ലോകാവസാനം വരും; രക്ഷപ്പെടാനുള്ള വഴി ‘ചൊവ്വ’ മാത്രമെന്ന് ഇലോൺ മസ്ക്

ചൊവ്വയിലെ കോളനി ചിത്രകാരന്റെ ഭാവനയില്‍

‘വൈകാതെ തന്നെ ലോകം അവസാനിക്കും എന്ന തരത്തിലുള്ള പ്രവചനത്തിനൊന്നും ഞാൻ നിൽക്കുന്നില്ല. പക്ഷേ ചരിത്രം നോക്കുമ്പോൾ ഏതെങ്കിലും തരത്തിലുള്ള കൂട്ടനശീകരണം അനിവാര്യമാണ്. ആ വംശനാശത്തിൽ മനുഷ്യകുലവും ഇല്ലാതാകും. അത് സംഭവിക്കുമെന്നത് ഉറപ്പാണ്. അതിൽ നിന്നു രക്ഷപ്പെടാൻ ഒരൊറ്റ വഴിയേയുള്ളൂ, ഭൂമി കൂടാതെ മറ്റു ഗ്രഹങ്ങളിലും നാഗരികതകൾ കെട്ടിപ്പൊക്കുന്നതിനെപ്പറ്റി ഇപ്പോഴേ ചിന്തിച്ചു തുടങ്ങുക...’ ലോകത്തിലെ ആദ്യ സ്വകാര്യ ബഹിരാകാശ യാത്രാ സംരംഭകനും സ്പെയ്സ് എക്സ് കമ്പനി സിഇഒയുമായ ഇലോൺ മസ്കിന്റേതാണ് വാക്കുകൾ. 

താൻ ജീവിച്ചിരിക്കെത്തന്നെ ചൊവ്വാഗ്രഹത്തിൽ ഒരു കോളനി പണിയാനാകുമെന്നാണ് പ്രതീക്ഷയെന്നും ഇദ്ദേഹം പറയുന്നു. ചൊവ്വയിൽ കോളനി സ്ഥാപിക്കുന്നതു സംബന്ധിച്ച വ്യക്തമായ പഠനവും കഴിഞ്ഞ ദിവസം ഇലോൺ പ്രസിദ്ധീകരിച്ചു. ന്യൂ സ്പെയ്സ് ജേണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ എങ്ങനെ ചൊവ്വയിലേക്കു പോകാമെന്നും അവിടെ ഏതു തരം ഗൃഹങ്ങൾ സ്ഥാപിക്കാം എന്ന കാര്യത്തിലും ഉൾപ്പെടെ വിശദീകരണമുണ്ട്. ‘മേക്കിങ് ഹ്യൂമൻസ് എ മൾട്ടി-പ്ലാനറ്ററി സ്പീഷീസ്’ എന്നു പേരിട്ട റിപ്പോർട്ടിൽ പറയുന്ന കാര്യങ്ങളിങ്ങനെ: ഭൂമിക്ക് ലഭ്യമാകുന്നത്ര ഇല്ലെങ്കിലും മനുഷ്യവാസത്തിനാവശ്യമായ സൂര്യപ്രകാശം ചൊവ്വയിലുണ്ട്. തണുപ്പ് പക്ഷേ കൂടുതലാണ്, ഇതിന് അന്തരീക്ഷം ചൂടാക്കിയെടുക്കാവുന്നതേയുള്ളൂ. നമുക്ക് ഉപയോഗപ്പെടുത്താവുന്ന തരം അന്തരീക്ഷമാണ് ചൊവ്വയിലുള്ളത്. തുടക്കത്തിൽ കാർബൺ ഡൈ ഓക്സൈഡും നൈട്രജനുമെല്ലാമായിരിക്കും ഏറെയെങ്കിലും അതിനെ ‘കംപ്രസ്’ ചെയ്തെടുത്താൽ ചെടികൾ വരെ വളർത്തിയെടുക്കാം. യാത്രയ്ക്കാവശ്യമായ ചെലവിനെപ്പറ്റിയും ഇലോൺ പറയുന്നു. 

ഒരാൾക്ക് ഏകദേശം 10 ബില്യൺ ഡോളർ. ഇത് അസാധ്യമാണെന്ന കാര്യവും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. കൂടുതൽ ആൾക്കാർ വരുന്നതിനനുസരിച്ച് ചെലവു കുറയ്ക്കാമെന്നാണു വാഗ്ദാനം. മാത്രവുമല്ല നിർമാണാവശ്യങ്ങൾക്കായി ചൊവ്വയിലേക്ക് സാധനസാമഗ്രികൾ എത്തിക്കുന്നതിന്റെ ചെലവും താങ്ങാൻ സാധിക്കാത്തതാണ്. ഇതിനെല്ലാം ബദൽ മാർഗങ്ങൾ ആലോചിക്കേണ്ടതുണ്ട്. 115 ദിവസമാണ് ചൊവ്വയിലേക്ക് എത്തിച്ചേരുന്നതിനായി വേണ്ടി വരിക. സ്വയംപര്യാപ്തമായ ഒരു നഗരം ചൊവ്വയില്‍ സൃഷ്ടിക്കപ്പെടണമെങ്കിൽ 10 ലക്ഷം പേരെങ്കിലും താമസിക്കാനുണ്ടാകണം. അത്തരമൊരു നഗരം സ്ഥാപിക്കാനാകട്ടെ 40 മുതൽ 100 വർഷം വരെയെടുക്കും. ഇതിന് തുടക്കം കുറിക്കാനാകുമെന്ന പ്രതീക്ഷയും ഇലോണിനുണ്ട്. 

യാത്രക്കാരെ ചൊവ്വയിലെത്തിക്കാനുള്ള പേടകത്തിന്റെയും റോക്കറ്റിന്റെയും ഡിസൈനിനെപ്പറ്റിയും ചിത്രങ്ങൾ സഹിതം ഇലോൺ വിശദമാക്കുന്നു. പലതരത്തിലുള്ള ബഹിരാകാശ വാഹനങ്ങളുടെ ഡിസൈനുകളുമുണ്ട്. ചരിത്രം രണ്ട് വഴികളിലേക്കാണ് മനുഷ്യനെ നയിക്കുന്നതെന്നും ഇലോണ്‍ പറയുന്നു. അതിലൊന്നു പ്രകാരം ഭൂമിയിൽത്തന്നെ എന്നന്നേക്കുമായി തുടരുമെന്ന് പ്രതീക്ഷയുള്ളവരാണ്. മറ്റൊന്നാകട്ടെ ഏതുനിമിഷവും ലോകാവസാനം പ്രതീക്ഷിച്ചു ജീവിക്കുന്നവരും. രണ്ടാമത്തെ പക്ഷത്തിനൊപ്പമാണ് താനെന്നും ഇലോണിന്റെ വാക്കുകൾ. 

ചന്ദ്രനിൽ താമസിക്കാനുള്ള സൗകര്യം ഒരുക്കുന്നതിനുള്ള ഗവേഷണം നടത്തുന്നതിനെയും ഇലോൺ പ്രതിരോധിക്കുന്നുണ്ട്. അന്തരീക്ഷം പോലുമില്ലാത്ത അവിടെ എന്തു ചെയ്യാനാണെന്നാണ് അദ്ദേഹത്തിന്റെ ചോദ്യം.  മാത്രവുമല്ല ചൊവ്വയിൽ ലഭ്യമാകുന്നത്ര ധാതുവിഭവങ്ങൾ ചന്ദ്രനിലുണ്ടാകില്ലെന്നും ഇലോണിന്റെ നിരീക്ഷണം. യാത്രയ്ക്കിടയിൽ ഗ്രഹങ്ങളിലും ബഹിരാകാശത്തും ഇന്ധന സ്റ്റേഷനുകൾ വരെ സ്ഥാപിച്ച് ഒരിക്കൽ നാം സൗരയൂഥത്തെയും കീഴടക്കുമെന്ന പ്രതീക്ഷ പങ്കുവച്ചാണ് ഇലോണിന്റെ റിപ്പോർട്ട് അവസാനിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക്