ആരാധകർ ഇടിച്ചു കയറി പ്രിസ്മ സെർവറുകൾ തകർന്നു

ഏറെ നാൾ കാത്തിരുന്ന് ഒടുവിൽ പ്രിസ്മയെ ആൻഡ്രോയ്ഡിൽ ലഭിച്ചതോടെ ആരാധകർ ഇടിച്ചു കയറി പ്രിസ്മ സെർവറുകൾ തകർന്നു. തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷം ബാൻഡ്‌വിഡ്ത് ലഭ്യമല്ലാത്തതിനാൽ പ്രിസ്മ ഏറെക്കുറെ പ്രവർത്തനരഹിതമാണ്. ഒരുപാട് ആളുകൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്നതിനാൽ സേവനം ലഭ്യമല്ല എന്ന സന്ദേശമാണ് ലഭിക്കുന്നത്.

സാധാരണ ചിത്രങ്ങളെ ഉന്നതനിലവാരമുള്ള കലാസൃഷ്ടികളാക്കി മാറ്റുന്ന മൊബൈൽ ആപ്ലിക്കേഷൻ പ്രിസ്മ കഴിഞ്ഞ ദിവസമാണ് ആൻഡ്രോയ്ഡിലും എത്തിയത്. ഐഫോൺ ഉപയോക്താക്കൾക്കു മാത്രം ലഭ്യമായിരുന്ന ആപ്പ് അതിന്റെ മികവുകൊണ്ട് ഏറെ ശ്രദ്ധനേടുകയും പ്രിസ്മ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തിരുന്നു. ഇനി ആൻഡ്രോയ്ഡിലും പ്രിസ്മ ഉപയോഗിച്ച് സാധാരണ ചിത്രങ്ങളെ അസാധരണമായ കലസൃഷ്ടികളാക്കി മാറ്റാം.

സൗജന്യമായി ഡൗൺലോഡ് ചെയ്യാവുന്ന ആപ്പിൽ പികാസോ ഉൾപ്പെടെയുള്ള ചിത്രകാരന്മാരുടെ രചനാശൈലിയും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുള്ള ഡിസൈൻ ന്യൂറൽ നെറ്റ്‌വർക്കുകളുമാണ് ഉപയോഗിക്കുന്നത്. ആൻഡ്രോയ്ഡിൽ പ്രിസ്മയുടെ നൂറുകണക്കിനു വ്യാജൻമാരുണ്ടെന്നതിനാൽ യഥാർഥ പ്രിസ്മ ഡൗൺലോഡ് ചെയ്യാൻ ആപ്പ് പബ്ലിഷർ Prisma Labs Inc ആണെന്നുറപ്പു വരുത്തുക.