ഇനി എന്തു പറഞ്ഞ് വിലക്കും ഈ ബീഫ്?

കശാപ്പിനായി കന്നുകാലികളെ കാലിച്ചന്തയിൽ വിൽക്കുന്നതു നിരോധിച്ച കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധം കത്തുകയാണ്. പാവം പശുവിനെയും ബീഫിനെയും മുന്നിൽ നിർത്തിയാണ് ഇന്ന് തിരഞ്ഞെടുപ്പു യുദ്ധത്തിൽ രാഷ്ട്രീയ പാർട്ടികളുടെയും നേതാക്കളുടെയും പോരാട്ടം. പശുവിനെ കൊന്ന് ഇറച്ചിയാക്കുന്ന കാര്യത്തിൽ എന്തഭിപ്രായം പറയുമെന്നാലോചിച്ച് രാഷ്ട്രീയപാർട്ടികൾക്കിടയിലും കനത്ത ഭിന്നത. വിശ്വാസത്തിന്റെ പേരിൽ നടക്കുന്ന ഇത്തരം ഏറ്റുമുട്ടലുകൾക്കിടയിലൂടെ എല്ലാറ്റിനുമൊരു പരിഹാരവുമായി ശാസ്ത്രം നേരത്തെ തന്നെ രംഗപ്രവേശനം നടത്തിയതാണ്.

പശുവിനെ കൊല്ലാതെ തന്നെ അതിന്റെ ഇറച്ചിയെടുത്ത് കഴിക്കാവുന്ന സംവിധാനമാണ് അണിയറയിലൊരുങ്ങുന്നത്. ഇക്കാര്യം നേരത്തെത്തന്നെ കണ്ടുപിടിച്ചതാണ്. പക്ഷേ ഇത് വാണിജ്യാടിസ്ഥാനത്തിൽ വിപണിയിൽ എത്താൻ പോകുകയാണ്. കൃത്രിമമാംസം കൊണ്ടു തയാറാക്കിയ ബർഗറുകളും മറ്റും ഉൽപ്പന്നങ്ങളും വിപണിയിലെത്തിക്കുമെന്നാണ് സിലിക്കൺ വാലിയിലെ ഫുഡ് സ്റ്റാർറ്റപ്പ് കമ്പനി അറിയിച്ചിരിക്കുന്നത്.

കോഴി, താറാവ്, ബീഫ് ഉൽപ്പന്നങ്ങളെല്ലാം വിപണിയിൽ എത്തിക്കും. എല്ലാം കൃത്രമ മാംസമെന്ന് പറയാം. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ സൂപ്പർ മാർക്കറ്റുകൾ വഴി വിതരണം ചെയ്യാനാണ് പദ്ധതി. 2021 –22 വർഷത്തോടെ ലോകത്തെ എല്ലാ വിപണികളിലും ഉൽപ്പന്നങ്ങൾ എത്തിക്കുമെന്ന് മെംഫിസ് മീറ്റ്സ് സ്ഥാപകൻ ഉമാ വലേറ്റി പറഞ്ഞു.

2013 ഓഗസ്റ്റിലാണ് ലോകത്തിലാദ്യമായി കൃത്രിമ മാംസം തയാറാക്കിയത്. നെതർലൻഡ്‌സിലെ മാസ്‌ട്രിച് യൂണിവേഴ്‌സിറ്റിയിലെ പ്രഫ.മാർക്ക് പോസ്റ്റാണ് പശുവിന്റെ മാംസപേശികളിലെ മൂലകോശങ്ങളിൽ നിന്ന് കൃത്രിമ മാംസം വികസിപ്പിച്ചെടുത്തത്. ഞരമ്പുകോശങ്ങളും അസ്‌ഥികളും പേശികളും ത്വക്കും ഹൃദയവും തലച്ചോറുമൊക്കെ രൂപപ്പെടാൻ ആവശ്യമായ പ്രാഥമിക കോശങ്ങളാണ് മൂലകോശങ്ങൾ എന്നറിയപ്പെടുന്നത്– മറ്റേതൊരു കോശവുമായി രൂപം മാറ്റാവുന്ന ഇവയ്ക്ക് വിത്തുകോശം എന്നും പേരുണ്ട്. നേരത്തെ കൃത്രിമ ത്വക്കും തലച്ചോറുമൊക്കെ മൂലകോശങ്ങളിൽ നിന്ന് വികസിപ്പിച്ചെടുത്തിട്ടുമുണ്ട്. 

ഒരു ബയോപ്സി പരിശോധനയ്ക്കിടെ, പശുവിനെ ഒരിറ്റുപോലും വേദനിപ്പിക്കാതെയാണ് ഗവേഷകർ മാംസപേശികളിൽ നിന്ന് മൂലകോശം വേർതിരിച്ചെടുത്തത്. അത്തരത്തിൽ വേർതിരിച്ചെടുത്ത വളരെ കുറച്ച് മൂലകോശങ്ങൾ പരീക്ഷണശാലയിൽ ആവശ്യത്തിന് ന്യൂട്രിയന്റുകളും വളർച്ചയെ ത്വരിതപ്പെടുത്തുന്ന മറ്റ് രാസവസ്തുക്കളുമൊക്കെ ചേർത്ത് ‘കൾചർ’ ചെയ്യാൻ വയ്ക്കുകയെന്നതാണ് ആദ്യപടി. അതോടെ മൂലകോശം വികസിക്കാനും എണ്ണത്തിൽ വർധിക്കാനും തുടങ്ങും. ഇത്തരത്തിൽ മൂന്നാഴ്ചക്കകം പത്തുലക്ഷത്തിലേറെ മൂലകോശങ്ങളാണ് രൂപപ്പെടുക. ഇത് ഒരു പ്രത്യേക പാത്രത്തിലേക്കു മാറ്റും. 

ഇത്തരത്തിൽ രൂപപ്പെടുത്തിയ മൂലകോശങ്ങളെല്ലാം ഒരു മസിൽ സ്ട്രിപ് പോലെ കൂട്ടിച്ചേർക്കും 10 ലക്ഷമെന്നൊക്കെ എണ്ണം പറയുമെങ്കിലും ഇതുവഴി രൂപപ്പെട്ട മാംസത്തുണ്ടിന് ഒരു സെന്റി മീറ്റർ നീളവും ഏതാനും മില്ലിമീറ്റർ കനവുമേ കാണുകയുള്ളൂ. ഇത്തരത്തിലുള്ള ലക്ഷക്കണക്കിന് ‘മസിൽ സ്ട്രിപ്പുകൾ’ പാളികളായി ചേർത്തു വച്ച് മാംസത്തിന്റെ നിറം നൽകി കൊഴുപ്പിനോടൊപ്പം ചേർക്കുന്നതോടെ കൃത്രിമ മാംസം റെഡി. ഇങ്ങനെ തയാറാക്കിയെടുത്ത 142 ഗ്രാം വരുന്ന മാംസം ഉപയോഗിച്ച് 2013ൽ മാധ്യമങ്ങൾക്കു മുന്നിൽ വച്ച് ബർഗറും തയാറാക്കി വിളമ്പി പ്രഫ.മാർക് പോസ്റ്റ്. പക്ഷേ ആ കൃത്രിമമാംസം സൃഷ്ടിച്ചെടുക്കാൻ വലിയ വില കൊടുക്കേണ്ടി വന്നു–അന്നു ചെലവായത് 2.15 ലക്ഷം പൗണ്ടായിരുന്നു. അതായത് ഏകദേശം 1.98 കോടി രൂപ!!

വാണിജ്യാടിസ്ഥാനത്തിൽ ഈ കൃത്രിമമാംസം തയാറാക്കാനായി ശ്രമിച്ചവരുടെ മുന്നിലെ പ്രധാന വെല്ലുവിളിയും ഈ ഉൽപാദനച്ചെലവായിരുന്നു. പക്ഷേ വളരെ ചെലവു കുറഞ്ഞ രീതിയിൽ തയാറാക്കിയ കൃത്രിമമാംസം അഞ്ചു വർഷത്തിനകം പുറത്തിറക്കുമെന്ന റിപ്പോർട്ടും വന്നുകഴിഞ്ഞു. കൂടുതൽ രുചികരവും എന്നാൽ വില കുറഞ്ഞതുമായ കൃത്രിമമാംസം തയാറാക്കി വിപണിയിലെത്തിക്കാൻ നിരവധി കമ്പനികൾ രംഗത്തുവരുന്നുണ്ട്. ഇതുസംബന്ധിച്ച ഗവേഷണത്തിനായി 25 ശാസ്ത്രജ്ഞരെയാണ് മോസ മീറ്റ് നിയമിച്ചിരുന്നത്. ഒട്ടേറെ പേർ ഇതിന് ധനസഹായവും നൽകി.

ആദ്യഘട്ടത്തിൽ കുറച്ച് ചെലവേറുമെങ്കിലും കൃത്രിമമാംസം കൊണ്ടുള്ള ബർഗർ ‘ക്ലച്ചു’ പിടിച്ചു കഴിഞ്ഞാൽ പിന്നെ പതിയെപ്പതിയെ വില താഴോട്ടെത്തുമെന്നും ഗവേഷകരുടെ ഉറപ്പ്. മൃഗങ്ങളെ കൊല്ലുന്നതിന്റെ പാപഭാരം ഭയന്ന് സസ്യഭുക്കായവർക്ക് പോലും ഈ മാംസം കഴിക്കാനാകുമെന്നാണ് നിർമാതാക്കളുടെ പരസ്യവാചകം. മാത്രവുമല്ല മൃഗങ്ങളെ വളർത്തിയെടുക്കാനുള്ള കഷ്ടപ്പാടും അതുവഴിയുണ്ടാകുന്ന സ്ഥല–ജല–ഊർജ നഷ്ടവുമെല്ലാം പരിഹരിക്കപ്പെടും. എന്നു കരുതി പരമ്പരാഗത ഫാമുകൾക്ക് ഒരുതരത്തിൽപ്പോലും ഇത് ഭീഷണിയാകുകയുമില്ലെന്നും ഗവേഷകർ പറയുന്നു. വിശ്വാസപരവും ശുചിത്വപരവുമായ എന്തു കാരണം പറഞ്ഞും മാംസാഹാരത്തെ തള്ളിപ്പറയുന്നവർക്കുള്ള മറുപടി കൂടിയായിരിക്കും ഈ സ്പെഷൽ ബർഗറെന്നും പീറ്ററിന്റെ വാക്കുകൾ. കാത്തിരിക്കാം, ഫ്രീസറിൽ സൂക്ഷിച്ചാലോ കറിവച്ചു കഴിച്ചാലോ ആരും കഴുത്തിനു പിടിയ്ക്കാൻ വരാത്ത തരം മാസം ഇവിടെയും ഒരു ദിവസമെത്തുന്നത്...