Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇവൾ തന്നെ കറുത്ത മുത്ത്!

Mompy Pompy

ഒരു കളിപ്പാട്ടക്കടയിൽ കയറി എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെയെല്ലാം വെളുത്തു തുടുത്ത പാവക്കുട്ടികളെയേ കാണാൻ സാധിക്കൂ. കുട്ടികൾക്കാണെങ്കിലാകട്ടെ ബാർബിപ്പാവകളെ മാത്രം മതി. പക്ഷേ ദക്ഷിണാഫ്രിക്കയിൽ ബാർബിയ്ക്കൊന്നും ഇപ്പോൾ വലിയ വിലയില്ല. തങ്ങളുടെ സ്വന്തം അനിയത്തിയെപ്പോലെ സുന്ദരിയായ ഒരു പാവക്കുട്ടിയാണിപ്പോൾ ആ രാജ്യത്തെ താരം. കക്ഷിയുടെ പേര് മോംപി എംപോപ്പി. ഇത്രയും നാൾ ആഫ്രിക്കയുടെ തനതുവസ്ത്രങ്ങളുമണിഞ്ഞെത്തിയ കറുത്ത പാവക്കുട്ടികളെയെല്ലാം തട്ടിൻപുറത്തേയ്ക്കു കയറ്റിവിട്ടാണ് മോപിപ്പാവ താരമായത്. കാരണം, മോംപി ആൾ സ്റ്റൈലിഷാണ്. ഏറ്റവും പുതിയ ഫാഷനിലുള്ള വസ്ത്രങ്ങളേ അണിയൂ. തലമുടിയിൽ പോലും ആഫ്രിക്കയുടെ ലേറ്റസ്റ്റ് സ്റ്റൈൽ.

മോംപിപ്പാവ താരമായതോടെ ദക്ഷിണാഫ്രിക്കയിലെ കുട്ടികളുടെ സൗന്ദര്യസങ്കൽപം പോലും മാറിപ്പോയെന്ന് വിദഗ്ധർ പറയുന്നു. ആഫ്രിക്കയിൽ പലതരം പാവകളിറങ്ങാറുണ്ട്. പക്ഷേ അവയൊന്നും കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന രൂപത്തിലുള്ളതായിരുന്നില്ല. മാത്രവുമല്ല കറുത്ത നിറത്തിലുള്ള ബാർബിപ്പാവകൾ ഇപ്പോഴേ ലഭ്യമാണ്. പക്ഷേ അവയ്ക്കൊന്നും ആഫ്രിക്കൻ ലുക്കുമില്ല. ഇതുകണ്ടാണ് മയ്തെ മേക്കൊബ എന്ന ഇരുപത്തിയാറുകാരി ചൈൽഡിഷ് ട്രേഡിങ് ആൻഡ് മാനുഫാക്ചറിങ് എന്നു പേരിട്ട് 2013ൽ ഒരു ചെറുകിട സംരംഭം തുടങ്ങിയത്.

ചൈനയിൽ നിന്ന് ഭാഗങ്ങളെല്ലാം കൃത്യമായി കൂട്ടിച്ചേർത്ത് പാവക്കുട്ടികളെ ഇറക്കുമതി ചെയ്യും. ഈ പാവകൾക്കെല്ലാം ആഫ്രിക്കൻ സ്റ്റൈലിലുള്ള പുതുപുത്തൻ ഉടുപ്പുകളും ഹെയർസ്റ്റൈലുമൊക്കെ ഒരുക്കി സുന്ദരിയാക്കുകയെന്നതാണ് മയ്തെയുടെയും സംഘത്തിന്റെയും ജോലി. ജൊഹന്നാസ്ബർഗിലെ രണ്ട് മുറികളുള്ള കൊച്ചുവീട്ടിലാണ് കുട്ടികൾക്കായുള്ള ഈ സുന്ദരിമാരൊരുങ്ങുന്നത്. ഓരോരുത്തർക്കും ആഫ്രിക്കൻ സ്റ്റൈലിലുള്ള കിടിലൻ പേരുകളുമുണ്ട്–ഡെനിം ഡംഗാരി ഡെലിഷ്യസ്, റോക്ക് സ്റ്റാർ ടുട്ടു, മൊഹാക്ക് ഫ്രോ, സെഷ്വഷ്വെ ഫാബുലസ് എന്നിങ്ങനെ. സാധാരണക്കാർക്കു പോലും വാങ്ങാവുന്ന വിധത്തിലാണ് പല പാവക്കുട്ടികളുടെയും വിലയും.

പാവക്കുട്ടികൾ ധരിച്ചിരിക്കുന്ന അതേ നിറത്തിലുള്ള വസ്ത്രങ്ങൾ അത് വാങ്ങുന്ന കുട്ടികൾക്കായി തയ്ച്ചു കൊടുക്കുകയും ചെയ്യുന്നുണ്ട് മയ്തെ. കറുപ്പിനും തിങ്ങിനിറഞ്ഞ ആഫ്രിക്കൻ സ്റ്റൈൽ ചുരുളൻ മുടിയ്ക്കും അതിന്റേതായ സൗന്ദര്യമുണ്ടെന്ന് കുട്ടികളെ പഠിപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും മയ്തെ പറയുന്നു. എംപോപ്പി പാവ സ്റ്റാറായതോടെ തങ്ങളുടെ ശ്രമം വിജയം കണ്ടതിന്റെ സന്തോഷത്തിലാണിവർ. പക്ഷേ വെളുത്ത പാവക്കുട്ടികളെ പൂർണമായൊന്നും ഇവർ കുട്ടികളിൽ നിന്നകറ്റുന്നില്ല. കാരണം സ്കൂളിലും മറ്റും പാശ്ചാത്യരാജ്യങ്ങളിലെ ഒട്ടേറെ കുട്ടികൾ പഠിക്കുന്നുണ്ട്.

അവരോടൊപ്പം കളിക്കുന്നതിനൊപ്പം മോംപിപ്പാവയിലൂടെ ജീവിതത്തിലും ഒരുഗ്രൻ പാഠം പഠിപ്പിക്കുകയാണ് മയ്തെ–സൗന്ദര്യമെന്നാൽ വെളുപ്പ് മാത്രമല്ലെന്ന നല്ല പാഠം. വമ്പൻ കമ്പനികളൊന്നും പക്ഷേ ഇപ്പോഴും മോപിയെ വിൽക്കാൻ തയാറായിട്ടില്ല. എങ്കിലും ഫെയ്സ്ബുക്കിലൂടെയും മറ്റും ഒട്ടേറെ പേരാണ് ഈ പാവകളെ അന്വേഷിച്ചെത്തുന്നത്. തങ്ങളുടെ മക്കളുടെ അതേ രൂപത്തിലുള്ള പാവക്കുട്ടികളെ സമ്മാനിക്കുമ്പോൾ അവരുടെ മുഖത്ത് തെളിയുന്ന സന്തോഷം ജീവിതത്തിലൊരിക്കലും മറക്കാനാകില്ലെന്നു പറയുന്നു മോംപിയെ വാങ്ങിയ ഓരോ മാതാപിതാക്കളും.