വില്യം രാജകുമാരനെ വഴക്കുപറയുന്ന എലിസബത്ത് രാഞ്ജി, വിഡിയോ വൈറൽ!

പ്രായമെത്ര ആയാലും അമ്മൂമ്മമാർക്ക് കൊച്ചുമക്കൾ എപ്പോളും കുഞ്ഞുങ്ങളാണ‍്. തെറ്റ് കാണിച്ചാൽ അവർ കൊച്ചുമക്കളെ ശിക്ഷിക്കും അതിപ്പോൾ വില്യം രാജകുമാരനായാലും ശരി, എലിസബത്ത് രാഞ്ജി വില്യം രാജകുമാരനെ വഴക്കുപറയുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൻപ്രചാരം നേടിയിരിക്കുകയാണ്. സാധാരണ അമ്മൂമ്മമാർ വഴക്കുപറ‍ഞ്ഞാൽ കൊച്ചുമക്കൾ പെട്ടെന്ന് അനുസരിക്കും, അപ്പോൾ അമ്മൂമ്മ രാഞ്ജിയാണെങ്കിലോ അനുസരണ അൽപം കൂടുന്നത് സ്വാഭാവികം അല്ലേ?

വില്യം രാജകുമാരന് 34 വയസ്സായി, രണ്ട് മക്കളുടെ അച്ഛനാണ്,  ഭാവിയില്‍ ബ്രിട്ടന്റെ രാജാവുമായേക്കാം, പക്ഷേ എലിസബത്ത് രാഞ്ജിക്ക് വില്യം ഇന്നും കുഞ്ഞുതന്നെയാണെന്ന് ഈ വിഡിയോ പറയാതെ പറയും.

എലിസബത്ത് രാജ്ഞിയുടെ പിറന്നാളാഘോഷത്തിന് ബക്കിംഗ്ഹാം കൊട്ടാരത്തിന്റെ ബാൽക്കണിയിൽ യുദ്ധവിമാനങ്ങളുടെ പരേഡ്‌ വീക്ഷിക്കുന്നതിനിടെയാണ് രസകരമായ ഈ സംഭവം നടന്നത്. രാജകുടുബാംഗങ്ങളെല്ലാവരും ബാൽക്കണിയിലുണ്ടായിരുന്നു. ഓരോരോ കുസൃതികാണിച്ചു നിന്ന കുഞ്ഞു ജോർജിനോട് എന്തോ പറയാനാണ് പാവം വില്യം മുട്ടിൻമേൽ നിന്നത്.

പിറകിൽ നിന്ന് ഹാരിയും കൂടി അവരുടെ വർത്തമാനത്തിന്. അച്ഛനും മോനും വർത്തമാനം പറയുന്നത് അടുത്തു നിന്ന എലിസബത്ത് രാഞ്ജി ശ്രദ്ധിക്കുന്നത് കാണാം.

അല്പ നേരമൊക്കെ രാഞ്ജി ക്ഷമിച്ചു, പിന്നെ ഗ്ളൗസിട്ട കൈകൊണ്ട് വില്യമിനെ തോണ്ടി വിളിച്ച് എഴുന്നേറ്റ് നിൽക്കാൻ പറയുകയായിരുന്നു. ഞൊടിയിടയിൽ അനുസരണയുള്ള കുട്ടിയായി വില്യം നിവർന്നു നില്‍ക്കുന്നതും കാണാം. വഴക്കിൽ നിന്നും രക്ഷപെട്ടെന്ന ഭാവത്തിൽ ചെറുചിരിയുമായി നിൽക്കുന്ന ഹാരിയും കാഴ്ചക്കാർക്ക് കൗതുകമായി.