ജീവിതം മാറ്റിമറിച്ച ആ കത്ത്; ഉണ്ണി മുകുന്ദൻ വെളിപ്പെടുത്തുന്നു

unni-mukundan
SHARE

കൈനിറയെ ചിത്രങ്ങളുമായി ദക്ഷിണേന്ത്യ മുഴുവൻ ഓടി നടക്കുകയാണ് യുവാക്കളുടെ ‘മസിലളിയൻ’ ഉണ്ണി മുകുന്ദൻ. മലയാളിയുടെ ഈ ക്യൂട്ട് ആൻഡ് ഹാൻഡ്‌സം, പോയവർഷം അനുഷ്‌ക ഷെട്ടിയുടെ നായകനായി. ജൂനിയർ എൻടിആറിനും മോഹൻലാലിനുമൊപ്പം കിടിലൻ പ്രകടനം നടത്തി. പുതുവർഷത്തിൽ ‘കട്ടത്താടി’ ലുക്കിൽ നിവിൻ പോളിക്കൊപ്പമെത്തുന്ന ചിത്രം മിഖായേൽ റിലീസിനൊരുങ്ങുകയാണ്. പോരാത്തതിനു മമ്മൂട്ടിക്കൊപ്പം ‘മാമാങ്കം’. ഗുജറാത്തിൽ വളർന്ന ഈ മലയാളിപ്പയ്യൻ ഒറ്റ ദിവസംകൊണ്ട് നടനായതല്ല, ആഗ്രഹത്തിനു പിന്നാലെ കഠിനാധ്വാനം ചെയ്തു ചെയ്തു കീഴടക്കിയതാണ്. എങ്കിലും സിനിമയെന്ന ആഗ്രഹത്തിലേക്കു വഴിതിരിച്ച ഒരു സംഭവമുണ്ട്. ആ ട്വിസ്റ്റ് പങ്കുവയ്ക്കുകയാണ് ഉണ്ണി.

‘എന്റെ തീരുമാനങ്ങൾക്കെല്ലാം അച്ഛനും അമ്മയും ചേച്ചിയും പൂർണ പിന്തുണ നൽകിയിട്ടുണ്ട്. സിനിമയാണെന്റെ വഴിയെന്നു പ്ലസ് ടു കാലത്ത് തീരുമാനമെടുത്തപ്പോഴും അവരെതിരു നിന്നില്ല. ഗുജറാത്തിലായിരുന്നതിനാൽ മലയാളത്തിലെ നടൻമാരെ മാത്രമേ അറിയുമായിരുന്നുള്ളൂ. സംവിധായകരെയോ തിരക്കഥാകൃത്തുക്കളെയോ ടെക്‌നീഷ്യമാരെയോ ഒന്നും അറിയാനുള്ള മാർഗം അവിടെയായതിനാൽ പരിമിതമായിരുന്നു. മലയാളത്തിലൂടെ റൂട്ട് പിടിച്ച് ഹിന്ദിയിൽ കയറാനായിരുന്നു അന്നത്തെ ചിന്ത.സിനിമയെന്ന വഴി തീരുമാനിച്ചപ്പോൾ അച്ഛൻ പറഞ്ഞത് ഉണ്ണി ആരാണെന്നു പരിചയപ്പെടുത്തുന്ന ഒരു കത്തെഴുതാനാണ്. പഠിക്കാൻ അച്ഛനുണ്ടാക്കിത്തന്ന കുഞ്ഞു ഡെസ്‌കിലിരുന്ന് ഞാൻ തുറന്നങ്ങ് എഴുതി. അച്ഛൻ ആ കത്ത് റജിസ്‌ട്രേഡായി തിരക്കഥാകൃത്ത് ലോഹിതദാസിനയച്ചു. ലോഹിതദാസ് ആരാണെന്നോ അച്ഛൻ അദ്ദേഹത്തിനാണ് കത്തയച്ചതെന്നോ എനിക്കറിയില്ലായിരുന്നു. 

ഒരു ദിവസം വീട്ടിലെ ലാൻഡ് ഫോണിലേക്ക് ഒരു കോൾ വന്നു. ലോഹി സാറിന്റെ അസോഷ്യേറ്റാണ് വിളിച്ചത്. ഒരു മാസത്തിനകം സാർ വിളിക്കുമെന്നു പറഞ്ഞു. അച്ഛൻ വീട്ടിലെത്തിയപ്പോൾ ഫോൺ കോളിന്റെ കാര്യം പറഞ്ഞു. ആരാണ് ലോഹിതദാസ് എന്നും അദ്ദേഹത്തിന്റെ മഹത്വമെന്തെന്നും അച്ഛൻ ആവേശത്തോടെ വിവരിച്ചു. പിന്നത്തെ ദിനങ്ങൾ കാത്തിരപ്പിന്റേതായിരുന്നു.

ഇന്റർനെറ്റിലും കിട്ടാവുന്ന മാസികകളിലുമെല്ലാം തിരഞ്ഞ് അതിനകം ലോഹി സാറിനെ ഞാൻ ‘ഉൾക്കൊണ്ടിരുന്നു’. അദ്ദേഹം വിളിക്കുമെന്ന പ്രതീക്ഷ വല്ലാത്തൊരു എക്‌സൈറ്റ്‌മെന്റിൽ എത്തിച്ചു.

അക്കാലത്ത് എനിക്ക് കോൾ സെന്ററിൽ ജോലിയുണ്ടായിരുന്നു. രാത്രി വൈകി ഉറക്കം, രാവിലെ എഴുന്നേൽക്കാനും വൈകും. ഒരു ദിവസം രാവിലെ എട്ടരയ്ക്കാണ് ആറ്റുനോറ്റിരുന്ന കോൾ എത്തിയത്. ലോഹിതദാസ് സാർ എന്നെക്കുറിച്ചും എന്റെ ആഗ്രഹങ്ങളെക്കുറിച്ചുമൊക്കെ ചോദിച്ചു. ഉറക്കച്ചടവുളള ശബ്ദത്തിലായിരുന്നു മറുപടി. രാത്രി ജോലിയുള്ള കാര്യമൊക്കെ പറഞ്ഞു. സാർ എന്നെ നേരിൽ വിളിക്കുന്നതിനുള്ള പ്രധാന കാരണം, ഞാൻ സ്വന്തം കൈപ്പടയിലെഴുതിയ ബയോഡേറ്റയാണെന്നു പറഞ്ഞു. എല്ലാവരും കംപ്യൂട്ടറിൽ പ്രിന്റെടുക്കുമ്പോൾ, എഴുതാൻ കാണിച്ച ആത്മാർഥത അദ്ദേഹത്തെ ആകർഷിച്ചു. സിനിമയാണ് ലക്ഷ്യമെങ്കിൽ അതിനായി പൂർണമായും സമർപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഒരാൾ ഡോക്ടറാകാൻ ശ്രമിക്കുന്നതുപോലെ ആത്മാർഥമായി പ്രയത്‌നിക്കണം. സിനിമാ മോഹംപൂത്തുലഞ്ഞു നിന്നിരുന്നെങ്കിലും മുന്നോട്ടുള്ള ചാട്ടത്തിനുള്ള ലൈസൻസായത് സാറിന്റെ ആ വാക്കുകളും ആ ഫോൺ കോളും തന്ന ആത്മവിശ്വാസമാണ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YUVA
SHOW MORE
FROM ONMANORAMA