ഇ–സിമ്മുമായി ആപ്പിൾ വാച്ച് സിരീസ് 3, ഓഫറിൽ വിൽക്കാൻ റിലയൻസ് ജിയോ

രാജ്യത്ത് ആദ്യമായി ജിയോ സ്റ്റോർ വഴി ആപ്പിൾ ഐഫോൺ വാച്ച് സീരിസ്- 3 എത്തുന്നു. സെല്ലുലാർ മോഡലാണ് വിപണിയിലെത്തുന്നത്. ഐഫോണിനൊപ്പം സ്വതന്ത്രമായി പ്രവർത്തിക്കുന്ന മോഡലാണ് ജിപിഎസും സെല്ലുലാർ കണക്ടിവിറ്റിയുമുള്ള ജിയോയുടെ 4G ആപ്പിൾ ഐഫോൺ വാച്ച് സീരിസ്-3. 

ഐഫോണിലുള്ള സിം കാർഡ് ഉപയോഗിച്ച് ഇ-സിമ്മായി പ്രവർത്തിക്കുന്ന ഐവാച്ച് വഴി കൊളുകൾ വിളിക്കുവാനും ടെക്സ്റ്റ് മെസേജുകൾ അയക്കുവാനും സ്വീകരിക്കുവാനും കഴിയും. ഐഫോൺ തൊട്ടടുത്ത് ഉണ്ടാകണമെന്ന ബുദ്ധിമുട്ടും സീരിസ്-3 മോഡലിന് ഇല്ലെന്നതാണ് പ്രത്യേകത. സെല്ല്യുലാർ വാച്ച് ഉപയോഗിക്കുന്നവർക്ക് തടസ്സമില്ലാതെ ആന്റിന, എൽടിഇ കണക്ടിവിറ്റി വഴി സേവനം ലഭിക്കുന്നതിനായി തികച്ചും സൗജന്യമായി ജിയോ എവെരിവെയർ കണക്ട് സംവിധാനവും ജിയോ ഒരുക്കിയിട്ടുണ്ട്. 

ജിയോ പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് വരിക്കാർക്ക് അധിക ചാർജ് നൽകാതെ തന്നെ നിലവിലുള്ള ഏതു പ്ലാൻ പ്രകാരവും ഐഫോണിലും സെല്ല്യുലാർ വാച്ചിലുമായി ഇരട്ട സേവനം ലഭ്യമാകും. ആപ്പിൾ ഐഫോൺ 6 മുതൽ മുകളിലേക്കുള്ള ഹാൻഡ്സെറ്റുകൾ ഉപയോഗിക്കുന്നവർ അവരുടെ ഐഫോണിലെ ജിയോ ഫോൺ ഐക്കൺ ഉപയോഗിച്ച് സെല്ലുലാർ വാച്ചുമായി പെയർ ചെയ്താൽ മാത്രം മതിയാകും. 

മെയ് 4 വെള്ളിയാഴ്ച മുതൽ ഉപഭോക്താക്കൾക്ക് www.jio.com എന്ന സൈറ്റിലൂടെ ഫോൺ ബുക്ക് ചെയ്യാം. മെയ് 11  മുതൽ റിലയൻസ് ഡിജിറ്റൽ, ജിയോ സ്റ്റോറുകൾ വഴിയും സെല്ലുലാർ വാച്ചുകൾ ലഭ്യമായിത്തുടങ്ങും.