മഴയത്ത് വീഴാതിരിക്കാൻ 8 കാര്യങ്ങൾ

കത്തുന്ന വേനലിനു ശേഷമെത്തുന്ന മഴ നമുക്കെല്ലാം ആഘോഷമാണ്. എന്നാൽ സൗന്ദര്യസംരക്ഷകർക്ക് മഴക്കാലം അത്ര സുഖകരമായ കാലാവസ്ഥ അല്ല. കരുതി ഇരുന്നില്ലെങ്കിൽ രോഗങ്ങൾ പിടിപെടാനുള്ള സാധ്യത കൂടുതലാണ്. കഴിക്കുന്ന ഭക്ഷണത്തിൽ മാത്രമല്ല ധരിക്കുന്ന ചെരുപ്പുകളിൽ പോലും ഈ സമയത്ത് ശ്രദ്ധ വേണം. ഉപയോഗിക്കുന്ന ചെരുപ്പ് ശരിയല്ലെങ്കിൽ വഴുതി വീഴാനുള്ള സാധ്യത മാത്രമല്ല ബാക്ടീരിയ ഫംഗസ് എന്നിവ മൂലമുണ്ടാകുന്ന ഇൻഫെക്ഷനും സാധ്യത ഉണ്ട്. ചെരുപ്പ് വാങ്ങുമ്പോഴും ധരിക്കുമ്പോഴും ശ്രദ്ധിക്കേണ്ട 8 കാര്യങ്ങൾ ഇതാ.

1.തെന്നി വീഴാൻ സാധ്യത ഇല്ലാത്ത റബ്ബർ, അല്ലെങ്കിൽ പിവിസി നിർമിതമായ ചെരുപ്പുകൾ ഉപയോഗിക്കുക. ഇവ എളുപ്പം വൃത്തിയാക്കാമെന്നതിനൊപ്പം ഇൗർപ്പം നിലനിർത്താത്തതുമാണ്.

2.പൂർണ്ണമായി പ്ലാസ്റ്റിക്കിൽ നിർമ്മിച്ച പദരക്ഷകൾ ഉപയോഗിക്കുക. കുറഞ്ഞ വിലയിൽ ലഭിക്കുന്ന പ്ലാസ്റ്റിക് ചെരുപ്പുകൾ കനത്ത മഴയത്തും ഉപയോഗിക്കാം

3.ട്രെൻഡ് ലവേഴ്സിന് വ്യത്യസ്ത സ്റ്റൈലുകളിലും പ്ലാസ്റ്റിക് ചെരുപ്പുകൾ ലഭിക്കും.

4.മഴക്കാലത്ത് വള്ളിയോടു കൂടിയ മെതിയടികൾ വാങ്ങാൻ ശ്രദ്ധിക്കുക. ഇവ കാലുകൾക്ക് പിടുത്തം നൽകും. ഗ്രിപ്പുള്ള മെതിയടികളാണ് കൂടുതൽ യോജ്യം.

5.മഴക്കാലത്ത് ഹൈ ഹീൽസിനോട് ഗുഡ്ബൈ പറയുന്നതാകും നല്ലത്. ഫ്ലാറ്റ് ചെരുപ്പുകളാണ് ഇക്കാലത്ത് കാലുകൾക്ക് നല്ലത്.

6.ലെതർ ചെരുപ്പുകളും മഴക്കാലത്ത് ഉത്തമമല്ല. ലെതർ ചെരുപ്പുകളിൽ ഈർപ്പം നിന്ന് ബാക്ടീരിയ ഫംഗസ് മുതലായവ വളരാനുള്ള സാധ്യത ഉണ്ട്. ലെതർ ചെരുപ്പുകൾക്ക് പകരം വാട്ടർ പ്രൂഫ് ഷൂ ഉപയോഗിക്കാം. വാട്ടർ പ്രൂഫ് ലെതർ ചെരുപ്പുകളും ലഭ്യമാണ്.

7.സ്പോർട്സ് ഷൂ ക്യാൻവാസ് ഷൂ എന്നിവ കഴിവതും ഉപയോഗിക്കാതിരിക്കുക. ഇവയുടെ ഉപയോഗവും ഇൻഫെക്ഷന് കാരണമാകും.

8.നനഞ്ഞ പാദരക്ഷകൾ ഷൂ റാക്കിൽ സൂക്ഷിക്കാതിരിക്കുക. ഇത് ബാക്ടീരയയുടെ വളർച്ചയ്ക്ക് ഇടയാക്കും. ചെരുപ്പുകൾ കഴിവതും സൂര്യപ്രകാശത്തിൽ ഉണക്കി സൂക്ഷിക്കുക.