ഇന്നലെവരെ സിനിമ, ഇന്നത്‌ യാഥാർത്ഥ്യം!

നെഞ്ചിൽ ചേർത്തു വെച്ചിരിക്കുന്ന ബാഡ്ജിൽ ഒന്നമർത്തിയിട്ട് അകലെയുള്ള ആളുകളുമായി അനായാസം സംസാരിക്കുന്ന കഥാപാത്രങ്ങളെ 'സ്റ്റാർ ട്രെക്ക്' സിനിമകളിൽ നമ്മൾ കണ്ടിട്ടുണ്ടാവും. അതൊക്കെ വെറും സിനിമയല്ലേ എന്ന് പറയാൻ വരട്ടെ. സേർച്ച്‌ എഞ്ചിൻ ഭീമനായ ഗൂഗിൾ ഈ കിടിലൻ ഗാഡ്ജെറ്റ് ഉടനെ പുറത്തിറക്കുകയാണ്. പ്രഖ്യാപനം മാത്രമല്ല, കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ ഗൂഗിൾ ഈ ഉപകരണത്തിന്റെ ആദ്യ രൂപം പുറത്തുവിടുകയും ചെയ്തു. വൃത്താകൃതിയിലുള്ള ഈ ഉപകരണത്തിൽ ബിൽറ്റ് ഇൻ മൈക്രോഫോണും ബ്ലൂടൂത്ത് പെയറിംഗ് സംവിധാനവും ഉണ്ടാവും. ഇതിലൂടെ ഒരു സ്മാർട്ട് ഫോണിലേക്ക് കണക്റ്റ് ചെയ്യാൻ സാധിക്കും. ഗൂഗിളിലെ ഉയർന്ന ജീവനക്കാരനായ അമിത് സിംഗാൾ ആണ് ആദ്യ രൂപം പുറത്തുവിട്ടത്. നെഞ്ചിൽ കുത്തിവെയ്ക്കുന്ന ഈ ബാഡ്ജിൽ ഒന്ന് അമർത്തിയാൽ ഉപകരണം പ്രവർത്തിക്കും.

വോയിസ് സേർച്ച്‌ തന്നെയാണ് പുതിയ ഉപകരണം കൊണ്ട് ഗൂഗിൾ ലക്ഷ്യം വെയ്ക്കുന്നതെന്ന് വ്യക്തം. ഉപയോക്താക്കൾ പുതിയ രീതിയിൽ ഗൂഗിൾ വോയിസ് സെർച്ചിനോട് എങ്ങനെ പ്രതികരിക്കുന്നു എന്ന് മനസ്സിലാക്കുക കൂടിയാണ് ലക്ഷ്യം. ഉപകരണത്തിന്റെ ഔട്ട്‌പുട്ട് ശബ്ദം ഓണ്‍ ബോർഡ് സ്പീക്കർ അല്ലെങ്കിൽ ഹെഡ് ഫോണ്‍ വഴി കേൾക്കാം. സ്വന്തം ഫോണ്‍ എടുക്കാതെ ഗൂഗിളിനോട് സംവദിക്കാൻ ഒരാളെ പ്രാപ്തനാക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്.

ഗൂഗിൾ വോയിസ് ബെയ്സ്ഡ് അസിസ്റ്റന്റ് സംവിധാനം അതിന്റെ എതിരാളികളെ പിന്നിലാക്കി ഇത്തരം പുതിയ നീക്കങ്ങളിലൂടെ മുന്നേറുകയാണ്. ഇനി മുതൽ നിങ്ങളുടെ സങ്കീർണ്ണമായ ചോദ്യങ്ങളുടെ മറുപടിയും ഗൂഗിളിന്റെ വോയിസ് സേർച്ച്‌ നല്കും. നിലവിൽ ഗൂഗിളിന്റെ വോയിസ് സേർച്ച്‌, ആപ്പിളിന്റെ സീറി, മൈക്രോസോഫ്റ്റിന്റെ കോർട്ടാന എന്നിവ തമ്മിൽ പൊരിഞ്ഞ മത്സരമാണ് നടക്കുന്നത്. ഉപയോക്താക്കളുടെ ആവശ്യം മനസ്സിലാക്കി കൃത്യമായി പ്രതികരിക്കുന്നതിൽ നിലവിൽ തന്നെ പേര് കേട്ട ഗൂഗിളിന്റെ വോയിസ് സേർച്ച്‌ പുതിയ മാറ്റത്തോടെ കൂടുതൽ കാര്യക്ഷാമമാകും. ഉപയോക്താക്കളുടെ ചോദ്യത്തിന് പിന്നിലുള്ള അർത്ഥതലങ്ങൾ കൃത്യമായി ഇനി മുതൽ ഗൂഗിൾ വോയിസ് സെർച്ച് മനസ്സിലാക്കും. സ്വാഭാവികമായ ഭാഷാരീതികളും സങ്കീർണ്ണമായ ചോദ്യങ്ങളും ഇനി ഗൂഗിളിനു ഒരു പ്രശ്നമേയല്ല.

വിവിധ സന്ദർഭങ്ങൾ മനസ്സിലാക്കി ഓരോ വാക്കുകളുടെയും അർത്ഥം മനസ്സിലാക്കി അതിനോട് പ്രതികരിക്കുന്ന രീതിയിലാണ് പുതിയ സംവിധാനം. "What ingredients were in a screwdriver? ( കോക്ക്ടെയിൽ)" എന്ന് ചോദിച്ചാൽ, നിങ്ങൾ ചോദിച്ചത് ഒരു പാനീയത്തെക്കുറിച്ചാണ് എന്നും മറിച്ച് ടൂൾ അല്ലെന്നും ഗൂഗിൾ മനസ്സിലാക്കും. സങ്കീർണ്ണമായ ചോദ്യങ്ങളും ഇനി മുതൽ ചോദിക്കാം. നീണ്ട ചോദ്യങ്ങൾ ആണെങ്കിൽ അതിനെ പലതായി മുറിച്ച് ആയിരിക്കും ഗൂഗിൾ ഇത് പരിശോധിക്കുക.