വൈ ദിസ് കോപ്പിയടി കോപ്പിയടി ഡീ - കൊക്കക്കോള!!!!

തമിഴ്ചിത്രം ത്രീ ഇറങ്ങിയപ്പോൾ സംഗീത സംവിധായകൻ അനിരുദ്ധ് പോലും ഓർത്തു കാണില്ല പ്രത്യേകിച്ച് അർത്ഥമോ അസാധാരണ സംഗീത മികവോ ഇല്ലാതെ പുറത്തിറങ്ങിയ വൈദിസ് കൊലവെറി എന്ന ഗാനം ഇത്രകണ്ട് ഹിറ്റാകുമെന്ന്. ഇതെന്തൊരു ഗാനം എന്നു പുരികം ചുളിച്ചവർ വരെ കൊലവെറി മൂളി നടന്നു. നിരാശാകാമുകനായി ധനുഷ് തകർത്തഭിനയിച്ചതുപോലെ പല കാമുകൻമാരും വൈ ദിസ് കൊലവെറി ഡീ പാടി നടക്കുകയും ചെയ്തിരുന്നു. സോംഗ് മേക്കിങ് വീഡിയോ മുതൽ ബോളിവുഡ് ഗായകൻ സോനു നിഗത്തിന്റെ മകൻ കൊഞ്ചൽ വിടാതെ പാടിയ കൊലവെറി വേർഷൻ വരെ യൂട്യൂബിൽ ഹിറ്റായിരുന്നു. ഇപ്പോഴിതാ കടലും കടന്ന് കൊക്കക്കോള കമ്പനിയിൽ വരെ എത്തിനിൽക്കുകയാണ് വൈ ദിസ് കൊലവെറിയുടെ പ്രചാരം. കൊക്കക്കോള പുതുതായി പുറത്തിറക്കിയ പരസ്യത്തിലാണ് കൊലവെറി ട്യൂൺ അടിച്ചുമാറ്റിയിരിക്കുന്നത്. തുർക്കി വരികളോടെയുള്ള കൊലവെറി സംഗീതം ഇതിനകം യൂട്യൂബിൽ കണ്ടത് ലക്ഷങ്ങളാണ്. കൊലവെറി ട്യൂൺ നേരത്തെ സേയ്ഡ് എന്ന പോപ്് സംഗീത ആൽബത്തിനു വേണ്ടി എടുത്തപ്പോൾ തന്നെ തുർക്കിയിൽ വൻഹിറ്റായിരുന്നു. ഇതാണ് പരസ്യത്തിനും അതേ സംഗീതം തന്നെ തിരഞ്ഞെടുക്കാൻ കൊക്കക്കോള കമ്പനിയെ പ്രേരിപ്പിച്ചിരിക്കുന്നത്. ത്രീയ്ക്കു വേണ്ടി ധനുഷിന്റെ വരികൾക്ക് അനിരുദ്ധ് സംഗീതം നൽകി ധനുഷ് തന്നെ പാടി അഭിനയിച്ച ഗാനമാണ് വെെ ദിസ് കൊലവെറി. ഇനി തന്റെ സംഗീതം മോഷ്ടിച്ച കൊക്കക്കോളയ്ക്കതെിരെ അനിരുദ്ധ് കേസു കൊടുക്കുമോ ആവോ.. കണ്ടറിയാം.