തട്ടിപ്പിനും കുതിപ്പ്; പണമിടപാടുകാർ സൈബർ അധോലോക ഭീതിയിൽ

സാങ്കേതികവിദ്യകളിലൂടെ കുതിക്കാൻ ധനകാര്യലോകം തയാറെടുക്കുന്നത്രയോ അതിലേറെയോ വേഗത്തിൽ തട്ടിപ്പുകാരും തയാറെടുക്കുന്നുണ്ടെന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. സൈബർ ബാങ്കിങ്ങിന്റെ ഓരോ ചുവടുവയ്പും തകർക്കാനും വിവരങ്ങൾ ചോർത്തി പണം തട്ടാനും ഹാക്കർമാർ ശ്രമിക്കുന്നുണ്ട്. ഇലക്ട്രോണിക് പേയ്മെന്റ് സിസ്റ്റങ്ങളുടെ പ്രയോഗത്തിലൂടെ നാടിനുണ്ടാകുന്ന നേട്ടങ്ങൾ വിലയിരുത്തുന്ന വേളയിലൊക്കെ, സൈബർ ആക്രമണ സാധ്യതയെച്ചൊല്ലിയുള്ള ആശങ്കയും ഉയർന്നുവരാറുണ്ട്. സിഡ്നി സമ്മേളനത്തിലും സ്ഥിതി അതുതന്നെയായിരുന്നു. 

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രയോജനപ്പെടുത്തിയുള്ള സൈബർ സുരക്ഷാസംവിധാനങ്ങളൊക്കെയുണ്ടെങ്കിലും ഡാർക് വെബ് എന്നറിയപ്പെടുന്ന സൈബർ അധോലോകത്തിന്റെ ശക്തി കുറയുന്നില്ല. കഴിഞ്ഞ വർഷം സൈബർ കുറ്റകൃത്യങ്ങൾ ആഗോള ധനകാര്യരംഗത്തു വരുത്തിയ നഷ്ടം ഒരു ലങം കോടി ഡോളർ വരുമെന്ന് റഷ്യൻ സൈബർ സെക്യൂരിറ്റി വിദഗ്ധൻ ദ്മിത്രി സമർട്സേവ്.

ഓരോ ഇലക്ട്രോണിക് ഉപകരണവും സൈബർ കുറ്റവാളികളുടെ ആയുധമാകുന്ന കാലമാണു വരുന്നത്. രോഗബാധ ഒഴിവാക്കാൻ നമ്മൾ ആഹാരം കഴിക്കുന്നതിനുമുൻപ് കൈ വൃത്തിയാക്കാറുണ്ട്. എന്നാൽ അത്തരം നടപടികളൊന്നും ജനം സൈബർ സുരക്ഷയ്ക്കായി സ്വീകരിക്കുന്നില്ല– സമർടേവ് പറയുന്നു. സൈബർ ആക്രമണം തടയുന്ന കാര്യത്തിൽ രാജ്യാന്തര ഒരുമയൊന്നുമില്ല. 2001ൽ ബുഡാപെസ്റ്റ് കൺവൻഷനെത്തുടർന്നുണ്ടായ ഉടമ്പടി ഇന്ത്യ, റഷ്യ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങവൊന്നും അംഗീകരിച്ചിട്ടുമില്ല. രാജ്യത്തിന്റെ പരമാധികാരം ചോദ്യം ചെയ്യുന്നു എന്നതാണു എതിർപ്പിനു കാരണം. എല്ലാ സൈബർ സാങ്കേതികവിദ്യകളും ഗുണത്തിനും ദോഷത്തിനും ഉപയോഗിക്കാമെന്നതിനാൽ സുരക്ഷയുടെ കാര്യത്തിൽ ഇനിയുമേറെ മുന്നോട്ടുപോകേണ്ടതുണ്ട്.