Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സെക്യൂരിറ്റി ജീവിതത്തിന് എന്ത് സെക്യൂരിറ്റി?

Security

ലീവോ!’ ഈ ജോലിയിൽ അങ്ങനൊരു സംവിധാനമേയില്ല. ഒരു ദിവസം അവധിയെടുത്താൽ ആ ദിവസത്തെ ശമ്പളം പോകും, അത്രതന്നെ.’ വാണിജ്യ സ്ഥാപനങ്ങൾക്കു സെക്യൂരിറ്റി ജീവനക്കാരെ ഏർപ്പാട‍ാക്കി നൽകുന്ന പല ഏജൻസികളും ജീവനക്കാരോടു സ്ഥിരമായി പ്രഖ്യാപിക്കുന്ന നയങ്ങളിലൊന്നാണിത്. ഗേറ്റ‍ുകളിൽ ജോലി ചെയ്യുന്നവർക്ക് കസേര നൽകാതെ 10 മണിക്കൂർ നിർത്തി ജോലിചെയ്യിക്കുക, ഒരു മാസം മുഴുവൻ ലീവില്ലാതെ ജോലി ചെയ്താലും ആറായിരം രൂപപോലും തികച്ചുകൊടുക്കാതിരിക്കുക, യൂണിഫോം വൃത്തിയല്ലെങ്കിൽ പിഴ ഈടാക്കുക... ഇങ്ങനെ പോകുന്നു സെക്യൂരിറ്റി ജീവനക്കാരുടെ തൊഴിൽ സുരക്ഷിതത്വം.

ഇതിനെതിരെ പ്രതികരിച്ചാലോ? പിറ്റേന്നു മുതൽ വരേണ്ടെന്നു മുഖത്തടിച്ചു പറയും. ചന്ദ്രബോസിന്റെ മരണത്തിനു തങ്ങളുടെ അവസ്ഥയിൽ ഒരുമാറ്റവും സൃഷ്ടിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ഒരുകൂട്ടം സെക്യൂരിറ്റി ജീവനക്കാർ പറയുന്നു. ചന്ദ്രബോസ് മോഡല‍ിൽ സെക്യൂരിറ്റി ജീവനക്കാരനെ ഇരിങ്ങാലക്കുടയിൽ കാറിടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചതു തന്നെ ഉദാഹരണം. ഇതൊക്കെ കണ്ടിട്ടും കാണാതിരിക്കുന്ന തൊഴിൽ വകുപ്പ് അധികൃതരുടെ സമക്ഷത്തേക്കു ചില അരക്ഷിത കഥകളിതാ.

∙ശമ്പളമല്ല, കൂലി

പ്രതിമാസം 10,000 രൂപ അടിസ്ഥാന ശമ്പളമായി ന‍ിശ്ചയിച്ചാണ് പല ഏജൻസികളും സെക്യൂരിറ്റി ജീവനക്കാരെ വാണിജ്യ സ്ഥാപനങ്ങൾക്കു വിട്ടുനൽകുന്നത്. എന്നാൽ, ജീവനക്കാർക്കു നൽകുന്നതു 6000 മുതൽ 8000 വരെ മാത്രവും. ഇതും മാസാദ്യം കൃത്യമായി കൊടുക്കില്ല. പലവട്ടം ചോദിച്ചു പിന്നാലെ നടക്കുമ്പോൾ ഗഡുക്കളായി കൊടുക്കും.

∙പണിക്കുറവില്ല, പണിക്കൂലിയുമില്ല

പണിക്കൂലിയില്ല, പണിക്കൊട്ടു കുറവുമില്ല എന്നതാണ് പലയിടത്തെയും സ്ഥിതി. രാവിലെ എട്ടുമുതൽ വൈകിട്ട് ആറുവരെയാണ് ആദ്യ ഡ്യൂട്ടി. വൈകിട്ട് ആറു മുതൽ രാവിലെ എട്ടുവരെ രണ്ടാം ഡ്യൂട്ടിയും. രണ്ടിനും ഒരേ ശമ്പളം തന്നെ. മഴകനത്താൽ കയറിയിരിക്കാൻ ഇടമുണ്ടാകില്ല. കുട ചൂടിയിരിക്കണം. ശരീരം മരവിച്ചുപോകും. പ്രാഥമിക കാര്യങ്ങൾ നിർവഹിക്കാൻ ഇടമില്ല. കൊതുകുകടി കൊള്ളണം. ഭക്ഷണം പോലും വരാന്തയിലും പുറത്തുമിരുന്നു കഴിക്കേണ്ടിവരും.

∙നിൽപ്പുസമരം

ചില സ്ഥാപനങ്ങളുടെ ഗേറ്റിൽ ജോലി ചെയ്യുന്ന സെക്യൂരിറ്റി ജീവനക്കാർക്കു സൂപ്പർവൈസർമാർ നൽകുന്നൊരു പണിയുണ്ട്. കസേര കൊടുക്കില്ല. ഭക്ഷണത്തിന്റെ ഇടവേളയൊഴിച്ചാൽ 10 മണിക്കൂർ ഒരേനിൽപ്പ് നിൽക്കേണ്ടിവരും. ഇരുന്നാൽ കൃത്യവിലോപമെന്നു പറഞ്ഞു നടപടിയെടുക്കും. ജോലിക്കിടയിൽ ഉറങ്ങുന്നുണ്ടോ എന്നു രഹസ്യപരിശോധന പോലുമുണ്ട്.

∙ലീവെന്ന വാക്ക് മിണ്ടിപ്പോകരുത്

സെക്യൂരിറ്റി ജീവനക്കാരോടു പല ഏജൻസികളും ആദ്യമേ പറയുന്നൊരു കാര്യമുണ്ട്. നിങ്ങൾക്കു മാസശമ്പളമായിരിക്കും, പക്ഷേ ലീവെടുത്താൽ ആ ദിവസത്തെ കൂലി നഷ്ടപ്പെടും. തിരുവോണത്തിനും ക്രിസ്മസിനുമൊക്കെ ഇങ്ങനെ തുച്ഛവേതനത്തിൽ ജോലി ചെയ്യണം. ജീവനക്കാർക്ക് അതത് ഏജൻസികൾ സ്വന്തം പരസ്യം പതിച്ച യൂണിഫോം വിതരണം ചെയ്യാറുണ്ട്. പക്ഷേ, ഈ യൂണിഫോമിന്റെ വില അവരുടെ ശമ്പളത്തിൽ നിന്നീടാക്കും.

∙തൊഴിൽ വകുപ്പ് കാണുന്നില്ല

ഒരുതരത്തിലുമുള്ള തൊഴിൽ സുരക്ഷിതത്വം ഇല്ലാത്തവരാണ് സെക്യൂരിറ്റി ജീവനക്കാർ. ഇൻഷുറൻസ് പോലുമ‍ില്ലാതെയാണ് ജോലി. കടുത്ത അരക്ഷിതത്വം മൂലം വലയുമ്പോഴും ഇവരുടെ സംരക്ഷണത്തിനായി തൊഴിൽ വകുപ്പ് ഒന്നും ചെയ്യുന്നില്ലെന്നാണ് പലരുടെയും പരാതി. സെക്യൂരിറ്റി ജീവനക്കാർക്കു നേരെ തുടരുന്ന ആക്രമണം തന്നെ ഉദാഹരണം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.