കാഴ്ച്ചക്കാരെ സ്റ്റണ്ടാക്കി ബൈക്ക് സ്റ്റണ്ടിങ്

ബൈക്ക് പ്രേമികളായ യുവാക്കളുടെ നെഞ്ചിൽ ഇരമ്പലുണ്ടാക്കി രാജ്യാന്തര ബൈക്ക് നിർമ്മാതാക്കളായ കെ.ടി.എം, കോട്ടയം നെഹ്റു സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ബൈക്ക് സ്റ്റണ്ട് ഷോ ആരാധകരെ ത്രസിപ്പിച്ചു. പ്രഫഷണൽ സ്റ്റണ്ട് ടീമാണ് കെ.ടി.എം ഡ്യൂക്ക് ബൈക്കിൽ അഭ്യാസപ്രകടനങ്ങളുമായി കാണികളുടെ കണ്ണുതള്ളിച്ചത്.

മുൻവശം ഉയർത്തി ഡ്രൈവു ചെയ്യുന്ന വീലിങ്, പുറകുവശം ഉയർത്തി മുൻവീലിൽ ബൈക്ക് ഓടിക്കുന്ന സ്റ്റോപ്പീസ്, പിൻടയർസ്പിൻ ചെയ്യുന്ന ഡൗനോട്സ്, ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിനു മുകളിൽ എഴുന്നേറ്റ് കുരിശിൽ തറച്ചതുപോലെ നിൽക്കുന്ന അപകടം കൂടിയ ഇനമായ ക്രൈസ്റ്റ്, കോംപസ്, സ്കിച്ച് തുടങ്ങിയ ഇനങ്ങൾ കയ്യടിയോടെയാണ് ആരാധകർ സ്വീകരിച്ചത്. കെ.ടി.എം ബൈക്കുകൾ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടി ഒരുമണിക്കൂറോളം നീണ്ടു.

കഠിനമായ പരിശീലനവും അച്ചടക്കവുമാണ് ബൈക്ക് സ്റ്റണ്ടേഴ്സിന്റെ മുഖമുദ്ര. സംസ്ഥാനത്തെ പല കോളേജുകളിലും ഇവരെ അഭ്യാസപ്രകടനത്തിനായി ക്ഷണിക്കാറുണ്ട്. പൊതുനിരത്തിൽ വേഗപരിധി ലംഘിക്കില്ല എന്നു പ്രതിജ്ഞയടെുത്തവരാണ് ഇവർ. ഹെൽമറ്റ്, പാഡുകൾ തുടങ്ങിയ എല്ലാ സുരക്ഷാസംവിധാനങ്ങളും ഉപയോഗിച്ചേ പരിശീലനവും ഷോകളും ചെയ്യാറുള്ളു. കൃത്യമായ പരിശീലനത്തോടെയും സുരക്ഷാ ഉപകരണങ്ങൾ ഉപയോഗിച്ചും മാത്രം ചെയ്യണ്ടുന്ന ഒന്നാണ് ബൈക്ക് സ്റ്റണ്ടിങ്. ആവേശം മൂത്ത് എടുത്തുചാടി അപകടം വരുത്താതെ സൂക്ഷിക്കുക.