ആൺകുട്ടികളെ വീഴ്ത്താൻ യൂണിവേഴ്‌സിറ്റി പരസ്യത്തിൽ ചൂടൻ സുന്ദരികൾ

സുന്ദരികളായ ഒട്ടേറെ പെൺകുട്ടികൾ പഠിക്കുന്ന കോളജ് തൊട്ടടുത്തുണ്ടെങ്കിൽ ഏതു പാരലൽ കോളജിലും ആൺകുട്ടികളുണ്ടാകുമെന്ന് കോളജിൽ പോകാത്തവർക്കു പോലും അറിയാം. ഇത് ഇവിടത്തെ മാത്രം കാര്യമല്ല, സംഗതി ആഗോള ട്രെൻഡ് തന്നെ. അല്ലെങ്കിൽ റഷ്യയിലെ യൂണിവേഴ്‌സിറ്റിക്കാർ ഈ പണി ചെയ്യുമായിരുന്നോ.

റഷ്യയിലെ ട്യൂമെൻ എന്ന നഗരത്തിലെ സർവകലാശാലകൾ ചൂടൻ സുന്ദരിമാരെയിറക്കിയാണ് ആൺകുട്ടികളെ സ്ഥാപനത്തിലേക്ക് ആകർഷിക്കുന്നത്. സർവകലാശാല അധികൃതർ ബിക്കിനിയും ഇറുകിയ വസ്ത്രങ്ങളും ധരിച്ച പെൺകുട്ടികളുടെ ദൃശ്യങ്ങളടങ്ങിയ വിഡിയോയാണ് യൂണിവേഴ്സിറ്റിയുടെ പ്രമോഷനായി പുറത്തുവിട്ടത്. 

റഷ്യയിലെ ദക്ഷിണ, മധ്യഭാഗത്തെ നഗരമായ ട്യൂമെനിലെ ആൺകുട്ടികൾ അവിടത്തെ സർവകലാശാലകളിൽ ചേരാതെ മോസ്‌കോയിലെയും സെന്റ് പീറ്റേഴ്‌സ് ബർഗിലെയും മുന്തിയ സർവകലാശാലകളിൽ പോകുന്നത് പതിവാണ്. ഇതു തടയാനാണ് പുതിയ അടവ്. ഈ സൂത്രം കാണിക്കുന്ന ട്യുമെൻ സർവകലാശാലകൾ കോഴ്‌സുകൾ കൂട്ടാനോ സ്റ്റാഫിന്റെ എണ്ണം വർധിപ്പിക്കാനോ സൗകര്യങ്ങൾ മെച്ചപ്പെടുത്താനോ ശ്രമിക്കുന്നില്ലെന്നതാണ് ഏറെ കൗതുകകരം.

ബിക്കിനി സുന്ദരി വെയിൽകൊണ്ടു കിടന്ന്, കോക്ടെയിൽ നുകർന്ന് പുസ്തകം വായിക്കുന്നതും അൽപ വസ്ത്രധാരികളായ സുന്ദരികളുടെ കുതിരസവാരിയുമൊക്കെയാണ് വിഡിയോകളിൽ ചിത്രീകരിച്ചിരിക്കുന്നത്. വെയിലുകൊള്ളുന്ന യുവതി കിടക്കുന്നത് സർവകലാശാല ബിൽഡിങ്ങിനു സമീപത്തെ പുൽത്തകിടിയിലാണ്. നാട്ടിൽ പഠിച്ചാൽ ഇന്ന ഗുണങ്ങളുണ്ടെന്നു യുവാക്കളെ ധരിപ്പിക്കുകയാകും ഉദ്ദേശ്യം. തീർന്നില്ല, മൂഡ് ഒന്നുകൂടി തണുപ്പിക്കാൻ വിഡിയോയിൽ വെള്ള യൂണിഫോം ധരിച്ച മെഡിക്കൽ വിദ്യാർഥിയായ ആൺകുട്ടി സ്‌കേറ്റ് ബോർഡിൽ റൈഡ് ചെയ്യുന്നതും സ്റ്റഡി ഇൻ ട്യൂമെൻ എന്ന ടി ഷർട് ധരിച്ച പെൺകുട്ടി കുതിരപ്പുറത്തേറി വരുന്ന ദൃശ്യവും ഉണ്ട്. വിഡിയോ കണ്ടാൽ ആരും കോളജിന്റെ പരിസരത്തുകൂടെയെങ്കിലും ചെല്ലാൻ കൊതിച്ചുപോകും. ഡെയ്‌ലി മെയ്ൽ ആണ് വാർത്ത പുറത്തുവിട്ടത്.