' സസ്പെൻസ് ആയി ഇരിക്കട്ടെ ആ ലവേഴ്സ് കോണർ '

ഫാത്തിമ കോളജിൽ അവസാനമായി പോയത് നാലുവർഷം മുൻപാണ്. ഞാൻ പഠിച്ചുകൊണ്ടിരുന്നപ്പോ ക്യാംപസിലുണ്ടായിരുന്ന പല ഇടങ്ങളും മാറ്റം എത്തിനോക്കാത്തവണ്ണം ഇപ്പോഴുമുണ്ട്. ഇന്നത്തെ കോളജുകളുടെ അന്തരീഷമൊന്നുമായിരുന്നില്ല അന്ന്.   ആൺകുട്ടികളും പെൺകുട്ടികളുമൊക്കെ തമ്മിൽ അധികം ഇടപഴകാറില്ല. ഒഴിവുസമയങ്ങളിൽ പെൺകുട്ടികൾ ക്വാഡ്രാംഗിളിലാണ് ഉണ്ടാവുക. അങ്ങോട്ടേക്ക് ആൺകുട്ടികൾക്കു കയറാനും പറ്റില്ല.   കോളജിന്റെ ഒരുവശത്തുള്ള മരങ്ങളുടെ ചുവടുകളും സിമന്റ് ബെഞ്ചുകളുമൊക്കെയായിരുന്നു ആൺകൂട്ടങ്ങളുടെ വിഹാരകേന്ദ്രങ്ങൾ. ഫുട്ബോൾ മൈതാനം ഒരിക്കലും മറക്കാൻ പറ്റില്ല. പലപ്പോഴും വലിയൊരു ആശ്വാസമായിരുന്നു എനിക്ക് ആ മൈതാനം. വിഷമം വരുമ്പോഴും ഏകാന്തത അലട്ടുമ്പോഴും ഞാൻ അവിടെ പോയി ഇരിക്കും. അന്നൊക്കെ മൈതാനത്ത് നല്ല പച്ചപ്പുല്ലാണ്. ഒപ്പം നല്ല തണുപ്പും. അതിൽ മുഖംപൊത്തി കുറേനേരമങ്ങ് കിടക്കും. 

കോളജ് കന്റീനായിരുന്നു മറ്റൊരു കേന്ദ്രം. ചോറ് കൊണ്ടുവരാത്ത ദിവസങ്ങളിലൊക്കെ കന്റീനിൽനിന്നു എന്തെങ്കിലുമൊക്കെ കഴിച്ചും കഴിച്ചെന്നു വരുത്തിയും ഞാൻ മുങ്ങും. കൂട്ടുകാരുടെ ഭക്ഷണം പങ്കിടാനൊന്നും അധികം നിൽക്കില്ല. ക്യാംപസിനകത്ത് അന്ന് ഒരു ലവേഴ്സ് കോർണറുണ്ട്. അധികമാർക്കും അറിയില്ല അത്. പ്രണയജോഡികൾ അവിടെവന്ന് ഇരിക്കുമെങ്കിലും സംസാരിക്കാനൊന്നും പറ്റില്ല. ഏതുസമയം വേണമെങ്കിലും റോസാരിയോ അച്ചൻ ചാടിവീഴാം. പരസ്പരം നോക്കിയിരുന്ന് കണ്ണുകൾക്കൊണ്ട് സംസാരിക്കും.  അച്ചൻ വരുമ്പോൾ അവിടിരിക്കുന്ന പിള്ളേരെല്ലാംകൂടി പലവഴിക്ക് ചിതറിയോടും. ആ ലവേഴ്സ് കോണർ എവിടെയാണെന്ന് ഞാൻ പറയില്ല. ഒരു സസ്പെൻസ് ആയി ഇരിക്കട്ടെ. ഒരിക്കൽക്കൂടി ആ ക്യാംപസിൽ ഞാൻ വരുന്നുണ്ട്. അന്ന് എല്ലാവർക്കുമായി ഞാൻ അതു കാണിച്ചു തരാം.

ക്യാംപസിന്റെ സ്വന്തം മുത്തശ്ശിമരം

ഫാത്തിമ മാതാ നാഷനൽ കോളജിനോളം പഴക്കമുണ്ട്, ക്യാംപസിനു നടുക്കു തണൽ വിരിച്ചു നിൽക്കുന്ന മുത്തശ്ശിമരത്തിന്. ഒഴിവുസമയങ്ങളിൽ കുട്ടികൾ കൂട്ടമായി ഇവിടെ തണൽ തേടിയെത്തും. പല സൗഹൃദങ്ങളും വളർന്നതും പന്തലിച്ചതുമൊക്കെ തേടിപ്പോയാൽ ഈ മുത്തശ്ശിമരത്തിന്റെ ചുവട്ടിലാവും എത്തുക. കുട്ടികൾ ഭക്ഷണം കഴിക്കുന്നതു മുതൽ വിവിധ പരിപാടികൾക്കുള്ള റിഹേഴ്സ‌ൽ നടത്തുന്നതുവരെ ഇതിന്റെ തണലുംപറ്റിയാണ്.

 പെൺകുട്ടികളുടെ വിഹാരകേന്ദ്രമാണ് ക്വാഡ്രാംഗിൾ. ക്യാംപസിനകത്ത് ആൺകുട്ടികൾക്കു പ്രവേശനമില്ലാത്ത ഏക ഇടം. ക്വാഡ്രാംഗിൾ ക്യാംപസിലെ റാണിമാർക്കു മാത്രമുള്ളതാണ്. അവർക്കു സ്വസ്ഥമായി ഇരിക്കാനും വിശ്രമിക്കാനും മരങ്ങളുടെ തണലും സിമന്റ് ബെഞ്ചുകളുമൊക്കെയുള്ള ഇടം. ഉച്ചഭക്ഷണം കഴിക്കാനും പ്രത്യേക സൗകര്യമുണ്ട്.

  

വിദ്യാർഥികളുടെ മറ്റൊരു വിഹാരകേന്ദ്രമാണു ‘പഞ്ചാരക്കല്ലുകൾ’. കുട്ടികൾക്ക് ഇരിക്കാനായി കെട്ടിയൊരുക്കിയിരിക്കുന്ന സിമന്റ് ബെഞ്ചുകളുടെ വിളിപ്പേര്. ഫുട്ബോൾ മൈതാനത്തിന്റെ സമീപവും ബാസ്കറ്റ് ബോൾ കോർട്ടിന്റെ അടുത്തും പ്രിൻസിപ്പൽ റൂമിന്റെ സമീപമുള്ള മരച്ചുവട്ടിലുമൊക്കെയാണു പഞ്ചാരക്കല്ലുകളുള്ളത്.