സെൽഫിയെടുക്കുന്നത് നിർത്ത് പിള്ളേരേ!

ഹാരി രാജകുമാരൻ കാൻബെറയിൽ കുട്ടികളുമായി സൗഹൃദം പങ്കുവയ്ക്കുന്നു

അഫ്ഗാനിസ്ഥാനിൽ ഹെലികോപ്ടറും പറത്തി യുദ്ധംചെയ്തു നടന്നപ്പോൾ ഹാരി രാജകുമാരൻ ജീവിതം കുറെ പഠിച്ചെന്നുവേണം കരുതാൻ. അല്ലെങ്കിൽപ്പിന്നെ, തനിക്കൊപ്പം സെൽഫിയെടുക്കാൻ വന്ന സുന്ദരിപ്പെൺകുട്ടിയുടെ ഹൃദയം തകർക്കേണ്ട കാര്യമുണ്ടോ! സെൽഫിയെടുക്കുന്നത് എനിക്കിഷ്ടമില്ല; വേണമെങ്കിൽ സാധാരണ ഫോട്ടോയെടുത്തോ എന്ന് പ്രിയപ്പെട്ട രാജകുമാരൻ അറത്തുമുറിച്ചു പറഞ്ഞു കളഞ്ഞല്ലോ!

ഒരുമാസം നീളുന്ന ഓസ്ട്രേലിയൻ സന്ദർശനത്തിനെത്തിയ ഹാരി രാജകുമാരൻ കാൻബെറയിൽവച്ചാണു കൗമാരക്കാർക്കു സൗജന്യ ഉപദേശം നൽകിയത്. സെൽഫി ഭ്രമത്തിൽനിന്നു മോചനംനേടാൻ ശ്രമിക്കണമെന്നായിരുന്നു ഹാരി, സ്മാർട്ട് ഫോൺ തലമുറയോടു പറഞ്ഞത്.

സെൽഫി ചീത്തയാണെന്ന രാജകുമാരന്റെ മഹദ്വചനം പുതുതലമുറ ശ്രദ്ധിക്കണമെന്നുപറഞ്ഞ് സമൂഹമാധ്യമ വിദഗ്ധരും രംഗത്തെത്തിയതോടെ സംഭവം ചൂടുപിടിച്ച മട്ടാണ്. ഇതിന്റെപേരിൽ ഇനി ഹാരിക്ക് എത്ര ആരാധകരെ നഷ്ടപ്പെടുമെന്നു കണ്ടറിയാം.