മയക്കുമരുന്നിനു പകരം ത്രിഡി കണ്ണട

എല്‍‌എസ്ഡി എന്ന മയക്കുമരുന്നിന്റെ എല്ലാ അനുഭവങ്ങളും നൽകുന്ന പുതിയ ത്രിഡി കണ്ണട വികസിപ്പിച്ചെടുത്തു. സാങ്കേതിക വിദ്യകളുടെ സഹായത്തോടെയാണ് മയക്കുമരുന്നിന്റെ അനുഭവം നൽകുന്ന കണ്ണട രൂപകൽപന ചെയ്തിരിക്കുന്നത്. ഈ കണ്ണട വച്ചാല്‍ പിന്നെ മനസ്സ് മയക്കത്തിന്റെ ലോകത്തേക്ക് യാത്രയാകും.

ഹംഗറിക്കാരനായ ആർട്ടിസ്റ്റ് ബെന്‍സ്‌ അഗസ്‌റ്റനാണ് പുതിയ ത്രിഡി കണ്ണട വികസിപ്പിച്ചെടുത്തത്. കണ്ണടയുടെ ത്രിഡി ഫ്രെയിമിൽ വ്യത്യസ്‌ത മാതൃകയിലുള്ള ആറ്‌ ലെന്‍സുകള്‍ വിവിധ രീതികളില്‍ സജ്ജീകരിച്ചാണ് മയക്കത്തിന്റെ അനുഭവമുണ്ടാക്കുന്നത്. ലെൻസുകളിലൂടെ ചുവപ്പ്‌, പച്ച, നീല പ്രകാശം കടത്തിവിടുന്ന മാതൃകകളും ഉപയോഗിച്ചിട്ടുണ്ട്. ഈ നിറങ്ങൾ ഇടകലർത്തി കടത്തിവിടുമ്പോൾ മറ്റൊരു അനുഭവം ലഭിക്കും. ലെന്‍സുകളിലുളള സംവിധാനങ്ങൾ പ്രകാശത്തെ വിവിധ രീതികളില്‍ ഫില്‍റ്റര്‍ ചെയ്യുന്നതിലൂടെയാണ് ഇത് സാധ്യമാകുന്നത്.

'മൂഡ്‌' എന്ന പേരിലുള്ള ത്രിഡി കണ്ണടകള്‍ യാത്രകളിൽ ഉപയോഗിക്കാമെന്നാണ് നിർമ്മാതാക്കൾ അവകാശപ്പെടുന്നത്. പാട്ടു കേൾക്കുന്നതിനും പുറത്തേക്കു നോക്കിയിരിക്കുന്നതിനും പകരം ഈ കണ്ണട ഉപയോഗിച്ചാല്‍ യാത്ര ആസ്വദിക്കാനാകുമത്രെ.