100-ാം വയസ്സിൽ നോറ മുത്തശ്ശിക്ക് വിവാഹം; സാക്ഷിയായി കൊച്ചുമക്കളും

100–ാം വയസ്സിൽ തന്റെ പ്രിയതമനെ വിവാഹം ചെയ്ത് മുത്തശ്ശി. 74 കാരനായ മാൽകം യീറ്റ്സിനെയാണ് നോറ മുത്തശ്ശി വിവാഹം ചെയ്തത്. വെയ്‌ൽസിലെ ഡെൻബിഗ്ഷെയറിൽ നിന്നാണ് ഈ വിവാഹവിശേഷം. മുപ്പതുവർഷം ഒന്നിച്ച് ജീവിച്ചശേഷമായിരുന്നു നോറ മുത്തശ്ശിയും മാൽകവും  വിവാഹിതരായത്. 

ഒരു സ്കൂളിലെ പാചകകാരിയായിരുന്നു നോറ മുത്തശ്ശി. മുൻപ് രണ്ടു തവണ വിവാഹിതയായെങ്കിലും വൈധവ്യം നോറയെ തേടിയെത്തി.  1980 കളിലാണ് ബസ് ഡ്രൈവറായിരുന്ന മാൽകത്തിനെ നോറ പരിചയപ്പെടുന്നത്. പിന്നീടങ്ങോട്ട് ഇരുവരും പരസ്പരം തണലായി. സഹായിച്ചും സ്നേഹിച്ചും 30 വർഷങ്ങൾ.

ഈ വര്‍ഷം ആരംഭത്തിലാണ് മാൽകം നമുക്ക് വിവാഹിതരായി കൂടെ എന്നു ചോദിച്ചത്. നൂറാം വയസ്സിലും നോറ മുത്തശ്ശിയുടെ മുഖത്ത് നാണം വിരിഞ്ഞു. ഒടുവിൽ മക്കളെയും കൊച്ചുമക്കളെയും സാക്ഷിയാക്കി ഒക്ടോബർ 18ന് വീട്ടിൽവെച്ച് ഇരുവരും വിവാഹിതരായി. 

കയ്യിൽ ബൊക്കെ പിടിച്ച് തലയിൽ ഹെയർബാന്റ് അണിഞ്ഞ് സുന്ദരിയായി വീൽചെയറിലിരുന്ന് നോറ മുത്തശ്ശി വന്നു. പ്രായത്തിനുമപ്പുറം നിലയുറപ്പിച്ച പ്രണയത്തെ ചേർത്തു പിടിച്ച് ബന്ധുക്കളെയും സുഹൃത്തുക്കളെയും സാക്ഷിയാക്കി മാൽകം നോറയുടെ വിരലുകളിൽ മോതിരം അണിയിച്ചു, നോറ തിരിച്ചും. അവിസ്മരണീയമായ ഒരു വിവാഹം. നോറയിൽ നിന്ന് മിസിസ് യീറ്റസ് ആയുള്ള മാറ്റം. പിന്നീട്  നവമിഥുനങ്ങൾ പരസ്പരം സ്നേഹചുംബനം നൽകി. കണ്ണുനീരണിഞ്ഞാണ് ബന്ധുക്കളിൽ പലരും ഇൗ വിവാഹത്തിനു സാക്ഷികളായത്. 

വളരെ സന്തോഷകരമായ നിമിഷമാണെന്നും താനൊരു ഇരുപതുകാരനാ‌ണെന്നു തോന്നുന്നതായും മാൽകം പ്രതികരിച്ചു. ഇതിൽ കൂടുതലായി മാൽകത്തിന് ഒന്നും തരാനാകില്ലെന്നും അദ്ദേഹമില്ലാതെ തനിക്ക് ഒന്നും ചെയ്യാനാവില്ലെന്നായിരുന്നു നോറ മുത്തശ്ശി പറഞ്ഞത്. മുത്തശ്ശിവിവാഹം ലോകം മുഴുവൻ വൈറലാണ്. നൂറാം വയസ്സിൽ സുമംഗലിയായ നോറയെ ആശംസകൾകൊണ്ടു പൊതിയുകയാണ് സമൂഹമാധ്യമങ്ങൾ.