റാംപിൽ മലയാളിത്തമെഴുതി സുന്ദരി മങ്കമാർ

മെട്രോ മനോരമ, സ്വസ്തി ഫൗണ്ടേഷൻ, സരസ്വതി വിദ്യാലയ, കെടിഡിസി, ആംവേ, എസിവി, ക്യാപ്പിറ്റൽ വാട്ടർ ടാങ്ക് എന്നിവ സംയുക്തമായി നടത്തിയ മലയാളിമങ്ക മത്സരത്തിൽ പങ്കെടുത്തവർ ചിത്രം– മനോജ് ചേമഞ്ചേരി

ഹൈ ഹീൽസിനും ക്യാറ്റ് വോക്കിനും അവർ അവധി കൊടുത്തു. സെറ്റുസാരിയുടുത്തു മുല്ലപ്പൂ ചൂടി സുന്ദരികൾ റാംപിലെത്തിയപ്പോൾ കണ്ടത് അന്നനടയുടെ സൗന്ദര്യം. വിധികർത്താക്കളെയും കാണികളെയും ഒരുപോലെ വിസ്മയിപ്പിച്ചു മലയാളി മങ്കമാർ റാംപിൽ സൗന്ദര്യത്തിന്റെ കേരളപ്പെരുമ വിരിയിച്ചു. മെട്രോ മനോരമ, സ്വസ്തി ഫൗണ്ടേഷൻ, സരസ്വതി വിദ്യാലയ, കെടിഡിസി, ആംവേ, എസിവി, ക്യാപ്പിറ്റൽ വാട്ടർ ടാങ്ക് എന്നിവ സംയുക്തമായി ഒരുക്കുന്ന പൊന്നോണക്കാലം ആഘോഷത്തിന്റെ ഭാഗമായിരുന്നു മലയാളിമങ്കയെ തിരഞ്ഞെടുക്കൽ.

തലസ്ഥാനത്തിന്റെ സുന്ദരിപ്പട്ടം കൊതിച്ചു നൂറിലധികം സുന്ദരികളാണ് ആദ്യ റൗണ്ടിൽ മാറ്റുരച്ചത്. വിദ്യാർഥികൾ, ഐടി– എൻജിനീയറിങ് ഉദ്യോഗസ്ഥർ, അധ്യാപികമാർ, വീട്ടമ്മമാർ എന്നങ്ങനെ വിവിധ മേഖലകളിലുള്ള സ്ത്രീകൾ സൗന്ദര്യപ്പോരാട്ടത്തിനിറങ്ങി. മലയാളത്തനിമയ്ക്കും കേരളീയ സൗന്ദര്യത്തിനും പുറമെ ആത്മവിശ്വാസം, ചോദ്യങ്ങൾ നേരിടാനുള്ള കഴിവ് തുട​ങ്ങിയവയും പരിഗണിച്ചായിരുന്നു വിധിനിർണയം.

കെടിഡിസി ചെയമാൻ വിജയൻ തോമസ് മുഖ്യാതിഥിയായി. സരസ്വതി വിദ്യാലയം പേട്രൻ ജി. രാജ്മോഹൻ, എസിവി വൈസ് പ്രസിഡന്റ് കോശി മാത്യു, സ്വസ്തി ജനറൽ സെക്രട്ടറി എബി ജോർജ്, ആംവേ കേരള ഹെഡ് സുരേഷ്, മുൻ ഐജി ഗോപിനാഥ് വി. കാർത്യായനി, ഡോ. സോണിയ ഫിറോസ്, ഡിംപിൾ മോഹൻ എന്നിവർ ചേർന്ന് സമ്മാനങ്ങൾ വിതരണം ചെയ്തു. പ്രോഗ്രം സ്പോൺസർ ചെയ്തത് ആംവേയുടെ ആറ്റിറ്റ്യൂഡ് ബ്രാൻഡാണ്.