ട്രാഫിക് ജാം മൂന്നു ദിവസം, മരണം 12

നമ്മൾ കണ്ട ട്രാഫിക് ജാമൊന്നും ജാമല്ല. ജീവനെടുക്കുന്ന ജാമുകളെക്കുറിച്ചു നമ്മൾ അത്രയ്ക്കു കേട്ടിട്ടുമില്ല.  ഇന്തൊനീഷ്യയിലെ കാര്യങ്ങൾ അറിഞ്ഞാൽ ആർക്കും ദുഃഖം തോന്നും. ഒറ്റ ജാം നീണ്ടുനിന്നത് മൂന്നു ദിവസമാണ്. ഇതിനിടെ 12 ജീവനും പൊലിഞ്ഞു.

കഴിഞ്ഞയാഴ്ചയാണ് സംഭവം. നൂറുകണക്കിനാളുകൾ ഒരു ജംക്‌ഷനിൽ കുരുങ്ങിയതാണ് അത്യാഹിതത്തിനിടയാക്കിയത്. 21 കിലോമീറ്റർ ദൂരത്തിൽ വാഹനങ്ങൾ നിശ്ചലമായി. വാഹനങ്ങൾ മൂന്നുനിരയായി കുരുങ്ങിക്കിടന്നു. 

പെരുന്നാളിന് ഗ്രാമങ്ങളിലേക്കു മടങ്ങാനൊരുങ്ങിയവരാണ് ഗതാഗതക്കുരുക്കിനിരയായത്. ജാവ ദ്വീപിലെ ബ്രെബ്‌സ് നഗരത്തിലെ ‘നരക’ ജംക്‌ഷനിൽ മരിച്ചവരിൽ ഏറെയും പ്രായംചെന്നവരാണ്. ചൂടു കാറുകളിൽ നിർജലീകരണവും ക്ഷീണവും മറ്റുകാരണമാണ് മരണം സംഭവിച്ചത്. വിഷപ്പുക ശ്വസിച്ച് ഒരു കൈക്കുഞ്ഞും മരിച്ചു. ജംക്‌ഷനിലെ ബിൽഡിങ് പണിയാണ് ഗതാഗതക്കുരുക്കിലേക്കു നയിച്ചത്. സമീപത്തെ തെരുവുകച്ചവടക്കാരും തിരക്കേറിയ മാർക്കറ്റുമെല്ലാം കുരുക്കിന് ആക്കംകൂട്ടി. ബ്രെബ്‌സിൽ പകൽസമയത്ത് 30 ഡിഗ്രിയോളമാണ് താപനില. 

വൈദ്യസഹായത്തിന് അപേക്ഷിക്കാൻ അധികൃതർ ഹോട്ട്‌ലൈൻ നമ്പർ ഒരുക്കിയിരുന്നുവെങ്കിലും ഈ കുരുക്കിൽ എത്രത്തോളം സഹായമെത്തിക്കാൻ സാധിച്ചുവെന്ന് നിശ്ചയമില്ല. കഴിഞ്ഞ ഞായറിനും ചൊവ്വയ്ക്കുമിടയിലാണ് മരണം സംഭവിച്ചതെന്നാണ് ഗതാഗതവകുപ്പ് അധികൃതർ അറിയിച്ചത്. ‘റോഡിൽ തീരേ സ്ഥലമില്ലായിരുന്നു. ഞങ്ങളുടെ പക്കൽ പരിഹാരമില്ലായിരുന്നു’- ഗതാഗത വകുപ്പ് വക്താവ് എഎഫ്പിയെ അറിയിച്ചു. ദീർഘയാത്രയ്‌ക്കൊരുങ്ങുന്നവർ യാത്രയ്ക്കിടെ വിശ്രമിക്കണമെന്നും ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്നും ഇന്തോനീഷ്യൻ ആരോഗ്യവകുപ്പ് നിർദേശം നൽകി. 

റമസാൻ മാസാവസാനം റോഡിൽ കുരുക്കുകളുണ്ടാകുന്നത് ഇന്തോനീഷ്യയിൽ പതിവാണ്. ബ്രെബ്‌സിലെ എക്‌സിറ്റിൽ നടന്ന ദുരന്തമായതിനാൽ ഇന്തൊനീഷ്യക്കാർ ഇതിനെ ബ്രെക്‌സിറ്റ് ദുരന്തം എന്നാണ് വിളിക്കുന്നത്.