അഞ്ചു മിനിറ്റിൽ മോഹൻലാലും മമ്മൂട്ടിയും ക്യാൻവാസിൽ!

ഒലീദിന്റെ വര ‘തലതിരിഞ്ഞു’ തുടങ്ങിയിട്ട് അധികകാലമായില്ല. സിനിമാതാരങ്ങളെ പലരും ക്യാൻവാസിലാക്കിയിട്ടുണ്ടെങ്കിലും ചിത്രങ്ങൾ തലതിരിച്ചു വരച്ച് ‘മാജിക്’ കാണിക്കുന്നവർ കുറവാണ്. 

നിറക്കൂട്ടുകളും ബ്രഷുമായി മോഹൻലാലിന്റെയും മമ്മൂട്ടിയുടെയുമൊക്കെ ചിത്രങ്ങൾ ഒലീദ് വരച്ചു തുടങ്ങുമ്പോൾ ‘ഇതെന്തു വര’ എന്ന അദ്ഭുതത്തോടെയാവും ചുറ്റുമുള്ളവർ നിൽക്കുക. വര പൂർത്തിയായി കഴിഞ്ഞാണു ട്വിസ്റ്റ്. ക്യാൻവാസ് നേരെ തിരിച്ചു പിടിക്കുമ്പോൾ തലതിരിഞ്ഞ ചിത്രവും നേരെയാകുന്നു. 

കൊല്ലം ഫാത്തിമ മാതാ നാഷനൽ കോളജ് മൂന്നാംവർഷ ബിഎ ഇംഗ്ലിഷ് സാഹിത്യ വിദ്യാർഥിയായ എ.ആർ.ഒലീദ് ഖാനാണ് തലതിരിച്ച് ചിത്രങ്ങൾ വരച്ച് വ്യത്യസ്തനാകുന്നത്. ഒന്നാംവർഷ വിദ്യാർഥികളെ സ്വീകരിക്കാൻ കോളജിൽ സംഘടിപ്പിച്ച ചടങ്ങിലാണ് ഒലീദ് ആദ്യമായി ഇത്തരത്തിൽ ചിത്രം വരച്ചത്. അന്ന്, അഞ്ചുമിനിറ്റുകൊണ്ട് മോഹൻലാലിനെ ക്യാൻവാസിലാക്കി എല്ലാവരെയും ഞെട്ടിച്ചു.

പ്രഫ. പാർവതിയാണ് ഒലീദിന് ഈ ആശയം നൽകിയത്. പിന്നീട്, വിദേശികളായ ചിത്രകാരന്മാർ തലതിരിച്ചു ചിത്രം വരയ്ക്കുന്നത് യൂട്യൂബിൽ കണ്ട് പഠിച്ചു. അക്രിലിക്കിലാണു ചിത്രമെഴുത്ത്. ചിത്രരചന പഠിക്കണമെന്നാണു മോഹം. 

ശാസ്താംകോട്ട നാലുമുക്ക് സ്വദേശിയാണ് ഒലീദ് ഖാൻ. അബ്ദുൽ റഹീം, സാജിത റഹീം എന്നിവരാണു മാതാപിതാക്കൾ.