ന് ഫാഷൻലോകവും വസ്ത്ര വിപണിയും ബിഗ് ഈസ് ബ്യൂട്ടിഫുൾ യാഥാർഥ്യത്തിലേക്ക് ശ്രദ്ധതിരിച്ചു കഴിഞ്ഞിരിക്കുന്നു. പ്ലസ് സൈസ് സാധ്യതകളിലേക്ക് വൻകിട ബ്രാൻഡുകളെല്ലാം പ്രവേശിച്ചു കഴിഞ്ഞു. ഡൽഹിയും മുംബൈയും ബെംഗളൂരുവും പോലുള്ള വൻ നഗരങ്ങളിൽ മാത്രമുണ്ടായിരുന്ന പ്രമുഖ പ്ലസ് സൈസ് സ്റ്റോറുകൾ കേരളം പോലുള്ള ഇതരവിപണികളിലും സാന്നിധ്യമറിയിച്ചു തുടങ്ങി.

ജീവിത ശൈലീ വ്യതിയാനം, ജങ്ക് ഫൂഡ് സംസ്കാരം എന്നിങ്ങനെ അമിതവണ്ണത്തിന് ഇടയാക്കുന്ന സാഹചര്യങ്ങളിൽ നമ്മുടെ നാടും പിന്നിലല്ല. പൊണ്ണത്തടിയുടെ കാര്യത്തിൽ അമേരിക്കയും ചൈനയും മാത്രമാണ് ഇന്ത്യയ്ക്കു മുന്നിൽ. 2014 വരെയുള്ള കണക്കനുസരിച്ച് മൂന്നു കോടിയിലധികം അമിതഭാരക്കാരുണ്ട് ഇന്ത്യയിൽ. അമേരിക്കയിലും ചൈനയിലും പ്ലസ് സൈസ് വസ്ത്ര വിപണി അതിവേഗം വളരുന്ന ബിസിനസാണ്. മുതിർന്നവരിൽ 30 ശതമാനത്തിൽ അധികം അമിതവണ്ണക്കാരുള്ള അമേരിക്കയിൽ കഴിഞ്ഞ വർഷം 1,700 കോടി ഡോളറിന്റെ വ്യാപാരമാണ് ഈ മേഖലയിൽ നടന്നത്. 2017ൽ ഇത് ഇരട്ടിയാകുമെന്നാണ് കണക്കുകൂട്ടൽ.

plus-fashion Representative Image

ഇന്ത്യയിലും സമാനമാണ് പ്ലസ് സൈസ് വിപണിയുടെ വളർച്ച. പ്രമുഖ ഓൺലൈൻ വ്യാപാര സ്ഥാപനമായ മിന്ത്ര ഇൗയിടെ പ്ലസ് സൈസ് കാറ്റഗറിയിലേക്കു കൂടി വിൽപന വ്യാപിപ്പിച്ചത് ഏറ്റവുമൊടുവിലത്തെ ഉദാഹരണം. ഡ്രസ്ബെറി, ഡി മ്യൂസ്, റോഡ്സ്റ്റർ എന്നീ പേരുകളിൽ മിന്ത്രിയുടെ പ്ലസ് സൈസ് വസ്ത്രങ്ങൾ ഓൺലൈനിൽ ലഭ്യമാണ്. പ്രമുഖ ബ്രാൻഡുകളെല്ലാം പ്രത്യേക പേരിലോ അതേ പേരിലോ പ്ലസ് സൈസ് വസ്ത്രങ്ങളുടെ നിര ഒരുക്കിയിട്ടുണ്ട്.

പാന്റലൂണിന്റെ ആൾട്ടോ മോഡോ, ബിഗിൻ 101 ലൈഫ് സ്റ്റെലിന്റെ ആമിഡസ് എന്നിവ ഈ വിഭാഗത്തിൽപ്പെടുന്നു. ബീബ, പ്ലസ്, മസ്റ്റർഡ് തുടങ്ങിയ മുൻനിര ബ്രാൻഡുകൾക്കെല്ലാം പ്ലസ് സൈസ് വിഭാഗമുണ്ട്. അലൻസോളി, ലൂയി ഫിലിപ്പി, വാൻഹ്യൂസൻ തുടങ്ങിയ ബ്രാൻഡുകളും പുതിയ സൈസിൽ രംഗത്തുണ്ട്. ലാസ്റ്റ് ഇഞ്ച്, റെവലൂഷൻ, ജബോങ് അടക്കമുള്ള ഓൺലൈൻ വിപണിയും ഇൗ രംഗത്ത് സജീവമാണ്. 2005ൽ പ്ലസ് സൈസ് വിപണിയിൽ ആദ്യം ചുവടുറപ്പിച്ച ഫ്യൂച്ചർ ഗ്രൂപ്പിന്റെ ആൾ ഇപ്പോൾ കേരളത്തിലെ പല നഗരങ്ങളിലേക്കുമെത്തി.

ബ്രാൻഡ് കോൺഷ്യസായവർക്ക് വെസ്റ്റേൺ, പാർട്ടി വെയർ, എത്‌നിക് നിരകളും ചെരുപ്പുകളടക്കമുള്ള ആക്സസറീസും ഏതു സൈസിലും കിട്ടും. 1 എക്സ്എൽ മുതൽ 9 എക്സ്എൽ വരെ നീളുന്നതാണ് പ്ലസ് സൈസ് വിപണിയിലെ വസ്ത്രനിര. സ്ത്രീകൾക്കായി 42-56 ഇഞ്ച് വരെയുള്ള ടോപ്പുകളും 36-52 ഇഞ്ച് ബോട്ടങ്ങളും ജീൻസുകളും കിട്ടും. പുരുഷൻമാരുടെ ഷർട്ടുകളും ടീഷർട്ടുകളും 44-62 സൈസിലും ജീൻസുകളും പാന്റുകളും 40-58 സൈസിലും ലഭ്യം.

തടികൂടിപ്പോയി എന്ന അപകർഷബോധം കുടഞ്ഞുകളയാവുന്ന, ട്രെൻഡി ഡിസൈനുകളിലും നിറങ്ങളിലുമുള്ള വസ്ത്രങ്ങൾ ഈ പ്ലസ് സൈസ് എക്സ്ക്ലൂസീവ് ഔട്‌ലെറ്റുകളിൽ ലഭിക്കും. കഴിഞ്ഞ ഓഗസ്റ്റിൽ മുംബൈയിൽ നടന്ന ലാക്മേ ഫാഷൻ വീക്കിൽ ആദ്യമായി പ്ലസ് സൈസ് വിഭാഗവും അരങ്ങേറിയെന്നത് ഈ മേഖലയിൽ വസ്ത്രവിപണി എത്രത്തോളം മുന്നോട്ടുപോയി എന്നു തെളിയിക്കുന്നു.  

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.