Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അരികിൽ ഹൈബ്രിഡ്; ഓട്ടമൊബീൽ എൻജിനീയറിങ്ങിൽ വിപ്ലവം

HYbrid

2030 ആകുമ്പോഴേക്ക് ഇന്ത്യയിൽ വിൽക്കുന്ന വാഹനങ്ങളിൽ 30 ശതമാനമെങ്കിലും വൈദ്യുതിയിലോടുന്നവ (പൂർണ ഇലക്ട്രിക്) ആയിരിക്കണമെന്ന ആഗ്രഹം സർക്കാർ പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ, പെട്രോളിയം ഇന്ധന എൻജിനുകളും ഇലക്ട്രിക് മോട്ടറും ഉപയോഗിക്കുന്ന ഹൈബ്രിഡ് വാഹനങ്ങളുടേതാണു സമീപഭാവിയെന്നു വ്യവസായലോകം. നമ്മുടെ നാട്ടിലെ ഓട്ടമൊബീൽ എൻജിനീയറിങ്ങിന്റെ സ്വഭാവം മാറ്റിയെഴുതും ഹൈബ്രിഡ് സാങ്കേതികവിദ്യ.

വൈദ്യുതിയിലോടുന്ന കാറും ബസും സ്കൂട്ടറുമൊക്കെയാകും ഭാവിയിൽ നിരത്തുനിറയുക എന്നാണു വിശ്വാസം. മിക്ക രാജ്യങ്ങളും അതിനായി നിയമവും ചട്ടങ്ങളുമൊക്കെ തയാറാക്കിക്കൊണ്ടിരിക്കുന്നു. പക്ഷേ ആ ‘ഭാവി’ എത്ര ദൂരെയാണെന്ന കാര്യത്തിൽ ആശയക്കുഴപ്പമാണെങ്ങും. പെട്രോൾ, ഡീസൽ എൻജിനുകൾ പൂർണമായും ഉപേക്ഷിച്ച് വൈദ്യുത മോട്ടറുകളിലേക്കു ചേക്കേറാൻ വാഹനവ്യവസായത്തിനു കഴിയുമോ? ആ ജനപ്രിയ വാഹനങ്ങൾക്കുപകരം വളരെ ഉയർന്ന വില നൽകി വൈദ്യുത വാഹനം വാങ്ങാൻ ജനത്തിനു സാധിക്കുമോ? വൈദ്യുത വാഹനങ്ങൾക്കാവശ്യമായ വൈദ്യുതി നൽകാൻ നാടെങ്ങും ചാർജിങ് സ്റ്റേഷനുകൾ വരാൻ എത്ര കാലമെടുക്കും? ഡ്രൈവിങ്ങിനു ഹര‌മേകുന്ന കരുത്ത് വൈദ്യുതവാഹനങ്ങൾക്കുണ്ടാകുമോ? ചോദ്യങ്ങളുടെ നീണ്ട നിര. സാധാരണക്കാർ മാത്രമല്ല, ലോകത്തെ ഏറ്റവും പ്രമുഖ വ്യവസായങ്ങളിലൊന്നായ വാഹനവ്യവസായരംഗത്തെ വമ്പൻ കമ്പനികളൊക്കെ ഇവ ഉന്നയിക്കുന്നു. 

പൂർണമായും വൈദ്യുതിയിലോടുന്ന വാഹനം അഥവാ ‘ഇലക്ട്രിക്’ വാഹനം എന്നാണു യൂറോപ്പിലായാലും ഇന്ത്യയിലായാലും സർക്കാരുകൾ ലക്ഷ്യമിടുന്നതും പറയുന്നതും. പക്ഷേ വാഹനവ്യവസായം പറയുന്നതിങ്ങനെ–‘ഇലക്ട്രിക്’ അല്ല ‘ഇലക്ട്രിഫൈഡ്’ വാഹനമാണു പ്രതീക്ഷിക്കേണ്ടത്. വാഹനത്തിന് ഇന്ധനമായി വൈദ്യുതിയും ഉപയോഗിക്കും; വൈദ്യുതി മാത്രമേ ഉപയോഗിക്കൂ എന്നു വാശിയില്ല. 2030 ആകുമ്പോഴേക്ക് വൈദ്യുത വാഹനങ്ങളാകണം ഭൂരിപക്ഷം എന്നു പറയുമ്പോൾ, വൈദ്യുത മോട്ടറും ഒപ്പം പെട്രോൾ-ഡീസൽ എൻജിനുമുള്ള വാഹനങ്ങളാണു കൂടുതലായും പ്രതീക്ഷിക്കേണ്ടത്. ഈ, ഹൈബ്രിഡ് (hybrid) അഥവാ സങ്കര ഇന്ധനവാഹനങ്ങളുടെ പ്രാധാന്യം വളരെ വലുതാണെന്ന് വാഹനക്കമ്പനികൾ ഒരേ സ്വരത്തിൽ പറയുന്നു.  

ഇലക്ട്രിക് കുടുംബം

പൂർണമായും ബാറ്ററിയിലോടുന്ന വാഹനങ്ങൾ (Battery Electric Vehicles- BEV), സങ്കര ഇന്ധന വാഹനങ്ങൾ ( Hybrid Electric Vehicles- HEV), പ്ലഗിങ് പോയിന്റുകളിൽനിന്നു ചാർജ് ചെയ്യാവുന്ന ഹൈബ്രിഡ് വാഹനങ്ങൾ (Plug-in Hybrid Electric Vehicles- PHEV), ഹൈഡ്രജനിൽനിന്നു വൈദ്യുതിയുണ്ടാക്കി പ്രവർത്തിക്കുന്ന ഫ്യുവൽ സെൽ വാഹനങ്ങൾ (Fuel Cell Vehicle- FCV) എന്നിവയടങ്ങുന്നതാണ് ഇലക്ട്രിക് വാഹന കുടുംബം. ഏറ്റവും ‘ക്ലീൻ’ സാങ്കേതികവിദ്യയെങ്കിലും ഹൈഡ്രജൻ സെൽ പദ്ധതി കാറുകളും എസ്‌യുവികളും അടക്കമുള്ള ചെറുവാഹനങ്ങൾക്ക് അനുയോജ്യമല്ല. എന്നാൽ, ഭാവിയിൽ ദീർഘദൂര യാത്രയ്ക്കുള്ള വാണിജ്യ വാഹനങ്ങൾക്ക് ഹൈഡ്രജൻ ആകും ഇന്ധനം.

ഹൈബ്രിഡ് (HEV, PHEV)

HEVകൾക്ക് സാധാരണ പെട്രോൾ/ഡീസൽ എൻജിനും (ആന്തരികദഹന എൻജിൻ Internal Combustion Engine- IC എൻജിൻ) ബാറ്ററിയിൽനിന്നുള്ള വൈദ്യുതി ഉപയോഗിച്ചു പ്രവർത്തിക്കുന്ന മോട്ടറുമുണ്ട്. വാഹനത്തിന്റെ പ്രവർത്തനത്തിൽനിന്നുതന്നെ ബാറ്ററി ചാർജ് ആകും. പുറമെനിന്നുള്ള ചാർജിങ് ഇല്ല. സ്റ്റാർട്ടിങ്ങും കുറഞ്ഞ വേഗത്തിൽപ്പോകുന്നതുമടക്കം, ഇന്ധനം കൂടുതൽ വേണ്ടുന്ന സമയങ്ങളിൽ ബാറ്ററിയിൽനിന്നുള്ള ചാർജ് ഉപയോഗിക്കും. ഉയർന്ന വേഗത്തിൽ IC എൻജിൻ ഉപയോഗപ്പെടുത്തും. ബ്രേക് ചെയ്യുമ്പോഴൊക്കെ ബാറ്ററി ചാർജാകുകയും ചെയ്യും.

PHEV എന്ന പ്ലഗ്–ഇൻ ഹൈബ്രിഡിൽ പുറമേനിന്നുള്ള വൈദ്യുതി സ്വീകരിച്ച് ബാറ്ററി ചാർജ് ചെയ്യാനുള്ള സംവിധാനമുണ്ട്. ഇവയുടെ ബാറ്ററി സാധാരണ ഹൈബ്രിഡിലേതിനെക്കാൾ വലുതുമായിരിക്കും. അതുകൊണ്ടുതന്നെ കൂടുതൽ ദൂരം ബാറ്ററിയിൽ മാത്രം ഓടാനുമാവും. 

2 ശക്തിസ്രോതസ്സുകളുണ്ടെന്നതാണ് ഹൈബ്രിഡുകൾക്ക് ബാറ്ററി ഇലക്ട്രിക് വാഹനങ്ങളെ (BEV) അപേക്ഷിച്ചുള്ള മുഖ്യമേന്മ. ഇന്ധനക്ഷമത സാധാരണ വാഹനങ്ങളെക്കാൾ 50% വരെ കൂടുതൽ. മലിനീകരണം കുറവ്. പ്രകടനത്തിൽ കുറവില്ലതാനും. 

പൂർണ ബാറ്ററി വാഹനങ്ങൾക്കാകട്ടെ ഫുൾ ചാർജിൽ ഓടാവുന്ന ദൂരത്തിന്റെ പരിമതിയും ഇടയ്ക്കിടെ ചാർജിങ് നടത്താനുള്ള ബുദ്ധിമുട്ടും പ്രായോഗികത കുറയ്ക്കുന്നു. കുറഞ്ഞ ദൂരം പോകാനുള്ള ഇരുചക്ര– മുച്ചക്ര വാഹനങ്ങൾക്ക് പൂർണ ഇലക്ട്രിക് സംവിധാനം പ്രായോഗികമാണ്.

ഹൈബ്രിഡിലൂടെ ഇലക്ട്രിക്കിലേക്ക്

നിലവിൽ ലോകത്തെ മിക്ക വാഹന നിർമാതാക്കളും ഓരോ പൂർണ ഇലക്ട്രിക് കാർ മോഡൽ അവതരിപ്പിച്ച് വാർത്ത സൃഷ്ടിക്കുന്നുണ്ടെങ്കിലും അതിന്റെ മുഖ്യലക്ഷ്യം സർക്കാരുകളെ തൃപ്തിപ്പെടുത്തലാണ്. സമീപഭാവിയിൽ ഹൈബ്രിഡ് വാഹനങ്ങൾ പ്രോൽസാഹിപ്പിക്കുകയാണെങ്കിൽ ഇലക്ട്രിക് കാറുകൾക്കുള്ള ഘടകങ്ങളുടെ നിർമാണം വ്യാപകമാകുന്നതിനും ചാർജിങ് സൗകര്യമടക്കമുള്ള അടിസ്ഥാനസൗകര്യങ്ങൾ വ്യാപകമാകുന്നതിനുമൊക്കെ വഴിയൊരുങ്ങും. കാരണം, മോട്ടർ, ബാറ്ററി, പവർ ഇലക്ട്രോണിക്സ് എന്നീ ഘടകങ്ങൾ ഹൈബ്രിഡിലും ഇലക്ട്രിക്കിലും പൊതുവായുള്ളതാണ്. ഹൈബ്രിഡിൽ ഐസി എൻജിൻ (പെട്രോൾ–ഡീസൽ എൻജിൻ) കൂടി ഉണ്ടെന്നുമാത്രം.

ഇലക്ട്രിക് വാഹനങ്ങളുടെ ഏറ്റവും വിലയേറിയ ഘടകം ബാറ്ററിയാണ്. മൊത്തം നിർമാണച്ചെലവിന്റെ പകുതിയോളം വരും ഇത്. മൊബൈൽ ഫോണുകളിലേതിനു സമാനമായ ലിഥിയം– അയൺ ബാറ്ററിയാണ് ഇപ്പോൾ ഉപയോഗിക്കപ്പെടുന്നത്. ലോകത്ത് ആകെ ലഭ്യമാകുന്ന ലിഥിയം അയൺ ബാറ്ററികളിൽ 65% ചൈനയിൽനിന്നാണ്. ഇന്ത്യയിലേക്കാവശ്യമായ ബാറ്ററി പൂർണമായും ചൈനയിൽനിന്നെത്തുന്നു.

ഹൈബ്രിഡ് വാഹനങ്ങളിൽ ബാറ്ററി താരതമ്യേന ചെറുതുമതി എന്നതിനാൽ ഈ ചെലവ് കുറയും.

മോട്ടറിന്റെയും എൻജിന്റെയും ഉപയോഗ രീതിയിലെ വ്യത്യാസം മൂലം ഹൈബ്രിഡ് തന്നെ പല വിധത്തിലുണ്ട്.

വില

വൈദ്യുതവാഹനങ്ങളിൽ ഹൈബ്രിഡിനാണ് ഏറ്റവും വില കുറവ്. പ്ലഗ്–ഇൻ അതിനു മുകളിൽ. ബാറ്ററി വാഹനം ഏറ്റവും മുകളിൽ. ഈ നിരയിൽ ഹൈബ്രിഡിന് വില കുറവ് ആണെങ്കിലും സാധാരണ ഐസി എൻജിൻ വാഹനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഭീമമായ വിലക്കൂടുതലുണ്ട്. സർക്കാരിന്റെ സാമ്പത്തിക പ്രോൽസാഹനമില്ലാതെ വികസിത രാജ്യങ്ങളിൽപ്പോലും ഇവയൊന്നും വ്യാപകമാകുന്നില്ല. 

ഇന്ത്യയിൽ കഴിഞ്ഞ വർഷം ഹൈബ്രിഡ് വാഹനങ്ങൾക്കുള്ള  സബ്സിഡി സർക്കാർ എടുത്തുകളഞ്ഞതോടെ അത്തരം കാറുകളുടെ വിൽപന കുത്തനെ ഇടിഞ്ഞിരുന്നു.