Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പറവൂരിന്റെ കുട്ടി കേരളത്തിന്റെ ബ്യൂട്ടി

prathibha-sai-miss-kerala-interview

മിസ് കേരള പട്ടം അലങ്കാരമായി ആദ്യം തലയിൽ ചൂടിയെങ്കിലും അത് ഒട്ടേറെ ഉത്തരവാദിത്തങ്ങൾ കൂടി ഏൽപിച്ചുതരുന്നുണ്ടെന്നു പറയുകയാണ് ഇത്തവണത്തെ കേരളത്തിന്റെ സൗന്ദര്യറാണി പ്രതിഭ സായി.

പ്രളയം ആകെ ദുരിതത്തിലാക്കിയ പറവൂരിൽ നിന്നാണു പ്രതിഭ വരുന്നത്. തന്റെ വീട്ടിലും വെള്ളം കയറിയിരുന്നു. ദുരിതത്തിന്റെ ഭീകരമുഖം കണ്ടവരാണു നാട്ടുകാർ. ഇത്രയുംനാൾ അവരിൽ ഒരാൾ മാത്രമായിരുന്നെങ്കിൽ ഇപ്പോൾ അവർക്കുവേണ്ടി എന്തെങ്കിലും ചെയ്യേണ്ടയാൾ എന്ന ഉത്തരവാദിത്തബോധം കൂടിയുണ്ടെന്നു പ്രതിഭ പറയുന്നു. ചേന്ദമംഗലത്തിനായും കൈത്തറിക്കായും എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. 

 പറവൂരിന്റെ കുട്ടി

ഞാൻ പൂർണമായി പറവൂരിന്റെ കുട്ടിയാണ്. പറവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു പ്ലസ് ടു. അതിനുശേഷം കുന്നുകര എംഇഎസ് കോളജിൽ എൻജിനീയറിങ്ങിനു ചേർന്നു. ഇപ്പോൾ രണ്ടാം വർഷം.

 ആദ്യ റാംപ്

ആദ്യമായി ഹൈഹീൽസ് ഉപയോഗിക്കുന്നതു മിസ് കേരള മത്സരത്തിനെത്തിയപ്പോഴാണ്. റാംപിലൂടെ നടക്കുന്നതും ആദ്യം. സ്റ്റേജുമായി ആകെയുള്ള പരിചയം കലോത്സവങ്ങളായിരുന്നു. സംസ്ഥാനതലത്തിൽ വരെ ഡാൻസ് ഇനങ്ങളിൽ മത്സരത്തിനു പോയിട്ടുണ്ട്. പക്ഷേ, ആ അനുഭവമല്ലല്ലോ ഇവിടെ വേണ്ടത്. നൃത്തം ചെയ്യുമ്പോൾ നാം വേറൊരു ക്യാരക്ടറായാണു സ്റ്റേജിൽ നിൽക്കുന്നത്. ഇവിടെ, നാം നമ്മളാകണം. ഒരാഴ്ചയിലേറെ നീണ്ട ഗ്രൂമിങ് നന്നായി സഹായിച്ചു.

 കൂട്ടത്തിലെ ചെറിയ കുട്ടി

22 മത്സരാർഥികളിൽ കുട്ടികളുടെ കാറ്റഗറിയിലായിരുന്നു ഞാൻ. കൂടുതൽ ആളുകളും പ്രഫഷനലുകളാണ്. ഡോക്ടർമാരും എൻജിനീയർമാരും ഡിസൈനർമാരും ബാങ്ക് ഉദ്യോഗസ്ഥരുമെല്ലാമുണ്ട്. വിവിധ സൗന്ദര്യ മത്സരങ്ങളിൽ പങ്കെടുത്ത് അനുഭവസമ്പത്തുള്ളവരുമുണ്ട്. എങ്കിലും ആത്മവിശ്വാസത്തോടെ ആദ്യാവസാനം ചുവടുവച്ചു. മിസ് കേരളയ്ക്കൊപ്പം മിസ് ബ്യൂട്ടിഫുൾ ഹെയർ ടൈറ്റിലും ലഭിച്ചു.

 അളക്കുന്നത് അറിവും ആത്മവിശ്വാസവും

അഴകിനൊപ്പം അറിവും ആത്മവിശ്വാസവുമളക്കുന്ന മത്സരം കൂടിയാണിത്. ചോദ്യങ്ങളെല്ലാം കടുപ്പമുള്ളവയായിരുന്നു. 

രാഷ്ട്രീയവും സമകാലിക വിഷയങ്ങളുമെല്ലാം ചോദ്യങ്ങളിലുണ്ടായിരുന്നു. ശബരിമല വിഷയത്തിൽ തുല്യതയ്ക്കൊപ്പമാണോ, പാരമ്പര്യത്തിനൊപ്പമാണോ എന്ന ചോദ്യം നേരിടേണ്ടിവന്നു. പാരമ്പര്യത്തിന്റെ പവിത്രതയെ ബഹുമാനിച്ചുകൊണ്ടു തുല്യതയ്ക്ക് ഒപ്പം നിൽക്കുന്നു എന്നായിരുന്നു ഉത്തരം.

 ഉത്തരവാദിത്തങ്ങൾ

മിസ് കേരള പട്ടം നേടി തിരിച്ചു നാട്ടിലെത്തിയപ്പോൾത്തന്നെ ആളുകൾക്കു തന്നെപ്പറ്റിയുള്ള കാഴ്ചപ്പാടുകളിൽ വന്ന വ്യത്യാസം തിരിച്ചറിഞ്ഞു. എന്റെ നാടിന് എന്നെ ആവശ്യമുള്ളിടത്തെല്ലാം ഉണ്ടാകുമെന്ന ഉറപ്പാണു നൽകാൻ കഴിയുന്നത്. ചേന്ദമംഗലം കൈത്തറി പഴയ പ്രതാപം വീണ്ടെടുക്കാനുള്ള പ്രയത്നത്തിലാണ്. 

കൈത്തറിയുടെ പ്രമോഷനായി ഞാനുമുണ്ടാകും. റാംപിലും ഇത്തവണ കൈത്തറി വസ്ത്രങ്ങൾക്കായിരുന്നു പ്രാധാന്യം. തിളങ്ങുന്ന ഡിസൈനർ വെയറുകളോ ഗൗണുകളോ ഒന്നും  ഒരു റൗണ്ടിലുമുണ്ടായില്ല.

 ഇനി ?

പഠനത്തിലാണു കൂടുതൽ ശ്രദ്ധ. നേവി ഉദ്യോഗസ്ഥയാകണമെന്നാണ് ആഗ്രഹം. സിനിമയിൽ നിന്നു നല്ല അവസരങ്ങൾ വന്നാൽ പരിഗണിക്കും.

 കുടുംബം

അച്ഛൻ പ്രകാശൻ നായർ സ്വകാര്യ കമ്പനിയിൽ ഉദ്യോഗസ്ഥനാണ്. അമ്മ ശോഭ വീട്ടമ്മ. ചേട്ടനുണ്ട് – പ്രശോഭ്. എൻജിനീയറിങ് കഴിഞ്ഞു.