ഇന്റേൺഷിപ്പിനു ചേരാം, ചുമ്മാ ബിയറടിച്ച് കറങ്ങാം, കാശും കിട്ടും...

Representative Image

ജീവിതത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന ‘ബിയറനുഭവം’– വേൾഡ് ഓഫ് ബിയർ കമ്പനി തങ്ങളുടെ പുതിയ ഇന്റേൺഷിപ് പദ്ധതിക്കായി ഇത്തരമൊരു പരസ്യം കൊടുത്തതിൽ തെറ്റു പറയാനാകില്ല. ഇന്റേൺഷിപ്പിലൂടെ ലഭിക്കുന്ന ആനുകൂല്യങ്ങളെക്കുറിച്ചു കേട്ടാൽ പ്രത്യേകിച്ചും. സാധാരണ ഇന്റേൺഷിപ്പെന്നു പറഞ്ഞാൽ പത്തുപൈസ ഇങ്ങോട്ടു കിട്ടാതെ ഒരു സർട്ടിഫിക്കറ്റിനു വേണ്ടി രാവും പകലും പണിയെടുക്കേണ്ട അവസ്ഥയാണ്. പക്ഷേ അമേരിക്കൻ പബ് ശൃംഖലയായ വേൾഡ് ഓഫ് ബിയറിൽ കാര്യങ്ങളാകെ കിടിലമാണ്. ‘ഡ്രിങ്ക് ഇറ്റ് ഇന്റേൺസ്’ എന്നാണ് ഇന്റേൺഷിപ്പിനു കമ്പനി നൽകിയിരിക്കുന്ന പേര്. അതു സൂചിപ്പിക്കുന്നതു പോലെത്തന്നെ ‘കുടിയോ കുടി’യാണ് ഇന്റേൺഷിപ്പിന്റെ ലക്ഷ്യവും. അതായത് ലോകത്ത് പല ഭാഗങ്ങളിലായുള്ള ബിയർ നിർമാണ ഫാക്ടറികളിലേക്കും ബിയർ ഫെസ്റ്റിവലുകളിലേക്കും യാത്ര പോവുക. കിട്ടാവുന്നിടത്തോളം ബിയർ ടേസ്റ്റ് ചെയ്തു നോക്കുക. എന്നിട്ട് അതിനെപ്പറ്റി ഫെയ്സ്ബുക്ക് പോസ്റ്റോ ട്വീറ്റോ ചെയ്യുക. അല്ലെങ്കിൽ ബ്ലോഗെഴുതുക. ഫോട്ടോ പോസ്റ്റ് ചെയ്യുകയുമാകാം. വിഡിയോ കൂടിയായാൽ ഗംഭീരമായി. ഇതാണ് ഇന്റേണിയുടെ പ്രധാന ജോലി.

Representative Image

നാലു മാസത്തേക്കാണ് ഇന്റേൺഷിപ്. യാത്രാച്ചെലവും താമസച്ചെലവുമെല്ലാം കമ്പനി നൽകും. വിജയകരമായി പൂർത്തിയാക്കിയാൽ ഒരാൾക്ക് 12,000 ഡോളർ വീതം പാരിതോഷികവും ലഭിക്കും. മൂന്നു പേർക്കാണ് ഇന്റേൺഷിപ്പിന് അവസരമുള്ളത്. കോളജിൽ പഠിക്കണമെന്നൊന്നും നിർബന്ധമില്ല. അപേക്ഷിക്കുന്നയാൾക്ക് 21 വയസ്സിനു മുകളിൽ പ്രായമുണ്ടായിരിക്കണമെന്നു മാത്രം. സ്ത്രീക്കും പുരുഷനും അപേക്ഷിക്കാം. worldofbeer.com എന്ന വെബ്സൈറ്റിൽ ഇതിനുള്ള സൗകര്യങ്ങളും ഒരുക്കിക്കഴിഞ്ഞു. നാലു ഘട്ടത്തിലായി ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. ആദ്യഘട്ടത്തിൽ അപേക്ഷകന്റെ അടിസ്ഥാന വിവരങ്ങൾ നൽകുക. പിന്നീട് നിങ്ങളെ എന്തു കൊണ്ട് ഇന്റേണിയായി തിര‍ഞ്ഞെടുക്കണം എന്നതു സംബന്ധിച്ച വിഡിയോ അപ്‌ലോഡ് ചെയ്യണം. ശ്വാസം പിടിച്ചൊന്നുമാകരുത്, വളരെ കാഷ്വലായിട്ടൊരു വിഡിയോ. നിങ്ങൾക്കിഷ്ടപ്പെട്ട ബിയറിനെക്കുറിച്ചൊരു കുറിപ്പ്, അന്നേരം എടുത്ത ഫോട്ടോ തുടങ്ങിയവയും നൽകാൻ അവസരമുണ്ട്. മാർച്ച് 26 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. തിരഞ്ഞെടുക്കപ്പെട്ടാൽ ഇന്റർവ്യൂവിനു വിളിക്കും.

Representative Image

കൃത്യമായിപ്പറഞ്ഞാൽ ഫുൾടൈം സോഷ്യൽ മീഡിയ ശ്വസിച്ചു ജീവിക്കുന്നവർക്കായാണ് ഈ ജോലി. എത്രത്തോളം സോഷ്യൽ മീഡിയ അക്കൗണ്ടുകളുണ്ടോ അത്രയും നല്ലത്. നല്ലസ്സൽ സോഷ്യൽ മീഡിയ പോസ്റ്റിടുന്ന മിടുക്കരാണെങ്കിൽ നിങ്ങൾ ഇന്റേണ്‍ഷിപ്പിനു തൊട്ടടുത്തെത്തിയെന്നർഥം. എണ്ണിയാലൊടുങ്ങാത്ത കൂട്ടുകാരും ഫോളോവേഴ്സുമൊക്കെയുണ്ടെങ്കിൽ അതും പ്ലസ് പോയിന്റാണ്. അപേക്ഷകളെല്ലാം പരിശോധിച്ച് രണ്ടുഘട്ടത്തിലെ ഇന്റർവ്യൂവും കഴിഞ്ഞ് ഏപ്രിൽ 25ന് തിരഞ്ഞെടുക്കപ്പെട്ട ബിയർ സംഘം യാത്ര തുടങ്ങും. വേൾഡ് ഓഫ് ബിയർ കമ്പനി പറയുന്നതു പോലെ–കാഴ്ചയുടെയും പുത്തൻ അനുഭവങ്ങളുടെയും ലഹരി പതഞ്ഞൊഴുകുന്ന യാത്ര. സംഗതി ഒരൊന്നൊന്നര യാത്രയാകുമെന്നത് ഉറപ്പ്...