ബിക്കിനിയണിഞ്ഞെത്തിയാൽ ജോലി, ശരീരപ്രദർശനത്തിൽ സ്കൂൾ കുട്ടികൾ!

ഫ്ലൈറ്റ് അറ്റൻഡർ റിക്രൂട്മെന്റിൽ ബിക്കിനിയണിഞ്ഞു പോസ് ചെയ്യുന്ന പെൺകുട്ടികൾ

സിനിമയിലും സൗന്ദര്യ മത്സര വേദികളിലുമെല്ലാം ബിക്കിനിയില്‍ പോസു ചെയ്യുന്നത് നാം കണ്ടിട്ടുണ്ട്. എന്നാൽ ഒരു ജോലിയ്ക്കു വേണ്ടി ബിക്കിനി അണിയിച്ചാലോ? ജോലിയ്ക്കു വേണ്ടി സ്ത്രീയുടെ ആകാരവടിവുകൾ അപ്പാടെ അളന്നെടുക്കുമാറുള്ള ശരീരപ്രദർശനം നടന്നത് അങ്ങു ചൈനയിലാണ്. നേരത്തെ മുതൽ തന്നെ ലിംഗവിവേചനത്തിനും സ്ത്രീകളെ ചൂഷണം ചെയ്യുന്നതിനും പേരുകേട്ട ചൈനയിലെ ഏവിയേഷൻ മേഖല ഇത്തവണയും വിവാദത്തിലകപ്പെട്ടിരിക്കുകയാണ്. കാര്യം മറ്റൊന്നുമല്ല ഫ്ലൈറ്റ് അറ്റൻഡർമാരെ തിരഞ്ഞെടുക്കുവാൻ ബിക്കിനിയിൽ ശരീരപ്രദര്‍ശനം നടത്തിയിരിക്കുകയാണ് ഇവിടെ.

നോർത്ത് ഈസ്റ്റ് ചൈനയിലെ കിങ്ഡാവോയിലാണ് സംഭവം. മോഡലിംഗ് ഏജൻസിയായ ഓറിയന്റൽ ബ്യൂട്ടി സംഘടിപ്പിച്ച മത്സരത്തിൽ ഫാഷൻ, ഏവിയേഷൻ മേഖലകളിലെ പ്രമുഖർ വിധികർത്താക്കളായിരുന്നു. ബിക്കിനിയുൾപ്പെടെയുള്ള വ്യത്യസ്ത റൗണ്ടുകളിലായി ആയിരത്തോളം സ്കൂൾ പെൺകുട്ടികളാണ് പങ്കെടുത്തത്. അഞ്ചടി ആറിഞ്ച് ഉയരവും മെലിഞ്ഞൊതുങ്ങിയ ശരീരവും മനോഹരമായ ശബ്ദവും പാടുകളില്ലാത്ത ശരീരവും ആയിരിക്കണമെന്നതാണ് തിരഞ്ഞെടുപ്പിന്റെ മാനദണ്ഡങ്ങൾ. അതിനിടെ ബിക്കിനിയും ശരീര പ്രദര്‍ശനവും അടിസ്ഥാനമാക്കി വനിതാ ഫ്ലൈറ്റ് അറ്റൻഡർമാരെ നിയമിക്കുന്നതിനെതിരെ വിമർശനങ്ങൾ ഉയരുന്നുണ്ട്.